മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതൽ ദി കോർ. വളരെ ഇന്റെൻസ് ഇമോഷൻസ് ഉള്ള സിനിമയാണ് കാതലെന്ന് മമ്മൂട്ടി. കാതലിനെ പ്രണയമെന്നാണ് പറയാറ്, പ്രണയത്തിന് എന്തൊക്കെ അർത്ഥങ്ങളുണ്ടോ അതിൽ ഒരു അർത്ഥമായിരിക്കും ഈ സിനിമ. ഈ സിനിമയിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രണയം ആരും കാണാത്ത തരത്തിലുള്ള പ്രണയമായിരിക്കും. ആരാണ് ശരി ആരാണ് തെറ്റ് എന്നത് പടം കണ്ടിറങ്ങിയാലും നിർവചിക്കൻ പറ്റില്ലെന്നാണ് തന്റെ ധാരണയെന്ന് ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടിയുടെ വാക്കുകൾ :
കാതലിൽ ഒരുപാട് മൊമെന്റ്‌സ് ഉണ്ടെന്നാണ് ഞാൻ വിചാരിക്കുന്നത്. വളരെ ഇന്റെൻസ് ഇമോഷൻസ് ഉള്ള സിനിമയാണ് കാതൽ. കാതലിനെ പ്രണയമെന്നാണ് പറയാറ്, പ്രണയത്തിന് എന്തൊക്കെ അർത്ഥങ്ങളുണ്ടോ അതിൽ ഒരു അർത്ഥമായിരിക്കും ഈ സിനിമ. കാതലെന്നാൽ ഉൾക്കാമ്പ് എന്നാണ് മലയാളത്തിൽ അർഥം. കാതലെന്ന തമിഴ് വാക്കിന്റെ മലയാളം നമ്മൾ എടുത്താൽ തന്നെ ഈ സിനിമയിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രണയം ആരും കാണാത്ത തരത്തിലുള്ള പ്രണയമായിരിക്കും. ആരാണ് ശരി ആരാണ് തെറ്റ് എന്നത് പടം കണ്ടിറങ്ങിയാലും നിർവചിക്കൻ പറ്റില്ലെന്നാണ് എന്റെ ധാരണ. ഇത് മനുഷ്യന്റെ സ്നേഹത്തിന്റെ കാതലാണ്. പ്രണയത്തിന്റെ ഒരു കാമ്പുണ്ടല്ലോ, പ്രണയമെന്നത് യാഥാർഥ്യത്തിൽ എന്തായിരിക്കണം സ്ത്രീയും പുരുഷനും തമ്മിൽ എന്തോരം സ്നേഹിക്കാം എന്തൊക്കെ അതിർവരമ്പുകൾക്കപ്പുറം സ്നേഹിക്കാം എന്നതാണ് സിനിമയുടെ ഗോൾ.
ചിത്രത്തിൽ മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് കാതൽ. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേർന്നാണ്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം നാളെ തിയറ്ററുകളിലെത്തും. സ്നേഹത്തെക്കുറിച്ചും മനുഷ്യർ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും സിനിമ സംസാരിക്കുന്ന സിനിമയാണ് കാതലെന്നാണ് സംവിധായകൻ ജിയോ ബേബി വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത്. ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡി എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ്. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ -ജോര്‍ജ് സെബാസ്റ്റ്യന്‍. സാലു കെ തോമസ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം മാത്യൂസ് പുളിക്കൻ ആണ്.