മുത്തങ്ങ സമരത്തിൽ കൊല്ലപ്പെട്ടത് ജോഗി മാത്രമല്ലെന്ന് വിശ്വസിക്കാൻ ആഗ്രഹിക്കുന്ന ആളാണ് താൻ എന്ന് സംവിധായകൻ അനുരാജ് മനോഹർ. മുത്തങ്ങ സമരത്തിന്റെ പശ്ചാത്തലത്തിൽ ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത പൊളിറ്റിക്കൽ ത്രില്ലറാണ് നരിവേട്ട. ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി സമൂഹത്തില്‍ അരിക് വല്‍ക്കരിക്കപ്പെട്ടവരെ എങ്ങനെ ഭരണകൂടം അടിച്ചമര്‍ത്താന്‍ നോക്കുന്നു എന്ന് ഗൗരവമായി ആവിഷ്കരിച്ചിരിക്കുന്ന ചിത്രമാണ് ഇത്. ആളുകൾ മറുന്നു പോയ മുത്തങ്ങ സമരത്തെക്കുറിച്ച് വീണ്ടും ഓർമ്മിപ്പിക്കുക എന്നതാണ് ഈ സിനിമ കൊണ്ട് താൻ ലക്ഷ്യം വച്ചത് എന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ അനുരാജ് മനോഹർ പറഞ്ഞു.
അനുരാജ് മനോഹർ പറഞ്ഞത്:
ടൊവിനോയുടെ കഥാപാത്രത്തിന്റെ കോൺഫ്ലിക്ട്സിലാണ് നമ്മൾ ഇത് തുടങ്ങിയത്. അബിൻ പണ്ടെപ്പോഴോ ഈ സിനിമയെക്കുറിച്ചുള്ള ആലോചന എന്നോട് പറഞ്ഞിരുന്നു. അക്കാലത്തുണ്ടായിരുന്ന മാധ്യമ പ്രവർത്തകർക്ക് പോലും ഒരു വാർഷിക കുറിപ്പിന് അപ്പുറം മുത്തങ്ങയെക്കുറിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അനീതിക്ക് എതിരെ എന്തു ചെയ്തു എന്നുള്ളതാണ്. സിനിമയുടെ പേര് മുത്തങ്ങ എന്ന് പോലും അല്ല. നരിവേട്ട എന്നാണ്. ഒരു ഡോക്യുമെന്ററി അല്ല ഇത്. രക്തസാക്ഷികൾക്ക് എന്തു ലഭിച്ചു. ആദിവാസികളോട് അതാത് കാലത്തുണ്ടായിരുന്ന സിസ്റ്റം എന്താണ് ചെയ്തിരുന്നത്? അടിച്ചമർത്തുക തന്നെയാണ് എല്ലാ കാലത്തും ചെയ്തിരുന്നത്. ഒരു തരത്തിലും മനുഷ്യരായി പോലും പരിഗണിക്കാതെയാണ് അവരെ ട്രീറ്റ് ചെയ്തിരുന്നത് എനിക്ക് തോന്നിയിട്ടുള്ളത്. ഇപ്പോഴും നമുക്ക് കണ്ടിരിക്കാൻ സാധിക്കുമോ മുത്തങ്ങയിൽ നടന്ന ആക്രമണത്തിന്റെ വിഷ്വലുകൾ. അതിന്റെ ഫുൾ ഫൂട്ടേജ് ഹൃദയമുള്ള ഒരാൾക്ക് കണ്ടിരിക്കാൻ സാധിക്കില്ല. അത് തെറ്റാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അന്നത്തെ ഗവൺമെന്റും പോലീസും പറഞ്ഞ ഇക്വേഷൻ തെറ്റ് ആണ്. ഒരാൾ അല്ല മരിച്ചത് എന്ന് വിശ്വസിക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. ഞാൻ അവിടെ പോയതിന്റെ പശ്ചാത്തലത്തിലാണ് പറയുന്നത്. ഞാൻ സർക്കാരോ പോലീസോ അല്ല. എന്റെ ദൗത്യം എന്നു പറയുന്നത് മുത്തങ്ങയെ വീണ്ടും ഓർമ്മയിലേക്ക് കൊണ്ടു വരിക എന്നുള്ളതാണ്. അതിനെക്കുറിച്ചുള്ള തുടരന്വേഷണം ചെയ്യേണ്ടത് സർക്കാരോ മറ്റ് അധികാരികളോ ആണ്.
പൊലീസിന്റെ ഏകപക്ഷീയമായ ആക്രമണങ്ങളിലേക്കുള്ള സൂചനകൾ കാണിച്ചു കൊണ്ട് ചെങ്ങറ, മുത്തങ്ങ, പുഞ്ചാവി, നന്ദിഗ്രാമം പോലുള്ള ഭൂസമര ചരിത്രവും പ്രധാന വിഷയമാക്കിയാണ് നരിവേട്ട ഒരുങ്ങിയത്. വർഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ് കോൺസ്റ്റബിളിന്‍റെ ഔദ്യോഗിക ജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും കഥ പറഞ്ഞു പോകുന്ന സിനിമയാണ് നരിവേട്ട. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട് നിർമിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം' എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.