'ഈടെ ആടെ ഒന്നും ഈ ചിത്രത്തിലില്ല'; പഞ്ചവത്സര പദ്ധതിയിൽ കാസർ​ഗോഡ് ഭാഷയായിരിക്കില്ല തന്റേത് എന്ന് പി.പി കുഞ്ഞികൃഷ്ണൻ

'ഈടെ ആടെ ഒന്നും ഈ ചിത്രത്തിലില്ല'; പഞ്ചവത്സര പദ്ധതിയിൽ കാസർ​ഗോഡ് ഭാഷയായിരിക്കില്ല തന്റേത് എന്ന് പി.പി കുഞ്ഞികൃഷ്ണൻ

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് പി.പി കുഞ്ഞികൃഷ്ണൻ. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു ന്നാ താൻ കേസ് കൊട് . സിനിമയിൽ ജഡജിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് പി.പി കുഞ്ഞികൃഷ്ണനായിരുന്നു. അതിന് ശേഷം പ്രത്യക്ഷപ്പെട്ട ചിത്രങ്ങളിലും ഏകദേശം കാസർ​ഗോഡ് ഭാഷ കെെകാര്യം ചെയ്യുന്ന കഥാപാത്രമായാണ് കുഞ്ഞികൃഷ്ണൻ എത്തിയത്. എന്നാൽ പഞ്ചവത്സര പദ്ധതിയിൽ കാസർ​ഗോഡ് സ്ലാങ്ങായിരിക്കില്ല തന്റെ കഥാപാത്രത്തിന്റേത് എന്നും ബാലൻ ചേട്ടൻ എന്ന റിസോർട്ട് ഉടമയായ കഥാപാത്രത്തെയാണ് ചിത്രത്തിൽ താൻ‌ അവതരിപ്പിക്കുന്നത് എന്നും പി.പി കുഞ്ഞികൃഷ്ണൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു

പി.പി കുഞ്ഞികൃഷ്ണൻ പറഞ്ഞത്:

ഇതിൽ റിസോർട്ട് ഉടമ ബാലൻ ചേട്ടൻ എന്ന കഥാപാത്രമായിട്ടാണ് ഞാൻ എത്തുന്നത്. സിനിമയുടെ സംവിധായകൻ പ്രേംലാലും തിരക്കഥാകൃകത്ത് സജീവ് പാഴൂരും ഇതിന്റെ കഥ പറഞ്ഞപ്പോൾ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. അതുകൊണ്ടാണ് ഇതിൽ അഭിനയിക്കണം എന്ന് താൽപര്യം വന്നത്. അവർ എന്നെ ഇതിലേക്ക് അഭിനയിക്കാൻ വിളിച്ചതിലും എനിക്ക് സന്തോഷമുണ്ട്. ന്നാ താൻ കേസ് കൊട് എന്നത് കാസർ​ഗോഡ് സ്ലാങ്ങായിരുന്നു. മദനോത്സവത്തിലും ഏകദേശം അതേ സ്ലാങ്ങായിരുന്നു. ഈ സിനിമയുടെ പ്രത്യേകത എന്തെന്നാൽ ആ സ്ലാങ്ങേ അല്ല എനിക്ക് ഈ സിനിമയിൽ.

സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയമാണ് സിനിമയുടെ ഇതിവൃത്തമെന്ന് മുമ്പ് നടൻ സിജു വിൽസണും സൂചിപ്പിച്ചിരുന്നു. കിച്ചാപ്പൂസ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കെ.ജി.അനിൽകുമാർ നിർമിക്കുന്ന ചിത്രമാണ് പഞ്ചവത്സര പദ്ധതി. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സജീവ് പാഴൂർ ആണ്.ഷ സാരംഗ്, സുധീഷ് ,മുത്തുമണി, വിജയകുമാർ, ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല, ഹരീഷ് പേങ്ങൻ,സിബി തോമസ്,ജിബിൻ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി. പി. എം തുടങ്ങിയവരാണ് പഞ്ചവത്സര പദ്ധതിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ പുതുമുഖം കൃഷ്ണേന്ദു എ.മേനോനാണ് നായികയായി എത്തുന്നത്. ചിത്രം ഏപ്രിൽ 26 ന് തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in