പൃഥ്വിരാജിന്റെ ശബ്ദം അനുകരിച്ച് ക്ലബ് ഹൗസില്‍ വ്യാജന്റെ കബളിപ്പിക്കല്‍, താരങ്ങള്‍ക്ക് തലവേദന തീര്‍ത്ത് ഫേക്കുകള്‍ വിലസുന്നു

പൃഥ്വിരാജിന്റെ ശബ്ദം അനുകരിച്ച് ക്ലബ് ഹൗസില്‍ വ്യാജന്റെ കബളിപ്പിക്കല്‍, താരങ്ങള്‍ക്ക് തലവേദന തീര്‍ത്ത് ഫേക്കുകള്‍ വിലസുന്നു

ക്ലബ് ഹൗസില്‍ വീണ്ടും മലയാള സിനിമാ താരങ്ങളുടെ വ്യാജഅക്കൗണ്ടുകള്‍ വിലസുന്നു. താരങ്ങളുടെ ഒഫീഷ്യല്‍ അക്കൗണ്ട് എന്ന വ്യാജേനയാണ് ശബ്ദം ഉള്‍പ്പെടെ അനുകരിച്ച് വ്യാജ ഐഡികളുടെ ആളെ പറ്റിക്കല്‍.

പൃഥ്വിരാജിന്റെ ഇന്‍സറ്റഗ്രാം ഹാന്‍ഡില്‍ ആയ ദ റിയല്‍ പൃഥ്വി (thereal prithvi) എന്ന യൂസര്‍ നെയിമിലാണ് പുതിയൊരു വ്യാജന്‍ ഇന്ന് വൈകിട്ടോടെ ക്ലബ് ഹൗസില്‍ എത്തിയത്. പൃഥ്വിരാജ് എന്ന പേരില്‍ ഓപ്പണ്‍ ചെയ്ത റൂമിലേക്ക് ആയിരത്തോളം പേര്‍ എത്തിയതിന് പിന്നാലെ പൃഥ്വിരാജിന്റെ ശബ്ദം അനുകരിച്ച് വ്യാജന്‍ എമ്പുരാനെക്കുറിച്ചും മുരളി ഗോപിയെക്കുറിച്ചും പുതിയ പ്രൊജക്ടുകളെക്കുറിച്ചും വാചാലരായി. പൃഥ്വിയാണെന്ന് തെറ്റിദ്ധരിച്ച് സിനിമാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ രണ്ടായിരത്തിലേറെ പേര്‍ കേള്‍വിക്കാരായി എത്തി.

സ്പീക്കേഴ്‌സ് പാനലിലെത്തിയവരാണ് തട്ടിപ്പ് പൊളിച്ചത്. ശബ്ദം അനുകരിച്ച് കബളിപ്പിക്കുകയാണെന്ന സംശയം ഉയര്‍ത്തി ഫേക്ക് പ്രൊഫൈലിനെ ചോദ്യം ചെയ്‌തെങ്കിലും ഫേക്ക് ഐഡി തുടക്കത്തില്‍ പിടികൊടുത്തില്ല.

നടന്‍ വിനീത് വാസുദേവന്‍ സ്പീക്കര്‍ പാനലിലെത്തി ആളുകളെ കബളിപ്പിക്കുന്നത് അവസാനിപ്പിച്ച് പൃഥ്വിരാജ് സുകുമാരന്റെ പേരിലുള്ള വ്യാജ പ്രൊഫൈല്‍ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ശബ്ദത്തിലൂടെ മാത്രം ആളുകളോട് സംവദിക്കുന്ന സ്ഥലത്ത് ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നത് കുറ്റകൃത്യമാണെന്നും ക്ലബ് ഹൗസ് റൂമിലെത്തിയവര്‍ ഫേക്ക് ഐഡിയോടും മോഡറേറ്റര്‍മാരോടും ആവശ്യപ്പെട്ടു.

കൂട്ടുകാര്‍ ക്ഷണിച്ചതനുസരിച്ച് വന്നതാണെന്നും ക്ലബ് ഹൗസില്‍ പുതിയതാണെന്നുമാണ് ഫേക്ക് ഐഡിയുടെ വിശദീകരണം. പ്രൊഫൈലില്‍ പേരിന് താഴെയായി ഫേക്ക് ഐഡിയാണെന്ന് സൂചിപ്പിച്ചിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു.

പൃഥ്വിരാജ് സുകുമാരന്‍ ഇതുവരെ ക്ലബ് ഹൗസില്‍ ജോയിന്‍ ചെയ്തിട്ടില്ലെന്നും പൃഥ്വിയുടെ പേരില്‍ ഫോട്ടോയും ശബ്ദവും ഉപയോഗിച്ച് സംസാരിച്ചത് മിമിക്രി താരമാണെന്നും പൃഥ്വിരാജിന്റെ സോഷ്യല്‍ മീഡിയ മാനേജര്‍ വിപിന്‍ കുമാര്‍ ദ ക്യു'വിനോട് പറഞ്ഞു. പൃഥ്വിരാജിന്റേതെന്ന പേരില്‍ നിരവധി വ്യാജ അക്കൗണ്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പൃഥ്വിയുടെ ഇന്‍സ്റ്റഗ്രാം ഐഡി അതേ പേരില്‍ ഉപയോഗിച്ചാണ് മിമിക്രി താരം ഇന്ന് ആളുകളെ കബളിപ്പിച്ചതെന്നും വിപിന്‍ കുമാര്‍. ക്ലബ് ഹൗസിലെത്തുന്നവര്‍ വഞ്ചിക്കപ്പെടാന്‍ ഇടയാകരുതെന്നും വിപിന്‍.

തങ്ങളുടെ പേരിലുള്ള ഫേക്ക് ഐഡികളില്‍ പറ്റിക്കപ്പെടരുതെന്ന മുന്നറിയിപ്പുമായി ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, ജോജു ജോര്‍ജ്ജ്, നിവിന്‍ പോളി, ആസിഫലി എന്നിവര്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ടൊവിനോ തോമസ്, ജോജു ജോര്‍ജ്ജ് എന്നിവരുടെ ഫേക്ക് ഐഡികള്‍ യൂട്യൂബില്‍ നിന്നുള്ള വീഡിയോകളിലെ ശബ്ദം ഉപയോഗിച്ച് കഴിഞ്ഞ ആഴ്ച ക്ലബ് ഹൗസില്‍ ആളുകളെ വ്യാപകമായി പറ്റിച്ച സാഹചര്യവുമുണ്ടായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in