മ'ലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടുള്ള സിംഹങ്ങളിൽ ഏറ്റവും ​ഗ്ലാമറുള്ള ഒരു സിംഹമായിരിക്കും ഇത്'; ​'ഗ്ർർർ'- നെക്കുറിച്ച് കുഞ്ചാക്കോ ബോബൻ

മ'ലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടുള്ള സിംഹങ്ങളിൽ ഏറ്റവും ​ഗ്ലാമറുള്ള ഒരു സിംഹമായിരിക്കും ഇത്'; ​'ഗ്ർർർ'- നെക്കുറിച്ച് കുഞ്ചാക്കോ ബോബൻ

മലയാള സിനിമയിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ​ഗ്ലാമറുള്ള സിംഹം ​ഗർർർറിലേതായിരിക്കുമെന്ന് നടൻ കുഞ്ചാക്കോ ബോബൻ. എസ്ര എന്ന ചിത്രത്തിന് ശേഷം ജയ്.കെ അടുത്ത ചിത്രവുമായി എത്തിയപ്പോൾ അത് ഹൊറർ പാറ്റേൺ പിന്തുടരുന്നൊരു സിനിമയായിരിക്കുമെന്നാണ് ആദ്യം കരുതിയിരുന്നത് എന്നാൽ യഥാർത്ഥ ജീവിതത്തിൽ നടന്ന ഒരു സംഭവത്തെ വളരെ തമാശ രൂപേണ അദ്ദേഹം വർക്ക് ചെയ്ത് എടുത്തിരിക്കുന്നത് കണ്ടപ്പോൾ രസകരമായി തോന്നി എന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. ​ഗ്ർർർ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായ സിംഹത്തെ ഏറ്റവും നന്നായി അവതരിപ്പിക്കുക എന്നതായിരുന്നു ഏറ്റവും വലിയ കടമ്പ എന്നും സിംഹത്തിന്റെ ഭാ​ഗം മികച്ചതാക്കാൻ കഴിഞ്ഞില്ലെങ്കിൽ സിനിമ മുഴുവനായും കയ്യിൽ നിന്ന് പോകുമെന്ന് ബോധമുണ്ടായിരുന്നുവെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ കുഞ്ചാക്കോ ബോബൻ പറഞ്ഞു.

കുഞ്ചാക്കോ ബോബൻ പറഞ്ഞത്:

ജയ്. കെ ഇതിന് മുമ്പ് ചെയ്ത ചിത്രം എസ്രയാണ്. അതൊരു ഹൊറർ മൂവിയായിരുന്നു. അദ്ദേഹം മറ്റൊരു സബ്ജക്ടുമായി വരുമ്പോൾ സ്വാഭാവികമായിട്ടും അതേ ശ്രേണിയിൽപ്പെട്ട അല്ലെങ്കിൽ അതിനോട് ചേർന്ന് നിൽക്കുന്ന സിനിമ അല്ലെങ്കിൽ കഥ എന്നുള്ളൊരു ചിന്ത നമുക്കുണ്ടാവുന്നത്. പക്ഷേ അതിൽ നിന്നെല്ലാം തികച്ചും വിപരീതമായി ഫുൾ ഹ്യുമറായിട്ടുള്ള സിനിമയുടെ സ്റ്റോറി ലെെനുമായിട്ടാണ് അദ്ദേഹം വരുന്നത്. ‌റിയൽ ലെെഫ് ബേസ് ചെയ്ത സീരിയസ്സായ ഒരു കാര്യത്തെ വളരെ ഫണ്ണിയായിട്ട് മോൾഡ് ചെയ്യാൻ പറ്റുന്ന കുറേയധികം ഏരിയാസ് അദ്ദേഹം വർക്ക് ചെയ്തിട്ടുണ്ട്, അത് വളരെ ഇന്ററസ്റ്റിം​ഗ് ആയിട്ട് തോന്നി. ഒരു ഹൊറർ പാറ്റേണിൽ സിനിമ ചെയ്ത് സക്സ്സ് ആയ ഒരാൾ അതിൽ നിന്നും തികച്ചും വ്യത്യസ്തമായിട്ടുള്ളൊരു സിനിമ ചെയ്യണം എന്ന ആ​ഗ്രഹവുമായി വരുമ്പോൾ തീർച്ചയായും അതിന് വേണ്ടി കുറച്ചധികം പണി ചെയ്യും എന്നൊരു വിശ്വാസം നമുക്കുണ്ടായിരുന്നു. പിന്നെ അതിന്റെ ടെക്നിക്കൽ സെെഡിൽ വർക്ക് ചെയ്യുന്ന ക്രൂ നോക്കുകയാണെങ്കിൽ ജയേഷ് ആണ് അതിൽ ക്യാമറ ചെയ്തിരിക്കുന്നത്. വിവേക് ഹർഷനാണ് എഡിറ്റിം​ഗ്, പ്രൊഡക്ഷൻ ഡിസെെനറായി രതീഷ് പൊതുവാളുണ്ട്. മ്യൂസിക് ഡോൺ വിൻസെന്റും കെെലാഷുമാണ്. ഓഗസ്റ്റ് സിനിമയാണ് ഇതിന്റെ പ്രൊഡക്ഷനിൽ ഉള്ളത്. കൂടാതെ ഞാൻ ഏറ്റവും കൂടുതൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള അഭിനേതാവും സുഹൃത്തുമായ സുരാജ് കൂടെയുണ്ട്. നമുക്ക് ഒരുപാട് ഇഷ്ടമുള്ള മറ്റ് ആക്ടേഴ്സ് കൂടെയുണ്ട്. പക്ഷേ ഇതിൽ എല്ലാമുപരി മെയിൻ ആൾ ഒരു സിം​​ഹമാണ്. ഈ സിംഹത്തെ ഏറ്റവും നല്ല രീതിയിൽ പ്രെസന്റ് ചെയ്യുക എന്നൊരു കടമ്പ കൂടി ഇതിനുണ്ട്. കാരണം സിംഹം ചീറ്റിപ്പോയാൽ എല്ലാ സാധനവും കയ്യിൽ നിന്ന് പോകും. ഇതുവരെ മലയാള സിനിമയിൽ കണ്ടിട്ടുള്ള സിംഹങ്ങളിൽ ഏറ്റവും ​ഗ്ലാമറുള്ള ഒരു സിംഹമായിരിക്കും ഇത് എന്ന് വിശ്വാസമുണ്ട്. കാരണം സോഷ്യൽ മീഡിയയിൽ ഒരു കമന്റ് വന്നത് സിംഹത്തെ കണ്ടപ്പോൾ തന്നെ അതിനോട് ക്രഷ് തോന്നി എന്നായിരുന്നു. അത് കാണുമ്പോൾ അത് നമുക്ക് വലിയ ആശ്വാസമാണ്. കാരണം നമ്മുടെ പ്രധാനപ്പെട്ട യുഎസ്പി ഈ സിംഹമാണ്.

ജയ് കെ സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമൂട്, കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ​ഗ്‌ർർർ. യഥാർത്ഥ സംഭവത്തെ ആസ്‍പദമാക്കിയൊരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേർന്നാണ്. സംവിധായകന്‍ ജയ്‌ കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം ജൂൺ 14 -ന് തിയറ്ററുകളിലെത്തും

Related Stories

No stories found.
logo
The Cue
www.thecue.in