ഇന്ദിരാഗാന്ധി ബയോപിക്, സംവിധാനം ചെയ്യാന്‍ തന്നേക്കാള്‍ മികച്ചൊരാളില്ലെന്ന് കങ്കണ റണാവത്

ഇന്ദിരാഗാന്ധി ബയോപിക്, സംവിധാനം ചെയ്യാന്‍ തന്നേക്കാള്‍ മികച്ചൊരാളില്ലെന്ന് കങ്കണ റണാവത്

മണികര്‍ണികയ്ക്ക് ശേഷം ഇന്ദിരാഗാന്ധിയുടെ ജീവചരിത്രം സിനിമയാക്കാന്‍ ബോളിവുഡ് താരം കങ്കണ റണാവത്. എമര്‍ജന്‍സി എന്നാണ് സിനിമയുടെ പേര് . കങ്കണ തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്നതും. അടിയന്തിരാവസ്ഥ, ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ തുടങ്ങിയ ഇന്ത്യന്‍ ചരിത്രത്തിലെ നിര്‍ണ്ണായക സംഭവങ്ങളടക്കം സിനിമയിലുണ്ടാകും. റിതേഷ് ഷായാണ് തിരക്കഥ. പിങ്ക്, കഹാനി തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്താണ് റിതേഷ് ഷാ. ഏറെ കാലമായി ബിജെപി-സംഘപരിവാര്‍ നിലപാടുകള്‍ പിന്തുടരുന്ന കങ്കണ റണാവത് ഇന്ദിരാഗാന്ധിയുടെ ബയോപിക് രാഷ്ട്രീയ അജണ്ടയോടെയാകും അവതരിപ്പിക്കുകയെന്നും ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുണ്ട്.

ഇന്ദിരാഗാന്ധിയാകുന്നതിനുള്ള തയ്യാറെടുപ്പിന്റെ ചിത്രങ്ങള്‍ കങ്കണ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഇന്ദിരാഗാന്ധിയുടെ സ്‌കിന്‍ ടോണ്‍ അനുസരിച്ചുള്ള ഫേസ് സ്‌കാനിന്റെ ചിത്രങ്ങളാണ് കങ്കണ പങ്കുവെച്ചിരിക്കുന്നത്.

ഓരോ കഥാപാത്രവും ഒരു പുതിയ യാത്രയുടെ മനോഹരമായ തുടക്കമാണ്. എമര്‍ജന്‍സി സിനിമയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചു . ശരിയായ രൂപത്തിനായി ശരീരവും ഫേസ് സ്‌കാനും ഉപയോഗിക്കുന്നു. ഒരാളുടെ വിഷന്‍ യാഥാര്‍ഥ്യമാക്കുന്നതിനായി നിരവധി ആര്‍ട്ടിസ്റ്റുകള്‍ ഇവിടെ ഒത്തുചേരുന്നു.... ഇത് വളരെ പ്രത്യേകതയുള്ളതായിരിക്കും,

കങ്കണ റണാവത്

സിനിമ സംവിധാനം ചെയ്യുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്, സിനിമയുമായി ബന്ധപ്പെട്ട് ഒരുവര്‍ഷത്തോളമായുള്ള പ്രവര്‍ത്തനത്തിന് ശേഷം എന്നെക്കാള്‍ നന്നായി ഈ സിനിമ സംവിധാനം ചെയ്യാന്‍ ആര്‍ക്കും കഴിയില്ലെന്ന് എനിക്ക് ബോധ്യമായി. റിതേഷ് ഷായുമായി സഹകരിക്കുന്നു, ഇതൊരു മഹത്തായ യാത്രയാകും, നിലവിലെ ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ ഭൂപരിസരം മനസ്സിലാക്കാന്‍ എന്റെ തലമുറയെ സഹായിക്കുന്ന ഒരു പൊളിറ്റിക്കല്‍ ഡ്രാമയെന്നാണ് സിനിമയെക്കുറിച്ച് കങ്കണ മാധ്യമങ്ങളോട് പറഞ്ഞത്.

തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് തലൈവിയാണ് കങ്കണയുടെ അടുത്ത റിലീസ്. അരവിന്ദ് സ്വാമിയാണ് എംജിആറിന്റെ റോളില്‍. എ എല്‍ വിജയ് ആണ് സംവിധാനം. പ്രകാശ് രാജ്, ഭാഗ്യശ്രീ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കെ.വി.വിജയേന്ദ്ര പ്രസാദിന്റേതാണ് തിരക്കഥ.

Related Stories

No stories found.
logo
The Cue
www.thecue.in