
സിനിമാസെറ്റിൽ ആരുടെയെങ്കിലും അമ്മയ്ക്ക് വിളിക്കാനുള്ള അധികാരമല്ല ഫിലിം മേക്കിങ്ങിലെ ഹൈറാർക്കി എന്ന് സംവിധായകൻ കൃഷാന്ത്. സംവിധായകന്റെ മനസ്സിലുള്ള വിഷനെ പുറത്തുകൊണ്ടുവരിക എന്നതാണ് സെറ്റിൽ നടക്കുന്നത്. എന്നാൽ സംവിധായകർ പലപ്പോഴും കമ്മ്യൂണിക്കേറ്റ് ചെയ്യാൻ കഴിയാതെ വരുമ്പോൾ ദേഷ്യപ്പെടും. അങ്ങനെ വരുമ്പോൾ ആ സിനിമയിൽ പ്രവർത്തിക്കുന്നവർക്കായിരിക്കും കൂടുതൽ ബുദ്ധിമുട്ടുണ്ടാകുക. ദേഷ്യം കാണിക്കുമ്പോൾ നഷ്ടപ്പെടുന്നത് കൊളാബറേറ്റിങ് സ്പേസാണ്. അങ്ങനെയുള്ള പ്രശ്ങ്ങൾ സിനിമ എന്ന പ്രൊഡക്ടിനെയും ബാധിക്കും. സിനിമ പോലെ തന്നെ അതുണ്ടാക്കുന്ന സ്പേസും രസകരമാകണമെന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ കൃഷാന്ത് പറഞ്ഞു.
'സംഘർഷ ഘടന ദി ആർട്ട് ഓഫ് വാർഫെയർ' എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് സംസാരിക്കുകയായിരുന്നു സംവിധായകൻ. കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഉൾപ്പെടെയുള്ള ചലച്ചിത്ര മേളകളിൽ സംഘർഷ ഘടന പ്രദർശിപ്പിച്ചിരുന്നു.
കൃഷാന്ത് പറഞ്ഞത്:
സിനിമ എന്ന പ്രൊഡക്റ്റ് പോലെ തന്നെ അതുണ്ടാക്കുന്ന പ്രോസസും രസകരമായിരിക്കണം. അത് നിർബന്ധമാണ്. ഒരുപാട് കാലങ്ങൾക്ക് ശേഷം നമ്മളെടുത്ത ഒരു സിനിമ കാണുമ്പോൾ അതിന്റെ പ്രോസസിനെക്കുറിച്ചോർത്ത് ബുദ്ധിമുട്ട് തോന്നരുത്. സിനിമയെ കുറിച്ച് ഓർക്കുമ്പോൾ ബുദ്ധിമുട്ട് തോന്നാതിരിക്കാൻ പരമാവധി ഫണ്ണായി തന്നെ കാര്യങ്ങൾ ചെയ്യുക എന്നതാണ്. ഹൈറാർക്കികൾ തീർച്ചയായും ഉണ്ട്. ഫിലിം മേക്കിങ് ഹൈറാർക്കിയുടെ പരിപാടി തന്നെയാണ്. അതെന്നു വെച്ചാൽ ഈ ആർട്ട് ഉണ്ടാക്കുമ്പോൾ ഉള്ള ഹൈറാർക്കിയാണ്. ആരുടെയെങ്കിലും അമ്മയ്ക്ക് കേറി വിളിക്കാനുള്ള അധികാരമല്ല ഈ ഹൈറാർക്കി എന്ന് പറയുന്നത്.
ഒരാൾക്ക് വിഷനുണ്ട്. ഈ വിഷൻ എന്ന് പറയുന്നത് അയാളുടെ തലച്ചോറിനകത്താണ്. അത് മറ്റുള്ളവരുമായി ആശയവിനിമയം നടത്തുക എന്നത് പൂർണമായും അയാൾക്ക് കഴിഞ്ഞിട്ടില്ല. പക്ഷെ അയാളുടെ തലയിൽ ഉണ്ടെന്ന് വിശ്വസിച്ചാണ് നമ്മൾ വർക്ക് ചെയ്യുന്നത്. എങ്ങനെയാണ് അയാളുടെ ഉള്ളിലുള്ള കാര്യങ്ങൾ കൊണ്ടുവരിക എന്ന പ്രവർത്തനമാണ് ഇവിടെ നടക്കുന്നത്. പലപ്പോഴും കാര്യങ്ങൾ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ കഴിയാതെ പോകുമ്പോൾ സംവിധായകർ അങ്ങ് ദേഷ്യപ്പെടും. ദേഷ്യം കാണിക്കുമ്പോൾ കൊളാബറേറ്റിങ് സ്പേസ് എന്നത് നഷ്ടപ്പെടുന്നത് കൊണ്ട് ദേഷ്യപ്പെടുന്ന ആൾ പറയുന്ന രീതിയിൽ കാര്യങ്ങൾ നടക്കും. ഇങ്ങനെ ഒരു പ്രോസസിൽ കാര്യങ്ങൾ ചെയ്യുമ്പോൾ എല്ലാവർക്കും വലിയ ബുദ്ധിമുട്ടായിരിക്കും അതിന്റെ ഭാഗമാകാൻ. അതിന്റെ പ്രതിഫലനം പ്രൊഡക്ടിലും ഉണ്ടാകും.