വലിയൊരു ഉത്തരവാദിത്തമാണ് അവർ ചെയ്തുകൊണ്ടിരിക്കുന്നത്; സിനിമ മാത്രമല്ല, കാണുന്ന പ്രേക്ഷകരും പൊളിറ്റിക്കൽ ആകുന്നുണ്ടെന്ന് ജിയോ ബേബി

വലിയൊരു ഉത്തരവാദിത്തമാണ് അവർ ചെയ്തുകൊണ്ടിരിക്കുന്നത്; സിനിമ മാത്രമല്ല, കാണുന്ന പ്രേക്ഷകരും പൊളിറ്റിക്കൽ ആകുന്നുണ്ടെന്ന് ജിയോ ബേബി

എന്തുകൊണ്ടാണ് കാതലിലേക്ക് മമ്മൂട്ടിയെ തെരഞ്ഞെടുത്തത് എന്ന് ചോദിച്ചാൽ അദ്ദേഹത്തിനെ പോലെയൊരാൾ ഈ സിനിമ റിജക്ട് ചെയ്യില്ല എന്നൊരു ബോധം ഉള്ളിലുണ്ടായിരുന്നത് കൊണ്ടാണ് എന്ന് സംവിധായകൻ ജിയോ ബേബി. കാതൽ പോലെ ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ പോലെ നമ്മൾ ഒരു സിനിമയെടുക്കുമ്പോൾ അത് കാണുന്ന പ്രേക്ഷകനും പൊളിറ്റിക്കലാവുന്നുണ്ട് എന്നും ഈ സിനിമ കാണാൻ പ്രേക്ഷകർ ആഹ്വാനം ചെയ്യുന്നതിലൂടെ അവർ ഒരു തരം രാഷ്ട്രീയമാണ് മുന്നോട്ട് വയ്ക്കുന്നതെന്നും ജിയോ ബേബി പറയുന്നു. ചിത്രത്തിനെതിരെ ഹേറ്റ് ക്യാമ്പയിന് നടത്തുന്നവർക്ക് പ്രേക്ഷകർ തന്നെ സിനിമ കണ്ട് മറുപടി കൊടുക്കുന്നുണ്ടെന്നും ജിയോ ബേബി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ജിയോ ബേബി പറഞ്ഞത്:

എന്തുകൊണ്ട് ഞാൻ മമ്മൂക്കയെ ചൂസ് ചെയ്തു എന്ന് ചേദിച്ചാൽ, ഇങ്ങനെയൊക്കെയുള്ള ഒരു മനുഷ്യനെ ഇത് ചെയ്യൂള്ളൂ എന്ന് നമ്മുടെ ഉള്ളിലൊരു ബോധമുണ്ടായിരുന്നു എന്നതിനാലാണ്. ഇദ്ദേഹത്തിന്റെ അടുത്ത് ഇത് പറഞ്ഞാൽ റിജക്ട് ചെയ്യില്ല, അത് പോലെ തന്നെ നമ്മൾ ഇങ്ങനെ ഒരു സിനിമ എടുക്കുമ്പോൾ ഈ സിനിമ പോലെ തന്നെ പ്രേക്ഷകരും കൂടി പൊളിറ്റിക്കൽ ആവുന്നുണ്ട്. അവർക്ക് ഇത് കാണാൻ ഒരുപാട് കാരണങ്ങളുണ്ട്. അവരുടെ ഹ‍ൃദയത്തിൽ തൊടുന്നു എന്നതല്ലാതെ വലിയൊരു ഉത്തരവാദിത്തമാണ് പ്രേക്ഷകർ ചെയ്തുകൊണ്ടിരിക്കുന്നത്. ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ആണെങ്കിലും കാതലാണെങ്കിലും നിങ്ങൾ പോയി കാണണം എന്ന ഒരു മനുഷ്യൻ പറയുന്നുണ്ടെങ്കിൽ അവർ ഒരുതരം രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്നുണ്ട് എന്നുള്ളതാണ്. അതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. നമ്മൾ സിനിമയിലൂടെ പൊളിറ്റിക്സ് പറയുന്നു എന്നതല്ല, പ്രേക്ഷകർ ഒരു പൊളിറ്റിക്സിന്റെ ഭാ​ഗമാകുന്നുണ്ട്. പ്രത്യേകിച്ച് ഇങ്ങനെ ഒരു സിനിമ, ആളുകൾ കൂട്ടമായി കാണാൻ ആഹ്വാനം ചെയ്യുന്നതും അവർ സ്റ്റാറ്റസുകൾ ഇടുന്നതും എഴുതി ഇടുന്നതിലും ഒരു രാഷ്ട്രീയമുണ്ടെന്ന് വിശ്വസിക്കുന്നുണ്ട് ഞാൻ.

ഞങ്ങൾ കരുതുന്നത് സിനിമയിൽ തങ്കൻ ഒട്ടിക്കുന്നത് പോലെ ഒരു പോസ്റ്റർ ജനങ്ങൾ ഈ ഹേറ്റ് ക്യാമ്പയിന് പുറത്ത് കൊണ്ടു പോയി ഒട്ടിക്കാൻ തുടങ്ങിയിട്ടുണ്ട് എന്നതാണ് എന്നും ജിയോ ബേബി പറയുന്നു. എല്ലായിടത്തും കൊണ്ടുപോയി കമന്റിന് മറുപടി കൊടുക്കുന്നു എന്നതല്ല. നിങ്ങൾക്കുള്ള മറുപടിയാണ് തിയറ്ററിൽ ആളുകൾ കയറുന്നത് എന്ന് ഒരാൾ പറയുന്നുണ്ടെങ്കിൽ അത് ഹേറ്റ് ക്യാമ്പയിൻ ചെയ്യുന്ന എല്ലാവർക്കുമുള്ള മറുപടിയാണ് എന്നും ജിയോ ബേബി പറയുന്നു.

മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതൽ. ചിത്രത്തിൽ മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു കാതൽ. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേർന്നാണ്. ചിത്രത്തിനും മമ്മൂട്ടിയുടെ പ്രകടനത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. മുത്തുമണി, ജോജി ജോൺ, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ , ജോസി സിജോ, ആദര്‍ശ് സുകുമാരന്‍, അലക്സ് അലിസ്റ്റർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in