തല്ലുമാലയിലെ ഹിറ്റ് ഗാനമായ മണവാളൻ തഗിന് പിന്നിലെ കഥ പറഞ്ഞ് സംവിധായകൻ ഖാലിദ് റഹ്മാൻ. തല്ലുമാലയക്ക് വേണ്ടി ഡാബ്സിയുമായി കൊളാബ്രേറ്റ് ചെയ്യാം എന്ന ചിന്ത വളരെ ആക്സിഡന്റലി സംഭവിച്ചതാണെന്നും മുൻകൂട്ടി തീരുമാനിച്ചൊരു കാര്യമായിരുന്നില്ല അതെന്നും ഖാലിദ് റഹ്മാൻ പറയുന്നു. തല്ലുമാലയിലെ നടന്മാരിലൊരാളായ അദ്രിയാണ് തന്നെ ഡാബ്സിയുടെ ഈ ഗാനം ആദ്യമായി കേൾപ്പിക്കുന്നതെന്നും റഹ്മാൻ പറയുന്നു. പാട്ട് കേട്ട് ഇഷ്ടപ്പെട്ടപ്പോൾ ഇത് നമ്മുടെ സിനിമയിലെ ടൊവിനോയുടെ കഥാപാത്രത്തിന് വേണ്ടി അവർക്ക് ചെയ്യാൻ സാധിക്കുമോ എന്ന് താൻ അന്വേഷിക്കാൻ ആവശ്യപ്പെട്ടെന്നും അതിനെ തുടർന്നാണ് തല്ലുമാലയിലെ മണവാളൻ തഗ് സംഭവിച്ചതെന്നും ഖാലിദ് റഹ്മാൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഖാലിദ് റഹ്മാൻ പറഞ്ഞത്:
ഡാബ്സിയുമായുള്ള കൊളാബ്രേഷൻ വളരെ ആക്സിഡന്റിലി സംഭവിച്ചതാണ്. നമ്മൾ മുൻകൂട്ടി തീരുമാനിച്ച ഒരു കാര്യമായിരുന്നില്ല അത്. മണവാളൻ തഗ് എങ്ങനെയാണ് സംഭവിക്കുന്നത് എന്നുവച്ചാൽ തല്ലുമാലയുടെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്ന സമയത്ത് അഷ്റഫ് ഹംസയുടെ മകൻ വഴി അദ്രി എന്നെ ഒരു പാട്ട് കേൾപ്പിച്ചു. ഈ പാട്ട് ഒന്ന് കേട്ടു നോക്കൂ എന്നിട്ട് എങ്ങനെയുണ്ടെന്ന് പറയൂ എന്നു പറഞ്ഞു. അന്ന് അത് നാല് വരിയെ അവർ ചെയ്തിട്ടുണ്ടായിരുന്നുള്ളൂ. നമ്മുടെ സിനിമയിൽ ടൊവിനോയുടെ കഥാപാത്രം ഒരു മണവാളൻ ആണ്. അവർക്ക് ആ വഴിക്ക് ഈ പാട്ട് ചെയ്യാൻ പറ്റുമോ എന്ന് ഞാൻ ചോദിക്കാൻ പറഞ്ഞു. അന്ന് മുഹ്സിനും ആ ഐഡിയ വളരെ ഇഷ്ടപ്പെട്ടു. പിന്നീട് അവർ അത് വികസിപ്പിച്ച് കൊണ്ടു വന്നു. സിംഗിൾ ട്രാക്ക് ആയി അത് കേട്ടപ്പോൾ എനിക്ക് വളരെ ഇന്ററസ്റ്റിംഗ് ആയി തോന്നി. അന്ന് നമ്മൾ ആലോചിച്ചത് ഈ ട്രാക്ക് എങ്ങനെയെങ്കിലും പുറത്ത് വരണം എന്നാണ്. അത്രമാത്രമേ അന്ന് നമ്മൾ ആലോചിച്ചിട്ടുള്ളൂ. അല്ലാതെ ഇത് ഇറങ്ങി അടുത്തയാഴ്ച ഇത്രയും ഹിറ്റ് ആകും എന്നൊന്നും അന്ന് ചിന്തിച്ചിരുന്നില്ല. പാട്ട് എനിക്ക് ഇഷ്ടപ്പെട്ടു. ഞാൻ നിർമാതാവ് ആഷിഖ് ഉസ്മാനോട് പറഞ്ഞു. അങ്ങനെയാണ് മണവാളൻ തഗ് വരുന്നത്.