കുഞ്ചാക്കോ ബോബനും ജഗദീഷ് ഒരുമിച്ചെത്തിയ 'സത്യം ശിവം സുന്ദരം' എന്ന സിനിമയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് നടൻ ജഗദീഷ്. കുഞ്ചാക്കോ ബോബനെയും അശ്വതി മേനോനെയും പ്രധാന കഥാപാത്രങ്ങളാക്കി റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത ചിത്രമാണ് സത്യം ശിവം സുന്ദരം. ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ സുഹൃത്തായി തന്നെ തിരഞ്ഞെടുക്കുമ്പോൾ കഥാപാത്രങ്ങൾ തമ്മിൽ പ്രേക്ഷകർക്ക് പ്രായ വ്യത്യാസം തോന്നുമോ എന്ന് സംവിധായകൻ റാഫിക്ക് ആശങ്കയുണ്ടായിരുന്നുവെന്നും അതിനാലാണ് ചാക്കോച്ചൻ തന്നെ അമ്മാവോ എന്നു വിളിക്കുന്ന ഡയലോഗ് ചിത്രത്തിൽ എഴുതി ചേർത്തത് എന്നും ജഗദീഷ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ജഗദീഷ് പറഞ്ഞത്:
'സത്യം ശിവം സുന്ദരം' എന്ന സിനിമയിൽ ചാക്കോച്ചന്റെ കൂട്ടുകാരനായി എന്നെ തീരുമാനിച്ചു. അപ്പോൾ റാഫിയ്ക്ക് ചെറിയൊരു സംശയം കൂട്ടുകാരനായിട്ട് തീരുമാനിച്ചാൽ ജഗദീഷിന് പ്രായം കൂടുതൽ തോന്നില്ലേ? ചാക്കോച്ചൻ യങ് ആണെല്ലോ. അപ്പോൾ കൂട്ടുകാരൻ എന്നു പറയുന്നിടത്ത് ചാക്കോച്ചന്റെ ഡയലോഗിൽ ഇങ്ങനെ എഴുതി ചേർത്തു, അമ്മാവോ എന്ന് ഇടയ്ക്ക് ഇടയ്ക്ക് എന്നെ വിളിക്കണം എന്ന്. കൂട്ടുകാരനെ അമ്മാവൻ എന്ന് വിളിക്കേണ്ടതിന്റെ കാര്യമില്ല. ഉടൻ തന്നെ ഞാൻ ചൂടാവും ഞാൻ അമ്മാവൻ ഒന്നും അല്ല എന്ന്. അങ്ങനെ പറയുന്ന സീൻ എഴുതി ചേർത്തതാണ് ആ സിനിമയിൽ.
ജീത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ഓഫീസർ ഓൺ ഡ്യൂട്ടിയാണ് കുഞ്ചാക്കോ ബോബനും ജഗദീഷും ഇനി ഒരുമിച്ചെത്താനിരിക്കുന്ന ചിത്രം. പ്രിയാമണിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഒരു കൂട്ടം ആളുകൾ ചേർന്ന് നടത്തുന്ന കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ശ്രമിക്കുന്ന നായകനും അന്വേഷണത്തിൽ നായകൻ നേരിടുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിൽ അഭിനേതാവായും 'ഇരട്ട' എന്ന ചിത്രത്തിന്റെ കോ-ഡയറക്ടറായും പ്രവർത്തിച്ചിട്ടുള്ള ജീത്തു അഷ്‌റഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓഫീസർ ഓൺ ഡ്യൂട്ടി'. ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ഷാഹി കബീറാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. തിയേറ്ററിലും ഒടിടിയിലും പ്രേക്ഷകപ്രീതി നേടിയ സൂപ്പർഹിറ്റ് ചിത്രം 'പ്രണയവിലാസത്തിനു' ശേഷം മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവര്‍ ചേർന്നാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ നിർമ്മാണം നിർവഹിക്കുന്നത്.
ചിത്രത്തിൽ വിശാഖ് നായർ, മനോജ് കെ യു, റംസാൻ മുഹമ്മദ്, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്‍ണു ജി വാരിയർ, ലേയ മാമ്മൻ, ഐശ്വര്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കണ്ണൂർ സ്‌ക്വാഡിന്റെ സംവിധായകൻ റോബി വർഗീസ് രാജാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം ജേക്ക്സ് ബിജോയ് നിർവഹിക്കുന്നു. പ്രൊഡക്‌ഷൻ കൺട്രോളർ ഷബീർ മലവട്ടത്ത്, ഫിനാൻസ് കൺട്രോളർ: രാഹുൽ സി പിള്ള . ചീഫ് അസോ. ഡയറക്ടർ ജിനീഷ് ചന്ദ്രൻ, സക്കീർ ഹുസൈൻ, അസോസ്യേറ്റ് ഡയറക്ടർ: റെനിറ്റ് രാജ്, അസിസ്റ്റന്‍റ് ഡയറക്ടർ ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, റിയ ജോഗി, സെക്കൻഡ് യൂണിറ്റ് ഡിഒപി അൻസാരി നാസർ, സ്പോട്ട് എഡിറ്റർ: ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: അനിൽ ജി നമ്പ്യാർ, സുഹൈൽ, ആർട് ഡയറക്ടർ രാജേഷ് മേനോൻ, മേക്കപ്പ് റോണെക്സ് സേവ്യർ, സ്റ്റിൽസ് നിദാദ് കെ എൻ, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്, പി ആർ ഓ : പ്രതീഷ് ശേഖർ.