മമ്മൂക്ക പറഞ്ഞു ഞാനിങ്ങനെയൊന്ന് ചെയ്തിട്ടുണ്ട് വേണ്ടെങ്കിൽ കളയണം; കാതലിലെ 'ദെെവമേ' എന്ന വിളി തിരിക്കഥയിലുണ്ടായിരുന്നില്ലെന്ന് ജിയോ ബേബി

മമ്മൂക്ക പറഞ്ഞു ഞാനിങ്ങനെയൊന്ന് ചെയ്തിട്ടുണ്ട് വേണ്ടെങ്കിൽ കളയണം; കാതലിലെ 'ദെെവമേ' എന്ന വിളി തിരിക്കഥയിലുണ്ടായിരുന്നില്ലെന്ന് ജിയോ ബേബി

കാതലിലെ ഇമോഷണൽ സീനിൽ ദെെവമേ എന്ന് മമ്മൂട്ടിയുടെ കഥാപാത്രം വിളിക്കുന്നത് തിരക്കഥയിലുണ്ടായിരുന്നില്ലെന്ന് സംവിധായകൻ ജിയോ ബേബി. ദെെവമേ എന്ന മമ്മൂക്കയുടെ വിളി സ്ക്രീൻ പ്ലേയിൽ ഉണ്ടായിരുന്നില്ല. ഒരു ടേക്ക് മാത്രമാണ് ആ സീനിന് വേണ്ടിയെടുത്തിരുന്നത്. മോണിറ്ററിലൂടെ ദെെവമേ എന്ന വിളി ആദ്യം കേൾക്കുമ്പോൾ തനിക്ക് ഒന്നും തന്നെ തോന്നിയിരുന്നില്ലയെന്ന് ജിയോ ബേബി പറയുന്നു. സീനിന് ശേഷം മമ്മൂക്ക വന്നു പറഞ്ഞു. ഞാൻ ഇങ്ങനെയൊരു സാധനം ഇട്ടുപോയിട്ടുണ്ട്. വേണ്ടെങ്കിൽ കളയണം. അല്ലെങ്കിൽ ആ സീൻ ഒന്നൂടെ എടുക്കണോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു വേണ്ടെന്ന്. ആ സീൻ എടുക്കുന്ന സമയത്ത് എഡിറ്റിൽ ആ ഡയലോ​ഗ് മ്യൂട്ട് ചെയ്യുകയോ ഹെെഡ് ചെയ്യുകയോ ചെയ്യാമെന്നാണ് കരുതിയത് എന്നും എന്നാൽ പിന്നീട് അത് വർക്കാവുമെന്ന് തോന്നി അത് നിലനിർത്തുകയായിരുന്നുവെന്നും ജിയോ ബേബി ക്യു സ്റ്റുഡിയോയുടെ ഡയറക്ടേഴ്സ് റൗണ്ട് ടേബിളിൽ പറഞ്ഞു.

ജിയോ ബേബി പറഞ്ഞത്:

ദെെവമേ എന്ന വിളി സ്ക്രീൻ പ്ലേയിൽ ഇല്ല. ഒരു ടേക്ക് മാത്രമേ എടുത്തിട്ടുള്ളൂ ആ സീനിന്. ഞാൻ അത് കണ്ടു കൊണ്ടിരിക്കുന്നു, മമ്മൂക്ക ദെെവമേ എന്ന് വിളിക്കുന്നു. അപ്പോൾ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. മമ്മൂക്ക വന്നു പറഞ്ഞു. ഞാൻ അങ്ങനെയൊരു സാധനം ഇട്ടുപോയിട്ടുണ്ട്. വേണ്ടെങ്കിൽ കളയണം. ഒന്നൂടെ എടുക്കണോ എന്ന് ചോദിച്ചു. നമ്മൾ ബാക്കിൽ നിന്നൊരു ഷോട്ട് കൂടി എടുത്തിട്ടുണ്ടായിരുന്നു. ഞാൻ ആ സീൻ ഒന്നുകൂടി കണ്ടു, എന്റെ മെെന്റിൽ അതില്ലല്ലോ? എഴുത്തുകാരുടെ മെെന്റിലും ആ ഡയലോ​ഗില്ല. അപ്പോൾ ഇത് വേണോ വേണ്ടയോ എന്ന കാര്യത്തിൽ ഭയങ്കരമായ ആശങ്ക വന്നു. രണ്ട് പേരുടെയും നല്ല പെർഫോമൻസാണ്, വളരെ ഈസിയായി അത് മ്യൂട്ട് ചെയ്യാൻ സാധിക്കും. പുറകിൽ നിന്നൊരു ഷോട്ട് എടുത്തത് കൊണ്ട് ആ സീൻ ഇനി റീ ടേക്ക് എടുക്കേണ്ട എന്ന് ഞാൻ പറഞ്ഞു. ആദർശും പോൾസണും ഭയങ്കര ടെൻഷനായിരുന്നു. ആ ഷോട്ടുണ്ടെങ്കിൽ പ്രശ്നം വരും എന്നു പറഞ്ഞ്. ഞാൻ പറഞ്ഞു അതിനെ കവർ ചെയ്യാനുള്ള ഷോട്ടുണ്ടല്ലോ? സമാധാനമായിരിക്കൂ എന്ന്. പിന്നീട് അത് എഡിറ്റിം​ഗ് ടേബിളിലേക്ക് വരുന്നു. കുറേ പ്രാവശ്യം ഞാൻ അത് കാണുന്നു. പിന്നീട് അത് അങ്ങനെ ശ്രദ്ധിക്കാതെയായി. ദെെവമേ എന്ന വിളി വച്ചു തന്നെ എഡിറ്റ് ചെയ്തു. വീണ്ടും അത് കുറേ തവണ കണ്ട് നോക്കി. അത് ഹെെഡ് ചെയ്ത് വച്ചിട്ട് കണ്ടു നോക്കി, മ്യൂട്ട് ചെയ്തിട്ട് കണ്ടു, അങ്ങനെ കാണുമ്പോൾ ചില്പപ്പോഴൊക്കെ അത് മാറ്റാം എന്ന് തോന്നിയിട്ടുണ്ട്. പിന്നെ ഏതോ ഒരു നിമിഷത്തിൽ അതിരിക്കട്ടെയെന്ന് ഞാൻ പറഞ്ഞു. വളരെ ശ്രദ്ധിച്ച് ഞാൻ അത് കാണുന്ന സമയത്ത് ആ സീൻ വർക്കാണെന്നാണ് എനിക്ക് തോന്നിയത് കൊണ്ടാണത്. മമ്മൂക്കയ്ക്ക് ആ സീൻ ഞാൻ എന്ത് ചെയ്താലും പ്രശ്നമില്ലായിരുന്നു. ആ വിളി കൂടിപ്പോയെങ്കിൽ ഞാൻ‌ സ്റ്റുഡിയോയിൽ വന്ന് ഡബ്ബ് ചെയ്ത് താരാം എന്ന് പറഞ്ഞു. അത് ഷൂട്ട് ചെയ്ത നിമിഷത്തിൽ ആ ​ഡയലോ​ഗ് കവർ ചെയ്യാം എന്നാണ് ഞാൻ കരുതിയത്. എഡിറ്ററോടും ക്രൂവിനോടും വീട്ടിലുള്ള സ്ത്രീകളോടും പിന്നീട് എന്റെ സുഹൃത്തുക്കളെയും ഈ സിനിമ കാണിച്ചു. അങ്ങനെയാണ് അത് വയ്ക്കാം എന്ന് തീരുമാനിക്കുന്നത്.

ജിയോ ബേബി സംവിധാനത്തിൽ മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് കാതൽ ദ കോർ. മികച്ച പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ ചിത്രത്തിൽ മാത്യു ദേവസി എന്ന ​ഗേ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രത്തിൽ മാത്യുവിന്റെ ഭാര്യ ഓമന എന്ന കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിച്ചത്. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ നിരവധി പ്രേക്ഷകപ്രശംസ ലഭിച്ചിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം വേഫറർ ഫിലിംസാണ് വിതരണത്തിനെത്തിച്ചത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേർന്നാണ്. മുത്തുമണി, ജോജി ജോൺ, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ , ജോസി സിജോ, ആദര്‍ശ് സുകുമാരന്‍, അലക്സ് അലിസ്റ്റർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

logo
The Cue
www.thecue.in