
രേഖാചിത്രം എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത് 90 ലൊക്കേഷനുകളിലായി 60 ദിവസങ്ങൾ കൊണ്ടാണെന്ന് സംവിധായകൻ ജോഫിൻ ടി ചാക്കോ. ചത്രത്തിൽ 115 അഭിനേതാക്കളുണ്ടായിരുന്നു. ഇവരിൽ പലരും ആദ്യമായി അഭിനയിക്കുന്നവരാണ്. ചെറിയ ബഡ്ജറ്റിൽ പൂർത്തിയാക്കുന്നതിന് പദ്ധതിയുണ്ടായിരുന്നു. പഴയ കാലഘട്ടം കാണിക്കുന്ന സീനുകൾക്ക് കൂടുതൽ ചിലവഴിക്കുകയും അതിനെ ബാലൻസ് ചെയ്യുന്ന രീതിയിൽ മറ്റ് സീനുകൾ ഷൂട്ട് ചെയ്യുമായുമായിരുന്നു. 60 ദിവസം കൊണ്ട് 90 ലൊക്കേഷനുകളിലായി ഷൂട്ട് ചെയ്തത് ശ്രമകരമായിരുന്നു എന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ജോഫിൻ ടി ചാക്കോ പറഞ്ഞു.
ജോഫിൻ ടി ചാക്കോ പറഞ്ഞത്:
ആദ്യം ഈ സിനിമയുടെ കഥ പറയുമ്പോൾ ഒരുപാട് ബഡ്‌ജറ്റ് വരുന്ന രീതിയിലാണ് ആലോചിച്ചത്. പക്ഷെ ഒരു പോയിന്റ് എത്തിയപ്പോൾ അങ്ങനെ എടുക്കാൻ കഴിയില്ല എന്നെനിക്ക് തോന്നി. പിന്നീടാണ് മറ്റൊരു രീതിയിൽ ആലോചിച്ചത്. പഴയ കാലഘട്ടം വരുന്ന ഭാഗങ്ങളിൽ കുറച്ചധികം ഇൻവെസ്റ്റ് ചെയ്തതിന് ശേഷം അപ്പുറത്തുള്ള മറ്റ് ഭാഗങ്ങളിൽ അതിനെ ബാലൻസ് ചെയ്യുക എന്നതായിരുന്നു പ്ലാൻ. ആ രീതിയിൽ എങ്ങനെ ഒരു മലയാളം സിനിമ ചെയ്യുന്നതുപോലെ ബഡ്‌ജറ്റ് ഫ്രണ്ട്ലി ആക്കാം എന്ന ആലോചന മുൻപേ ഉണ്ടായി. അങ്ങനെയാണ് ഈ സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത്. പഴയ കാലഘട്ടം കാണിക്കുന്ന സീനുകൾ തന്നെയാണ് ഏറ്റവും കൂടുതൽ സമയമെടുത്ത് ഷൂട്ട് ചെയ്തിരിക്കുന്നതും. ചെറുതും വലുതുമായ 115 ഓളം ആർട്ടിസ്റ്റുകൾ ഈ സിനിമയിലുണ്ട്. ഫസ്റ്റ് ലുക്കിന്റെ ഒപ്പം ഇവരുടെ എല്ലാം പേരും വിട്ടിട്ടുണ്ട്. വളരെ ഫേമസായ ആളുകൾ മാത്രമല്ല പുതിയ ഒരുപാട് ആളുകൾ സിനിമയിലുണ്ട്. 115 കഥാപാത്രങ്ങളായിട്ടുള്ള ആളുകൾ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
90 ലൊക്കേഷനിലാണ് സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത്. അത്രയും ഷിഫ്റ്റ് ചെയ്യപ്പെട്ട് ഷൂട്ട് ചെയ്ത സിനിമയാണ്. പക്ഷെ ഇത് ഞങ്ങൾ ഷൂട്ട് ചെയ്തിരിക്കുന്നത് 60 ദിവസങ്ങൾ കൊണ്ടാണ്. ഒരുപാട് കഥ പറയുന്ന ഒരു കഥപ്പടം കൂടിയാണിത്. അതിനനുസരിച്ച് ഇതിന്റെ ലൊക്കേഷനുകളും മാറുന്നുണ്ട്. നല്ല സമയമെടുത്താണ് പ്രീപ്രൊഡക്ഷനും ചെയ്തിരിക്കുന്നത്. ഈ 90 ലൊക്കേഷനുകൾ 60 ദിവസം കൊണ്ട് പൂർത്തിയാക്കുക എന്നത് വളരെ ശ്രമകരമായ കാര്യമായിരുന്നു. നല്ല മഴയുള്ള സമയം കൂടിയായിരുന്നു.