കടക്കല്‍ ചന്ദ്രനും പിണറായിയും, 'പാര്‍ട്ടി സെക്രട്ടറി' സെന്‍സര്‍ കട്ടില്‍ 'പാര്‍ട്ടി അധ്യക്ഷനാ'യി

കടക്കല്‍ ചന്ദ്രനും പിണറായിയും, 'പാര്‍ട്ടി സെക്രട്ടറി' സെന്‍സര്‍ കട്ടില്‍ 'പാര്‍ട്ടി അധ്യക്ഷനാ'യി

കേരളാ മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ വണ്‍ എന്ന ചിത്രം വെള്ളിയാഴ്ച തിയറ്ററുകളിലെത്തി. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് റിലീസ് ചെയ്ത ചിത്രം പിണറായി വിജയനെ കേന്ദ്രകഥാപാത്രമാക്കിയതാണെന്ന അഭ്യൂഹമുണ്ടായിരുന്നു. മമ്മൂട്ടി അവതരിപ്പിക്കുന്നത് പിണറായി വിജയനോട് സാമ്യമുള്ള കഥാപാത്രമാണെന്ന തരത്തില്‍ പ്രഖ്യാപനഘട്ടം മുതല്‍ ചര്‍ച്ചകളും വന്നിരുന്നു. വണ്‍ എന്ന സിനിമയിലെ മമ്മൂട്ടി കഥാപാത്രം പിണറായിയോ ഉമ്മന്‍ചാണ്ടിയോ അല്ല എന്നായിരുന്നു സംവിധായകനും തിരക്കഥാകൃത്തുക്കളും വ്യക്തമാക്കിയത്.

എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സാമ്യം തോന്നുമോ എന്ന സംശയത്തില്‍ വണ്‍ എന്ന സിനിമക്ക് മേല്‍ സെന്‍സര്‍ കത്രിക പതിച്ചിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എന്ന ജോജു അവതരിപ്പിച്ച കഥാപാത്രം സെന്‍സറിംഗില്‍ പാര്‍ട്ടി അധ്യക്ഷനായി. സെക്രട്ടറിക്ക് പകരം അധ്യക്ഷനെന്ന് ഉപയോഗിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെടുകയായിരുന്നു.മുഖ്യമന്ത്രിയുടെ സുഹൃത്ത് കൂടിയായ പാര്‍ട്ടി സെക്രട്ടറി സെന്‍സര്‍ കട്ടിന് ശേഷം 'പാര്‍ട്ടി അധ്യക്ഷനായി'. രണ്ട് സീനുകളില്‍ പാര്‍ട്ടി സെക്രട്ടറി എന്ന് പരാമര്‍ശിക്കുന്നത് മാറ്റി പാര്‍ട്ടി അധ്യക്ഷന്‍ എന്നാക്കി

വണ്‍ സെന്‍സര്‍ വേളയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിനിമയുടെ റിലീസ് തടയാന്‍ ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. ഈ വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് ചെന്നിത്തലയോട് അടുത്ത കേന്ദ്രങ്ങള്‍ പിന്നീട് വിശദീകരിച്ചു.

കടക്കല്‍ ചന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയനുമായി സാമ്യം വരാതിരിക്കാന്‍ വേണ്ടിയാണ് ഈ തിരുത്ത് നിര്‍ദേശിച്ചതെന്നും അറിയുന്നു.

ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ രചനയില്‍ സന്തോഷ് വിശ്വനാഥാണ് വണ്‍ സംവിധാനം ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അച്ഛന്റെ കുലത്തൊഴിലിനെ മുന്‍നിര്‍ത്തി കടക്കല്‍ ചന്ദ്രനെ പരസ്യമായി അവഹേളിക്കുന്ന രംഗവും റി്ലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in