പത്മരാജന്റെ മുഖത്ത് നോക്കിയാണ് ഡയലോ​ഗ് പറയേണ്ടിയിരുന്നത്, മോണിറ്ററിന് മുന്നിലിരിക്കുന്ന സംവിധായകനായിരുന്നില്ല : ജയറാം

പത്മരാജന്റെ മുഖത്ത് നോക്കിയാണ് ഡയലോ​ഗ് പറയേണ്ടിയിരുന്നത്, മോണിറ്ററിന് മുന്നിലിരിക്കുന്ന സംവിധായകനായിരുന്നില്ല : ജയറാം

ഗുരുനാഥനായ പത്മരാജനൊപ്പം സിനിമ ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് നോക്കിയാണ് ഡയലോ​ഗുകൾ പറയേണ്ടിയിരുന്നതെന്ന് ജയറാം. അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു, മോഹൻലാൽ വരെ അത് പറഞ്ഞിട്ടുണ്ട് എന്നും ജയറാം പറയുന്നു. ആദ്യ സിനിമയായ അപരൻ എന്ന ചിത്രവും അതിന്റെ തിരക്കഥയും എത്രത്തോളം ബ്രില്ല്യന്റ് ആയിരുന്നു എന്ന് ഇന്ന് തിരി‍ഞ്ഞു നോക്കുമ്പോൾ മനസ്സിലാകുന്നുണ്ടെന്നും ആ കാലത്ത് അത്തരം ഒരു തിരക്കഥ ഒരുക്കുക എന്നത് പത്മരാജനെക്കൊണ്ട് മാത്രം സാധിക്കുന്നൊരു കാര്യമായിരുന്നു എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ജയറാം പറഞ്ഞു.

ജയറാം പറഞ്ഞത്:

ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ പത്ത് മുപ്പത്തിയാറ് വർഷങ്ങൾക്ക് മുമ്പ് അപരൻ എന്ന അത്രയും വലിയൊരു ബ്രില്ല്യന്റ് സ്ക്രിപ്റ്റ് അത് അദ്ദേഹത്തിനെക്കൊണ്ട് മാത്രം സാധിക്കുന്നൊരു കാര്യമാണ് എന്ന് മനസ്സിലാവും. എനിക്ക് കഥ പറഞ്ഞു തരുമ്പോഴും അതിന്റെ ഒരോ സീനും പറഞ്ഞു തന്ന് പോകുമ്പോഴും ഇത് ഇങ്ങനെയാണ്, ഈ സിനിമയുടെ ടോട്ടാലിറ്റി ഇങ്ങനെയാണ് വരുന്നത് എന്നൊന്നും എനിക്ക് ആ സമയത്ത് അറിയുമായിരുന്നില്ല. അദ്ദേഹം പറഞ്ഞു തരുന്ന കാര്യങ്ങൾ ചെയ്തു പോയി എന്നുമാത്രം. പിന്നെ ഇന്നത്തെ പോലെ ഒരു മോണിറ്ററിന് മുന്നിൽ ഇരിക്കുന്ന ഒരു ഡയറക്ടറായിരുന്നില്ല അദ്ദേഹം. അദ്ദേ​ഹം കാമറ എവിടെ വയ്ക്കുന്നോ അതിന്റെ തൊട്ടടുത്ത് ഇരിക്കും. അദ്ദേഹത്തെ നോക്കി നമ്മൾ ഡയലോ​ഗ് പറയണം. അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മോഹൻലാൽ പോലും പറഞ്ഞിട്ടുള്ള കാര്യമാണ്. പപ്പേട്ടന്റെ മുഖത്ത് എനിക്ക് ഒരു മിനിട്ടിൽ‌ കൂടുതൽ നോക്കാൻ പറ്റില്ല, പെട്ടന്ന് കണ്ണ് താഴ്ത്തിപ്പോകും എന്ന്. മയക്കുന്ന കണ്ണുകളാണ് അദ്ദേഹത്തിന്, ഒരു നായികയോട് ഇഷ്ടമാണ് എന്നൊക്കെ പറയേണ്ടത് അദ്ദേഹത്തിന്റെ മുഖത്ത് നോക്കിയായിരുന്നു. ഇന്നലെ എന്ന ചിത്രത്തിലൊക്കെ അങ്ങനെയായിരുന്നു ഷൂട്ട് ചെയ്തത്.

പത്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടു വച്ച നടനാണ് ജയറാം. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് ജയറാം നായകാനായെത്തുന്ന അബ്രഹാം ഓസ്ലറാണ് ജയറാമിന്റേതായി തിയറ്ററുകളിലെത്താനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. നേരമ്പോക്കിന്റെ ബാനറില്‍ മിഥുൻ മാനുവൽ തോമസും, ഇര്‍ഷാദ് എം ഹസനും ചേര്‍ന്ന് നിർമിക്കുന്ന ചിത്രം ജനുവരി 11 ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഡോക്ടര്‍ രണ്‍ധീര്‍ കൃഷ്ണനാണ്. ചിത്രത്തിൽ അര്‍ജുന്‍ അശോകന്‍, ജഗദീഷ്, സായ് കുമാര്‍, ദിലീഷ് പോത്തന്‍, അനശ്വരരാജന്‍, സെന്തില്‍ കൃഷ്ണ ആര്യ സലിം, അര്‍ജുന്‍ നന്ദകുമാര്‍, അസീം ജമാല്‍, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in