ഇലക്ട്രിഫൈയിംഗ് പെർഫോമർ ആണ് നടൻ നസ്ലെൻ എന്ന് ഛായാഗ്രാഹകൻ ജിംഷി ഖാലിദ്. 'തല്ലുമാല'ക്ക് ശേഷം നസ്ലൻ, ഗണപതി, ലുക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആലപ്പുഴ ജിംഖാന'. ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് ജിംഷി ഖാലിദ് ആണ്. മോണിറ്ററിലൂടെ അല്ലാതെ നസ്ലെന്റെ പെർഫോമൻസ് നേരിട്ട് കാണാൻ വളരെ രസമാണ് എന്ന് ജിംഷി ഖാലിദ് പറയുന്നു. വളരെ കഴിവുള്ള നടൻ ആണ് അവൻ എന്നും അവനൊപ്പം വർക്ക് ചെയ്യാൻ വളരെ എളുപ്പമാണെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ജിംഷി ഖാലിദ് പറഞ്ഞു.
ജിംഷി ഖാലിദ് പറഞ്ഞത്:
നസ്ലെന്റെ പെർഫോമൻസ് വളരെ ഇലക്ട്രിഫൈയിംഗ് ആണ്. അങ്ങനെ അടക്കി പിടിച്ച് പെർഫോം ചെയ്യുന്ന ഒരു ആക്ടർ അല്ല അദ്ദേഹം. ആക്ടിംഗിൽ അദ്ദേഹം അദ്ദേഹത്തെ തന്നെ അങ്ങ് തുറന്നു വിടും. വളരെ ഇലക്ട്രിഫൈയിംഗും ചാമിങും ആണ് അത് കണ്ടിരിക്കാൻ തന്നെ. മോണിറ്ററിൽ അല്ല ചുമ്മാ ഇങ്ങനെ നോക്കി നിൽക്കാൻ രസമാണ്. ഞാൻ സാധാരണ റഹ്മാനൊപ്പം മോണിറ്ററിൽ നോക്കിയിരിക്കുകയാണ് പതിവ്. പക്ഷേ നസ്ലെന്റെ ഷോട്ട് ആണെങ്കിൽ ഞാൻ അല്ലാതെ തന്നെ നോക്കും. വളരെ കഴിവുള്ള ആളാണ് നസ്ലെൻ. അവനൊപ്പം വർക്ക് ചെയ്യാനും വളരെ എളുപ്പം ആണ്. മാത്രമല്ല ഈ സിനിമയ്ക്ക് വേണ്ടി ശരിക്കും പണിയെടുത്തിട്ടുണ്ട് ആ പിള്ളേര്. ഇവരുടെ ട്രെയ്നിംഗ് സമയത്ത് ഒന്ന് രണ്ട് പേരുടെ ഒക്കെ ദേഹത്തെ ചെറിയ പൊട്ടൽ ഒക്കെയുണ്ടായിട്ടുണ്ട്. ഗണപതിക്ക് ഒക്കെ സംഭവിച്ചിട്ടുണ്ട് അത്. പക്ഷേ അവർക്ക് ഒരു പരാതിയും ഉണ്ടായിരുന്നില്ല. നസ്ലെനെ നമുക്ക് എല്ലാവർക്കും അറിയാല്ലോ അവൻ വളരെയധികം കഴിവുള്ള ഒരാളാണ്. അവൻ ഭാവി വാഗ്ദാനം ആണ്.
വിഷു റിലീസ് ആയി ഏപ്രിൽ 10 ന് റിലീസിനെത്തിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. റിലീസിനെത്തി മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ 10 കോടിയ്ക്ക് മേലേ ചിത്രം കളക്ഷൻ നേടി എന്നാണ് റിപ്പോർട്ടുകൾ. പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രമാണ് ആലപ്പുഴ ജിംഖാന. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.