പത്ത് ദിവസം മുമ്പേ ദൃശ്യം 2ന് പാക്കപ്പ്, തിയറ്ററിലേക്ക് തന്നെ

പത്ത് ദിവസം മുമ്പേ ദൃശ്യം 2ന് പാക്കപ്പ്, തിയറ്ററിലേക്ക് തന്നെ

കൊവിഡ് കാലത്ത് മലയാളത്തിലെ സര്‍പ്രൈസ് പ്രഖ്യാപനമായിരുന്നു ദൃശ്യം രണ്ടാം ഭാഗം. സെപ്തംബര്‍ 21ന് കൊച്ചിയില്‍ ചിത്രീകരണമാരംഭിച്ച ദൃശ്യം സെക്കന്‍ഡ് 46ാം ദിവസം തൊടുപുഴയില്‍ പൂര്‍ത്തിയായി. 56 ദിവസമായിരുന്നു ചിത്രീകരണം പ്ലാന്‍ ചെയ്തിരുന്നതെന്നും പത്ത് ദിവസം മുമ്പേ പൂര്‍ത്തിയാക്കാനായെന്നും സംവിധായകന്‍ ജീത്തു ജോസഫ്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം. മോഹന്‍ലാല്‍ ഉള്‍പ്പെടെ അഭിനേതാക്കള്‍ ഷൂട്ടിംഗ് തീരുന്നത് വരെ ഹോട്ടലില്‍ തന്നെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് താമസിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

മോഹന്‍ലാലിനൊപ്പം മീന, മുരളി ഗോപി, സിദ്ദീഖ്,ആശാ ശരത്, അനീഷ് ജി മേനോന്‍, ഗണേഷ് കുമാര്‍ അന്‍സിബാ ഹസ്സന്‍, എസ്തര്‍,ആന്റണി പെരുമ്പാവൂര്‍, ബോബന്‍ സാമുവല്‍ എന്നിവരും ചിത്രത്തിലുണ്ട്. ഇമോഷണല്‍ ത്രില്ലര്‍ സ്വഭാവത്തിലാണ് രണ്ടാം ഭാഗം. ഏഴ് വര്‍ഷത്തിന് ശേഷം ജോര്‍ജ്ജ് കുട്ടി വീണ്ടുമെത്തുമ്പോള്‍ മോഹന്‍ലാല്‍ താടി വച്ച് പുതിയ ലുക്കിലാണ്. സതീഷ് കുറുപ്പാണ് ക്യാമറ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. തിയറ്റര്‍ റിലീസായി തന്നെയാണ് ദൃശ്യം സെക്കന്‍ഡ് പ്രേക്ഷകരിലെത്തുക.

2013ല്‍ റിലീസ് ചെയ്ത ദൃശ്യം മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായി മാറിയുരുന്നു. 75 കോടി ഗ്രോസ് കളക്ഷനും നേടി.മോഹന്‍ലാലിന്റെ അതുവരെയുള്ള വിജയങ്ങളെയും മലയാളത്തിലെ സകല റെക്കോര്‍ഡുകളെയും പിന്തള്ളിയതായിരുന്നു ദൃശ്യത്തിന്റെ അന്നത്തെ നേട്ടം. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടു. പിന്നീട് സിംഹള, ചൈനീസ് പതിപ്പും പുറത്തുവന്നു.

ജോര്‍ജ് കുട്ടിയേയും കുടുംബത്തെയും മലയാളികള്‍ മറക്കില്ല എന്ന പ്രതീക്ഷയാണ് ദൃശ്യം 2 എന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. മൂന്ന് വര്‍ഷത്തോളമുള്ള ആലോചനക്ക് ശേഷമാണ് ദൃശ്യം സെക്കന്‍ഡിലേക്ക് എത്തിയതെന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നു.

Summary

mohanlal's Drishyam 2 malayalam movie shoot wrap-up

Related Stories

No stories found.
logo
The Cue
www.thecue.in