ഇന്റേണല്‍ കമ്മിറ്റി വേണമെന്ന ഹൈക്കോടതി വിധി വിജയമോ പരാജയമോ അല്ല: ലെന

ഇന്റേണല്‍ കമ്മിറ്റി വേണമെന്ന ഹൈക്കോടതി വിധി വിജയമോ പരാജയമോ അല്ല: ലെന

മലയാള സിനിമ തൊഴില്‍ മേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി (ഐ സി സി ) വേണമെന്ന് ഹൈകോടതി അടുത്തിടെ വിധി പ്രഖ്യാപിച്ചിരുന്നു. ഡബ്ല്യു.സി.സി സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു വിധി. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ 2018-ലാണ് ഡബ്ല്യുസിസി ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഒരു സെറ്റില്‍ ഷൂട്ടിങ് തുടങ്ങി അവസാനിക്കുന്നത് വരെ ആ സിനിമയുമായി ബന്ധപ്പെട്ട ഒരു വനിത ഉള്‍പ്പടെയുള്ള ഒരു കമ്മിറ്റി വേണം എന്നതായിരുന്നു ഡബ്ല്യു.സി.സിയുടെ ആവശ്യം.

ഇപ്പോഴിതാ ആഭ്യന്തര പരാതി പരിഹാര സമിതി നിര്‍ബന്ധമാക്കണമെന്ന വിധിയെ കുറിച്ച് അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് നടി ലെന.

ഈ വിധിയെ ആരുടേയും വിജയമോ പരാജയമോ ആയി കാണുന്നില്ലെന്നാണ് ലെന അഭിപ്രായപ്പെട്ടത്. ദ ക്യുവിനോടായിരുന്നു ലെനയുടെ പ്രതികരണം.

ഐ സി സിയിലൂടെ ആളുകള്‍ക്ക് അവരുടെ പരാതികള്‍ പറയാന്‍ ഒരു സാഹചര്യം ഉണ്ടാവും. ഇതെല്ലാം നല്ലതിനാണെന്നും ഇതെല്ലാം പുരോഗതിയുടെ ഭാഗമാണെന്നാണ് താന്‍ കരുതുന്നതെന്നും ലെന പറഞ്ഞു. താര സംഘടനയായ അമ്മയില്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സ്ത്രീകള്‍ വരുന്നതിനെ കുറിച്ചും ലെന സംസാരിച്ചു.

അമ്മ എന്ന താര സംഘടനയുടെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സ്ത്രീകള്‍ എത്തുന്ന കാര്യം സംഭവിക്കുകയാണെങ്കില്‍ സംഭവിക്കും എന്നെ പറയാന്‍ കഴിയൂ എന്നാണ് ലെന പറഞ്ഞത്. അമ്മയുടെ ചരിത്രത്തില്‍ രണ്ടു തവണ മാത്രമേ തിരഞ്ഞെടുപ്പ് ഉണ്ടായിട്ടുള്ളൂ. ആ രണ്ടു തവണയാണ് ലെന എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ വന്നിട്ടുള്ളത്. 10 വര്‍ഷം മുന്‍പായിരുന്നു ഇതിനു മുന്‍പ് എക്സിക്യൂട്ടീവ് അംഗം ആയിരുന്നത്. ഇപ്പോളാണ് വീണ്ടും അത് സംഭവിക്കുന്നത്. അത് താന്‍ ചെയ്യേണ്ട ഒരു സേവനം ആയാണ് തോന്നിയിട്ടുള്ളതെന്നും ലെന കൂട്ടിച്ചേര്‍ത്തു.

അമ്മക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പൊതുജനങ്ങളെ ബാധിക്കുന്നതല്ല. കാരണം പലകാര്യങ്ങളും ആരും അറിയുന്നില്ല. ഒരു സംഘടനക്ക് അകത്തു നടക്കുന്ന കാര്യങ്ങള്‍ ബാക്കിയെല്ലാവരും ചര്‍ച്ചചെയ്യുമ്പോള്‍ അതിനു എത്രത്തോളം പ്രാധാന്യം ഉണ്ടെന്നു അറിയില്ല. എല്ലാരുടെയും കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണ്. ആളുകള്‍ ഒരു വിഷയം നോക്കിക്കാണുന്നതും അവരുടെ കാഴ്ചപ്പാടുകള്‍ അനുസരിച്ചാണ്. നമ്മള്‍ ആരാണെന്നു നമുക്ക് ബോധ്യം ഉണ്ടാവണം. ബാക്കി ഉള്ളവര്‍ പറയുന്നതല്ല നമ്മളെന്നും ലെന വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in