
മലയാളത്തിലെ മികച്ച ക്രാഫ്റ്റ്മാൻമാരില‍്‍ ഒരാളാണ് ഖാലിദ് റഹ്മാൻ. തല്ലുമാല എന്ന സിനിമക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ മാസം പ്രേക്ഷകരിലെത്തുകയാണ്. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിൽ ഡ്രൈവർ കഥാപാത്രമായി മികച്ച പ്രകടനം ഖാലിദ് റഹ്മാൻ കാഴ്ച വച്ചിരുന്നു. മഞ്ഞുമ്മൽ ബോയ്‌സ് പോലൊരു സിനിമയിൽ, നമുക്ക് ഏറെ ഇഷ്ടപ്പെട്ടവരുടെ കൂടെ, ഒരു സിനിമയ്‌ക്കൊപ്പം മുഴുവൻ സമയമവും ഭാഗമാവുക എന്നത് നല്ല രസമുള്ള കാര്യമാണെന്നും റഹ്മാൻ ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ. മഞ്ഞുമ്മലിന് ശേഷം ആരും അഭിനയിക്കാൻ വിളിച്ചില്ലെന്ന് ഖാലിദ് റഹ്മാൻ തമാശരൂപേണ പറയുന്നു.
ഖാലിദ് റഹ്മാൻ പറഞ്ഞത്
'മഞ്ഞുമ്മൽ ബോയ്‌സ് പോലൊരു സിനിമയിൽ, നമുക്ക് ഏറെ ഇഷ്ടപ്പെട്ടവരുടെ കൂടെ, ഒരു സിനിമയ്‌ക്കൊപ്പം മുഴുവൻ സമയമവും ഭാഗമാവുക എന്നത് നല്ല രസമുള്ള കാര്യമാണ്. നല്ല ടെക്‌നീഷ്യൻസാണ് നമ്മളെ സംവിധാനം ചെയ്യുന്നതും ക്യാമറയിൽ പകർത്തുന്നതും. കംഫർട്ട് സോണാണ്, അവരെ പൂർണമായി വിശ്വസിക്കാനും കഴിയും. നമ്മുടെ പെർഫോമൻസ് മോശമായാൽ അവരത് ചൂണ്ടിക്കാണിക്കുകയും ചെയ്യും.
നമുക്ക് സീനില്ലാത്ത സമയത്ത് പുറത്തോ കാരവാനിലോ കാത്തിരിക്കുക എന്നതാണ് അഭിനയത്തെ സംബന്ധിച്ചിടത്തോളം എനിക്ക് ഏറ്റവും ബോറടിപ്പിക്കുന്ന,ബുദ്ധിമുട്ടുള്ള കാര്യം. പണി നടക്കുന്ന ഒരു സ്ഥലത്ത് പണിയില്ലാതെ ഇരിക്കുന്നത് ബുദ്ധിമുട്ടാണല്ലോ,' അഭിനയത്തിനായി ഇറങ്ങിതിരിക്കാൻ പ്ലാൻ ഇല്ലെങ്കിലും ഏതെങ്കിലും രസകരമായ വേഷങ്ങൾ വന്നാൽ ചെയ്യാൻ താൽപര്യമുണ്ട്.