
'രേഖാചിത്രം' സിനിമയിലെ ഇടവേളയെ ചൊല്ലിയുള്ള വാർത്തയിൽ പ്രതികരിച്ച് സംവിധായകൻ ജോഫിൻ ടി ചാക്കോ. സാധാരണ സിനിമകളെ പോലെയുള്ള ഒരു ഇന്റർമിഷനല്ല സിനിമയ്ക്ക് ഉള്ളത്. ഇന്റർവെൽ ഇല്ല എന്ന് പറഞ്ഞത് മറ്റൊരു തരത്തിലാണ്. സാധാരണയായി സിനിമകളിൽ ഉണ്ടാകുന്ന ഒരു ഇന്റർവെൽ ബ്ലോക്ക് സിനിമയിൽ ഉണ്ടാകില്ല. എന്നാൽ സിനിമയ്ക്ക് ഇടവേള ഉണ്ടാകും. നമ്മൾ കണ്ടു ശീലിച്ച ഒരു രീതി അനുസരിച്ച് 2 മണിക്കൂർ മുഴുവനും ഇരുന്ന് സിനിമ കാണുക എന്നത് ഇന്ത്യൻ സിനിമയ്ക്ക് പോസിബിൾ അല്ല. ഹോളിവുഡ് സിനിമകളിൽ തിയറ്ററുകാർ തന്നെയാണ് ഇടവേള നിശ്ചയിക്കാറുള്ളത്. അതിന് പകരം അവർക്ക് പടം പോസ് ചെയ്യാനുള്ള ഒരു ഭാഗം രേഖാചിത്രത്തിൽ ഉണ്ടാകുമെന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ജോഫിൻ ടി ചാക്കോ പറഞ്ഞു.
ജോഫിൻ ടി ചാക്കോ പറഞ്ഞത്:
സിനിമയ്ക്ക് ഇന്റർവെൽ ഇല്ല എന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. അത് അങ്ങനെയല്ല. രണ്ട് മണിക്കൂറും പത്ത് മിനിറ്റുമുള്ള സിനിമയാണിത്. നമ്മൾ കണ്ടു ശീലിച്ച ഒരു രീതി അനുസരിച്ച് 2 മണിക്കൂർ മുഴുവനും ഇരുന്ന് സിനിമ കാണുക എന്നത് ഇന്ത്യൻ സിനിമയ്ക്ക് പോസിബിൾ അല്ല. സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ളവർക്ക് ഒറ്റയടിക്ക് അത്രയും നേരം ഇരിക്കുക എന്നത് നടക്കണമെന്നില്ല. വാഷ്‌റൂം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉണ്ടാകും. അങ്ങനെ കുറെ കാരണങ്ങൾ അതിനുണ്ട്.
ഈ കഥ ഞങ്ങൾ ആദ്യം ആലോചിക്കുന്ന സമയത്ത് സിനിമയ്ക്ക് വളരെ പ്രോപ്പറായ ഒരു ഇന്റർവെൽ എല്ലാം ഉണ്ടായിരുന്നു. ഈ സിനിമയിലെ ഒരു പോയിന്റ് വന്നു നിൽക്കുന്നത് ഇന്റെർവെല്ലിലായിരുന്നു. പക്ഷെ ഞാനും രാമുവും ജോണുമെല്ലാം സിനിമയുടെ എഴുത്ത് തുടങ്ങിയ സമയത്ത് ഇന്റർവെൽ വരെ കൊണ്ടുപോകാൻ കഴിയുന്ന ഒരു പോയിന്റ് ആയിരുന്നില്ല അത്. നേരത്തെ ഇന്റെർവെല്ലിന് വേണ്ടി പ്ലാൻ ചെയ്ത ഭാഗം സിനിമയുടെ മുപ്പത്തഞ്ചാം മിനിറ്റിൽ സംഭവിക്കും. പടത്തിന്റെ ഏറ്റവും ഹൈ പോയിന്റായി എനിക്ക് തോന്നുന്നത് ആ ഭാഗമാണ്. അതിന് ശേഷം പടത്തിന്റെ ഹൈ പോയിന്റ് വരുന്നത് അറുപതാമത്തെ മിനിറ്റിലാണ്. അങ്ങനെ നോക്കുമ്പോൾ ഒരു ഇന്റർവെൽ പ്ലേസ്മെന്റ് ഈ സിനിമയ്ക്കില്ല. അതുകൊണ്ട് തന്നെ ഇന്റർവെൽ ബ്ലോക്കിന് വേണ്ടിയായി ഒന്നും സ്ക്രിപ്റ്റിൽ ചേർത്തിട്ടില്ല. ഹോളിവുഡ് സിനിമകളൊക്കെ തിയറ്ററുകാർ തന്നെ ബ്രേക്ക് ചെയ്യുകയാണ് ചെയ്യാറ്. അതിന് പകരം അവർക്ക് നിർത്താനുള്ള ഒരു ഭാഗം നമ്മൾ കൊടുക്കും. സാധാരണ സിനിമകളെ പോലെയുള്ള ഒരു ഇന്റർമിഷൻ അല്ല സിനിമയിൽ ഉള്ളത്. കഥയുടെ ഒരു തുടർച്ചയായിട്ടാണ് സിനിമ പോകുന്നത്.