'പൊനം' എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരം, ക്യാമറ സന്തോഷ് ശിവൻ, നിർമാണം ഹോംബാലെ; അടുത്ത ചിത്രത്തെക്കുറിച്ച് ലാൽ ജോസ്

'പൊനം' എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരം, ക്യാമറ സന്തോഷ് ശിവൻ, നിർമാണം ഹോംബാലെ; അടുത്ത ചിത്രത്തെക്കുറിച്ച് ലാൽ ജോസ്
Published on

കേരള-കർണ്ണാടക അതിർത്തി പശ്ചാത്തലമാക്കി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സന്തോഷ് ശിവനായിരിക്കുമെന്ന് സംവിധായകൻ ലാൽ ജോസ്. ചിത്രത്തിന്റെ കഥ കേട്ടിട്ട് സന്തോഷ് ശിവൻ താൽപര്യം പ്രകടിപ്പിച്ചുവെന്നും കഥ രസമുണ്ട് നന്നായി ചെയ്യാൻ പറ്റുമെന്ന് പറഞ്ഞതായും ലാൽ ജോസ് പറയുന്നു. രണ്ട് ഭാഷകളിലായി ആലോചിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം കന്നടയിലെ പ്രശസ്ത നിർമാതാക്കളായ ഹോംബാലെ ഫിലിംസായിരിക്കുമെന്നും എന്ന സൂചനയും ലാൽ ജോസ് നൽകിയിട്ടുണ്ട്. പൊനം എന്ന മലയാളം നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരിക്കും അടുത്ത ചിത്രമെന്നും കന്നട കലർന്ന ഭാഷയും കന്നട കഥാപാത്രങ്ങളും ചിത്രത്തിലുണ്ടാവുമെന്നും ലാൽ ജോസ് പറഞ്ഞു. രണ്ട് ഭാഷകളിലായി ആലോചിക്കുന്ന ചിത്രം തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായിരിക്കുമെന്നും ലാൽ ജോസ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ലാൽ ജോസ് പറഞ്ഞത് :

ആദ്യ സിനിമ ചെയ്യുന്ന സമയത്ത് എനിക്ക് പരിഭ്രമം ഒന്നുമുണ്ടായിരുന്നില്ല, കൃത്യ സമയത്ത് അത് ചെയ്യാൻ കഴിയും എന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ ഇനി ചെയ്യാൻ പോകുന്ന സിനിമ എന്ന് പറയുന്നത് ആദ്യ സിനിമ ചെയ്യാൻ പോകുന്നത് പോലെ ഞാൻ പരിഭ്രമത്തിലാണ്. എനിക്ക് ടെൻഷനുണ്ട്, എക്സെെറ്റ്മെന്റുണ്ട്. അതിന് വേണ്ടിയിട്ട് ഞാൻ ആ ഴോണറിലുള്ള സിനിമകൾ കണ്ടുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. അത്തരം സിനിമകൾ ചെയ്തിട്ടുള്ള ഡയറക്ടേഴ്സും റെെറ്റേഴ്സും എഴുതിയിട്ടുള്ള കുറിപ്പുകൾ‌ വായിക്കുന്നുണ്ട്. ഒരു പുതിയ സിനിമ ചെയ്യാൻ പോകുന്ന ആളെപ്പോലെ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ഞാൻ ഇനി ചെയ്യാൻ പോകുന്ന സിനിമ പൊനം എന്ന് പറയുന്ന ഒരു നോവിലിന്റെ സിനിമ ആവിഷ്കാരമാണ്. പൊനം എന്നത് ബൃഹത്തായ ഒരു നോവലാണ്. കുറേ തലമുറകളുടെ പകയും കാടിനെയും അടിസ്ഥാനപ്പെടുത്തിയിട്ടുള്ള നോവലാണത്. വനത്തിന് സമീപമുള്ള ഒരു ​ഗ്രാമവും വനത്തിലെ കള്ളത്തടി വെട്ടും, കള്ളക്കടത്തും, കൊലപാതകങ്ങളും, ‌പകയും ഒക്കെയുള്ള കുറേ മനുഷ്യരുടെ കഥയാണ് അത്. കേരള കർണ്ണാടക ബേർഡറിലുള്ള ഒരു സ്ഥലമാണ് അത്. കന്നട മിക്സ് ചെയ്തു വരുന്ന ഒരു ഭാഷയാണ്, കന്നട കഥാപാത്രങ്ങളുണ്ട് അതിൽ. ഇത്തിരി വലിയ ക്യാൻവാസിൽ പറയാൻ പോകുന്ന ഒരു സിനിമയാണ്. രണ്ട് ഭാഷയിലായിട്ട് തന്നെയാണ് അത് ആലോചിക്കുന്നത്. ഞാൻ ഇതുവരെ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും എക്സ്പെൻസീവായ സിനിമയായിരിക്കും. അതുകൊണ്ട് അതിന്റെയൊരു റെസ്പോൺസിബിളിറ്റി കൂടിയുണ്ട് എനിക്ക്. മുടക്കുന്ന പടം സ്ക്രീനിൽ കാണണമെന്ന് നിർബന്ധമുള്ള ഒരാളാണ് ഞാൻ. പ്രൊഡക്ഷനും അതുകൊണ്ട് രണ്ട് വശത്ത് നിന്നുമുള്ള ആളുകൾ ഉണ്ടായിരിക്കും. കഥ കേട്ടിട്ട് സന്തോഷ് ശിവൻ ക്യാമറ ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ട്. അതാണ് എന്റെ മറ്റൊരു എക്സെറ്റ്മെന്റ്. നടക്കുമോ എന്നറിയില്ല അദ്ദേഹം വളരെ തിരക്കുള്ള ഒരാളാണ്. എന്നാണ് തുടങ്ങുക എന്നത് നമുക്ക് ഡേറ്റ് ഒന്നും പറയാൻ പറ്റില്ല. കഥ കേട്ടിട്ട് അദ്ദേഹം പറഞ്ഞത് ഇത് രസമുണ്ട് നമുക്കിത് നന്നായി ചെയ്യാൻ പറ്റും എന്നാണ്. പ്രൊഡക്ഷൻ ഹോംബാലെയായിരിക്കും. അവർക്ക് ഒന്നു രണ്ട് കമ്പനികളുണ്ട് അതിൽ ഒരു ​ഗ്രൂപ്പുമായിട്ട് ആയിരിക്കും.

വിന്‍സി അലോഷ്യസ്, ദര്‍ശന സുദര്‍ശന്‍, ജോജു ജോര്‍ജ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ സോളമന്റെ തേനീച്ചകളാണ് ഒടുവിലായി പുറത്തിറങ്ങിയ ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രം. വനിതാ പോലീസുകാരുടെ കഥ പറയുന്ന ചിത്രമായിരുന്നു സോളമന്റെ തേനീച്ചകൾ. സിനിമയിൽ സോളമൻ എന്ന കഥാപാത്രത്തെയാണ് ജോജു ജോർജ്ജ് അവതരിപ്പിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in