'നിലവാരം പരിശോധിക്കാനല്ല, ജഡ്ജ് ചെയ്യാനാണ് വിളിച്ചത്, കേരളത്തിലെ സിനിമകള്‍ക്ക് കുറോസോവയുടെ സിനിമയുടെ നിലവാരമുണ്ടോ?'; ഹരീഷ് പേരടി

'നിലവാരം പരിശോധിക്കാനല്ല, ജഡ്ജ് ചെയ്യാനാണ് വിളിച്ചത്, കേരളത്തിലെ സിനിമകള്‍ക്ക് കുറോസോവയുടെ സിനിമയുടെ നിലവാരമുണ്ടോ?'; ഹരീഷ് പേരടി

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച സീരിയലിന് പുരസ്‌കാരം നല്‍കേണ്ടെന്ന ജൂറി തീരുമാനത്തിനെതിരെ നടന്‍ ഹരീഷ് പേരടി. സീരുകളുടെ നിലവാരം പരിശോധിക്കാനല്ല, ജഡ്ജ് ചെയ്യാനാണ് ജൂറിയെ വിളിച്ചതെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഹരീഷ് പേരടി പറയുന്നു.

'സിനിമ, സാഹിത്യം തുടങ്ങിയ കലയിലെ സവര്‍ണ്ണര്‍ക്ക് പുച്ഛമായ എല്ലാവരും പരിഹസിക്കുന്ന കലയിലെ അവര്‍ണ്ണരായ സീരിയല്‍ കലാകാരന്‍മാരെ വിലയിരുത്താന്‍ ഒരു യോഗ്യതയൂമില്ല. എന്റെ വീട്ടില്‍ സീരിയലുകള്‍ കാണാറുണ്ട്. ഞാന്‍ സീരിയലുകളില്‍ അഭിനയിച്ച് കുറെ കാലം കുടുംബം പോറ്റിയിട്ടുമുണ്ട്. എന്നിട്ടും ഞങ്ങള്‍ ഞങ്ങളുടെ നിലപാടുകള്‍ ഉറക്കെ പറയാറുണ്ട്. സീരിയലുകള്‍ എഴുതാനുള്ള അവസരത്തിനു വേണ്ടി നടക്കുന്ന ഒരു പാട് ബുദ്ധിജീവികളെ ഞാന്‍ കണ്ടിട്ടുമുണ്ട്. ഇതൊക്കെ വെറും ജാഡ.'

കേരളത്തിലെ സിനിമ വിലയിരുത്തുമ്പോള്‍ കുറോസോവയുടെ സിനിമയുടെ നിലവാരമുണ്ടോയെന്നും, കഥകള്‍ വിലയിരുത്തുമ്പോള്‍ പൗലോ കൊയ്‌ലോയുടെ നിലവാരമുണ്ടോയെന്നും നോക്കിയിട്ടലല്ലോ പലപ്പോഴായി അവാര്‍ഡുകള്‍ തന്നതെന്നും നടന്‍ ചോദിക്കുന്നുണ്ട്.

കലാമൂല്യമുള്ളത് ഒന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച സീരിയലിനും രണ്ടാമത്തെ സീരിയലിനും പുരസ്‌കാരം നല്‍കേണ്ടെന്ന് ജൂറി തീരുമാനിച്ചത്. ടെലിവിഷന്‍ പരമ്പരകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചുകാണുന്നതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നതായും, വീടുകളില്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്നു കാണുന്ന ഒരു മാധ്യമം എന്ന നിലയില്‍ ടെലിവിഷന്‍ പരമ്പരകളിലും കോമഡി പരിപാടികളിലും ചാനലുകള്‍ കൂടുതല്‍ ഉത്തരവാദിത്തബോധം പുലര്‍ത്തണമെന്ന് എന്‍ട്രികള്‍ വിലയിരുത്തികൊണ്ട് ജൂറി അഭിപ്രായപ്പെട്ടിരുന്നു.

ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

'ഈ നില്‍ക്കുന്നവരുടെ വീട്ടിലേക്ക് വൈകുന്നേരം ചെന്നാല്‍ 7മണിമുതല്‍ 9 മണി വരെ സീരിയലുകള്‍ ഓടികൊണ്ടിരിക്കുകയായിരിക്കും...അവരുടെ അച്ഛനോ അമ്മയോ ഭാര്യയോ ആരെങ്കിലും സിരിയലുകള്‍ കണ്ടുകൊണ്ടിരിക്കുകയായിരിക്കും...ഇവരുടെ വീടുകളില്‍ തകരാത്ത എന്ത് നിലവാരമാണ് മറ്റു വീടുകളില്‍ തകരാന്‍ പോകുന്നത്..നിങ്ങളുടെ മുന്നില്‍ വന്ന സിരിയലുകള്‍ ജഡ്ജ് ചെയ്യാനാണ് നിങ്ങളെ വിളിച്ചത്...അല്ലാതെ നിലവാരം പരിശോധിക്കാനല്ല...അതിന് വേറെ കമറ്റിയെ സര്‍ക്കാര്‍ നിയോഗിക്കും...

പറഞ്ഞ പണിയെടുത്താല്‍ പോരെ...അല്ലെങ്കില്‍ നിങ്ങളുടെയൊക്കെ കഥകള്‍ക്കും സിനിമകള്‍ക്കും ഭയങ്കര നിലവാരമല്ലെ?..നിങ്ങളുടെ സൃഷ്ടികളുടെ നിലവാരം കൊണ്ടാണല്ലോ ഇവിടെ ഇത്രയധികം ബലാല്‍സംഗങ്ങളും രാഷ്ട്രിയ കൊലപാതങ്ങളും കുറഞ്ഞ് കുറഞ്ഞ് വരുന്നത്...കേരളത്തിലെ സിനിമ വിലയിരുത്തുമ്പോള്‍ കുറോസോവയുടെ സിനിമയുടെ നിലവാരമുണ്ടോ ?..കേരളത്തിലെ കഥകള്‍ വിലയിരുത്തുമ്പോള്‍ പൗലോ കൊയ്‌ലോയുടെ നിലവാരമുണ്ടോ?..എന്ന് നോക്കിയിട്ടലല്ലോ നിങ്ങള്‍ക്കൊന്നും പലപ്പോഴായി അവാര്‍ഡുകള്‍ തന്നത്...

പഞ്ചായത്ത് തല കായിക മത്സരത്തിലെ 100 മീറ്റര്‍ ഓട്ടത്തിന് പി.ടി.ഉഷയുടെ ഓട്ടത്തിന്റെ നിലവാരം ആരും പരിഗണിക്കാറില്ല...അല്ലെങ്കിലും സിനിമ,സാഹിത്യം തുടങ്ങിയ കലയിലെ സവര്‍ണ്ണര്‍ക്ക് പുച്ഛമായ എല്ലാവരും പരിഹസിക്കുന്ന കലയിലെ അവര്‍ണ്ണരായ സീരിയല്‍ കലാകാരന്‍മാരെ വിലയിരുത്താന്‍ ഒരു യോഗ്യതയൂമില്ല...

എന്റെ വീട്ടില്‍ സീരിയലുകള്‍ കാണാറുണ്ട്...ഞാന്‍ സീരിയലുകളില്‍ അഭിനയിച്ച് കുറെ കാലം കുടുംബം പോറ്റിയിട്ടുമുണ്ട്...എന്നിട്ടും ഞങ്ങള്‍ ഞങ്ങളുടെ നിലപാടുകള്‍ ഉറക്കെ പറയാറുണ്ട്...സീരിയലുകള്‍ എഴുതാനുള്ള അവസരത്തിനു വേണ്ടി നടക്കുന്ന ഒരു പാട് ബുദ്ധിജീവികളെ ഞാന്‍ കണ്ടിട്ടുമുണ്ട്...ഇതൊക്കെ വെറും ജാഡ..അത്രയേയുള്ളൂ.'

'നിലവാരം പരിശോധിക്കാനല്ല, ജഡ്ജ് ചെയ്യാനാണ് വിളിച്ചത്, കേരളത്തിലെ സിനിമകള്‍ക്ക് കുറോസോവയുടെ സിനിമയുടെ നിലവാരമുണ്ടോ?'; ഹരീഷ് പേരടി
കലാമൂല്യമുള്ളത് ഒന്നുമില്ലെന്ന് ജൂറി, മികച്ച സീരിയലിന് അവാര്‍ഡില്ല, സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നു

Related Stories

No stories found.
logo
The Cue
www.thecue.in