തൃശൂർ പൂരം വേണ്ട; ഈ അവസരത്തിൽ അല്പം മനുഷ്യത്വം കാണിക്കണമെന്ന് പാർവ്വതി തിരുവോത്

തൃശൂർ പൂരം വേണ്ട; ഈ അവസരത്തിൽ അല്പം മനുഷ്യത്വം കാണിക്കണമെന്ന് പാർവ്വതി തിരുവോത്

കോവിഡിന്റെ രണ്ടാം വരവിൽ സംസ്ഥാനത്ത് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ ഇത്തവണ തൃശൂർ പൂരം നടത്തരുതെന്ന അഭിപ്രായവുമായി നടി പാർവ്വതി തിരുവോത്ത്. ഈ സാഹചര്യത്തിൽ അല്പം മനുഷ്യത്വം നല്ലതാണെന്നും താരം പറഞ്ഞു. തൃശൂർ പൂരത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തക ഷാഹീന നഫീസയുടെ കുറിപ്പ് പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് പാർവ്വതി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ആരുടെ ഉത്സവമാണ് പൂരം? ആണുങ്ങളുടെ. നാനാജാതി മതസ്ഥരായ ആണുങ്ങളുടെ മാത്രം. കൊവിഡ് വാഹകരായി വീട്ടില്‍ വന്ന് കയറി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും, വൃദ്ധര്‍ക്കും രോഗമുണ്ടാവുകയാണ് ഈ ആഘോഷം കൊണ്ട് ഉണ്ടാവാന്‍ പോകുന്നത്.’ എന്നാണ് ഷാഹിന നഫീസ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞത്.

ഈ അവസരത്തിൽ ഉപയോഗിക്കേണ്ട ഭാഷ ഇതല്ല. പക്ഷെ ആ ഭാഷ ഉപയോഗിക്കുവാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഞാൻ ഉദേശിച്ചത്‌ നിങ്ങൾക്ക് മനസ്സിലായിക്കാണും. അല്പമെങ്കിലും മനുഷ്യത്വം കാണിക്കുക

പാർവ്വതി തിരുവോത്ത്

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തൃശൂർ പൂരം നടത്തുന്നതിനെതിരെ സാഹിത്യ സാംസ്കാരിക പ്രവർത്തകർ സംയുക്ത പ്രസ്താവന നടത്തിയിരുന്നു. തൃശൂര്‍ ജില്ലയില്‍ മാത്രം പ്രതിദിന കോവിഡ് ബാധിച്ചവര്‍ ആയിരം കടക്കുകയും ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലെത്തി നില്‍ക്കുകയും ചെയ്യുന്ന സമയത്തുള്ള തൃശൂര്‍ പൂരാഘോഷം അവിവേകമായിരിക്കുമെന്ന് പറയാതിരിക്കാനാവില്ലെന്ന് പ്രസ്താവനയിൽ പറഞ്ഞു. പലയിടത്തുനിന്നും വന്ന് ഒത്തുകൂടുന്ന ജനങ്ങളാണ് പൂരത്തെ പൂര്‍ണ്ണമാക്കുന്നത്. എന്നാല്‍ അത്തരം ഒത്തുകൂടല്‍ ജനവിരുദ്ധമാകുന്ന മഹാമാരിയുടെ സമയത്താണ് നാം ജീവിക്കുന്നത്. കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഭാവിയില്‍ ഓക്സിജനും മരുന്നുകള്‍ക്കുപോലും ക്ഷാമം നേരിടാമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in