
ഫാമിലി മാൻ റിലീസാകുന്നതിന് മുൻപുള്ള സമയം തനിക്ക് വളരെ മോശമായിരുന്നു എന്ന് നടൻ നീരജ് മാധവ്. ഒരു വർഷത്തോളം താൻ നാട്ടിലുണ്ടായിരുന്നില്ല. തിരിച്ചു വന്നപ്പോൾ പണിയില്ല, അവൻ ഇൻഡസ്ട്രിയിൽ നിന്ന് ഔട്ടായി എന്നാണ് പലരും പറഞ്ഞത്. ആ സമയത്ത് ഓടിനടന്നു കുറെ കഥകൾ കേട്ടിരുന്നു. അതിലെല്ലാം തിക്താനുഭവമായിരുന്നു. ഫാമിലിമാനിൽ മനോജ് ബാജ്‌പേയിയുടെ ഒപ്പം അഭിനയിച്ച ആത്മവിശ്വാസത്തിലാണ് പല സംവിധായകരോടും പോയി സംസാരിച്ചത്. തന്നെ വേറെ ഏതെങ്കിലും രീതിയിൽ രീതിയിൽ ആലോചിച്ചു നോക്കൂ എന്ന് പറഞ്ഞപ്പോൾ ലഭിച്ച മറുപടികളിൽ കരഞ്ഞു പോയ അവസ്ഥയുണ്ടായിട്ടുണ്ടെന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ നീരജ് മാധവ് പറഞ്ഞു.
നീരജ് മാധവ് പറഞ്ഞത്:
ചാൻസ് ചോദിക്കാൻ ബുദ്ധിമുട്ടുള്ള ആളാണ് ഞാൻ. അങ്ങോട്ട് ഒന്നും ഓഫർ ചെയ്യാനില്ലാതെ ഒരാളുടെ അടുത്ത് ബ്ലൈൻഡ് ആയി പോയിട്ട് എനിക്കെന്തെങ്കിലും താ എന്ന് പറയുന്നതിൽ കാര്യമില്ല. ഒരു ഈഗോ അല്ല അത്. വളരെ എളുപ്പത്തിൽ ഒരു ചാൻസ് ചോദിക്കുന്നു, എന്താണ് നിങ്ങൾക്ക് ഓഫർ ചെയ്യാൻ എനിക്കുള്ളത് എന്ന ചോദ്യം എപ്പോഴും എന്റെ ഉള്ളിലുണ്ട്. ഫാമിലിമാൻ കഴിഞ്ഞ് അത് ഇറങ്ങുന്നതിന് മുൻപ് മോശം സമയമുണ്ടായിരുന്നു. ഒരു വർഷത്തോളം ഞാൻ ഇവിടെ ഇല്ല. തിരിച്ചു വന്നപ്പോൾ പണിയില്ല, അവൻ ഔട്ടായി എന്നൊക്കെ ആളുകൾ പറഞ്ഞു.
അന്ന് ഓടി നടന്ന് കുറെ കഥകൾ കേട്ടിരുന്നു. ഭയങ്കര തിക്താനുഭവമായിരുന്നു. മനോജ് ബാജ്‌പേയിയുടെ കൂടെ അഭിനയിച്ച ആത്മവിശ്വാസത്തിലാണ് ഞാൻ പലരോടും പോയി പറയുന്നത്. "ചേട്ടാ ഞാൻ ഇങ്ങനെ ഒരു പടം ചെയ്തു, മനോജ് ബാജ്‌പേയിയുടെ ഓപ്പോസിറ്റ് വില്ലനായിട്ടാണ് ചെയ്തത്, നിങ്ങൾ എന്നെ വേറെ ഏതെങ്കിലും രീതിയിൽ ആലോചിച്ചു നോക്കൂ" എന്നെല്ലാം ഞാൻ പറഞ്ഞു. അവിടെയും ഞാൻ കരഞ്ഞുപോയ സാഹചര്യം ഉണ്ടായിട്ടുണ്ട്. ചില വലിയ സംവിധായകരോട് എന്നെ വേറെ ഏതെങ്കിലും രീതിയിൽ ഒന്ന് ആലോചിച്ചു നോക്കിക്കൂടെ എന്ന് ചോദിച്ചിട്ടുണ്ട്. "എടാ നിന്നെ വിളിക്കണമെങ്കിൽ എനിക്ക് അറിഞ്ഞൂടെ, ഇത് നിനക്ക് പറ്റിയ പരിപാടിയല്ല" എന്നുള്ള രീതിയിലായിരുന്നു മറുപടി. മനഃപൂർവം ആണോ എന്നറിയില്ല അതൊന്നും.