മൂന്ന് ദിവസം വെള്ളവും കാപ്പിയും മാത്രം കുടിച്ചു, ബോധം കെട്ടുവീണു, ദാഹിച്ച് മരിച്ച ഒരുപാട് ആത്മാക്കൾക്കുള്ള സമർപ്പണമാണ് സിനിമ; ​ഗോകുൽ

മൂന്ന് ദിവസം വെള്ളവും കാപ്പിയും മാത്രം കുടിച്ചു, ബോധം കെട്ടുവീണു, ദാഹിച്ച് മരിച്ച ഒരുപാട് ആത്മാക്കൾക്കുള്ള സമർപ്പണമാണ് സിനിമ;  ​ഗോകുൽ

ആടുജീവിതത്തിന് വേണ്ടി ശരീരം ഭാരം കുറച്ച പൃഥ്വിരാജിന്റെ ഫിസിക്കൽ ട്രാൻസ്ഫമേഷൻ സോഷ്യൽ മീഡിയ വലിയ രീതിയിൽ ചർച്ച ചെയ്തിരുന്നു. ആടുജീവിതത്തിലെ ഒരു ഷോട്ടിന് വേണ്ടി എഴുപത്തിരണ്ട് മണിക്കൂറോളം ഭക്ഷണം കഴിക്കാതെയിരുന്നു എന്നും വെള്ളവും കാപ്പിയും മാത്രമാണ് ആ സമയത്ത് കഴിച്ചിരുന്നതെന്നും പൃഥ്വിരാജ് സിനിമയുടെ റിലീസിന് മുന്നേ വെളിപ്പെടുത്തിയിരുന്നു. എന്നാൽ സിനിമ പുറത്തു വന്നതിന് പിന്നാലെ ചിത്രത്തിലെ ഹക്കീം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ​ഗോ​കുലിന്റെ പ്രകടനവും ചർച്ച ചെയ്യപ്പെടുന്നുണ്ട്. സിനിമയ്ക്ക് വേണ്ടി മൂന്ന് ദിവസത്തോളം വാട്ടർ ഡയറ്റ് എടുത്തിരുന്നു എന്നും മൂന്നാമത്തെ ദിവസം വീട്ടിൽ ബോധം കെട്ടു വീണു എന്നും ​ഗോകുൽ പറയുന്നു. വെള്ളവും കാപ്പിയും മാത്രം കുടിച്ചുകൊണ്ടുള്ള ഡയറ്റായിരുന്നു അത്. മൂന്ന് ദിവസം തുടർച്ചയായി അത് മാത്രം കഴിച്ചു. വെെകുന്നേരങ്ങളിൽ ഓടാൻ പോയി. ഈ മൂന്ന് ദിവസം കഴിഞ്ഞ് രാത്രി ബോധം കെട്ടു വീണു. അമ്മയുടെയും അച്ഛന്റെയും റൂം താഴെയായിരുന്നു. എന്റേത് മുകളിലും. വീട്ടിലെ ആരും അറിഞ്ഞിരുന്നില്ല ഞാൻ റൂമിൽ ബോധം കെട്ട് വീണ കാര്യം. ഒരു പത്ത് പതിനഞ്ച് മിനിട്ട് കഴിഞ്ഞ് ഏഴുന്നേറ്റു നിന്നപ്പോൾ കുറേ വെള്ളം എടുത്ത് കുടിച്ചു. ഒരു പഴം കഴിച്ചു. അന്നാണ് ഈ ഒരു സിനിമ ചെയ്യാൻ നമ്മൾ ജീവനോടെ വേണമെന്ന് തനിക്ക് തോന്നിയത് എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ​ഗോകുൽ പറഞ്ഞു.

ഗോകുൽ പറഞ്ഞത്:

ഞാൻ സിനിമയിലേക്ക് വരുന്നത് 2017 ലാണ്. 2018 ലാണ് മുതലമട റെയിൽവേ സ്റ്റേഷനിലെ ​രം​ഗങ്ങളൊക്കെ ഷൂട്ട് ചെയ്തത്. അന്ന് എനിക്ക് പതിനെട്ട് വയസ്സായിരുന്നു. അന്ന് ആ ഷോട്ടിന് വേണ്ടി തടിക്കണം എന്ന് ബ്ലെസി സാർ പറഞ്ഞിരുന്നു. എന്റെ ചിരി അതേ പോലെ സിനിമയിൽ ഉപയോ​ഗിക്കാൻ പറഞ്ഞു. കാരണം ​ആ ചിരിക്ക് ഒരു നിഷകളങ്കതയുണ്ട് ആ ചിരി നീ ഉപയോ​ഗിക്കണം എന്ന് പറഞ്ഞു. 64 നാല് കിലോ വെയിറ്റ് കൂട്ടി ആ സീനിന് വേണ്ടി. അതിന് ശേഷം ഈ ക്യാരക്ടർ ഡിമാന്റ് ചെയ്യുന്നുണ്ടല്ലോ മൂന്ന് വർഷത്തിന് ശേഷമുള്ള ഹക്കീം എങ്ങനെയായിരിക്കുമെന്ന്. ഒരു കുബ്ബൂസ് വെള്ളം മാത്രം മുക്കി കഴിക്കുന്ന അവസ്ഥയിൽ ജീവിക്കുന്ന ഒരാൾ. അയാളുടെ യാതനകളും വേദനകളും അറിയണമെങ്കിൽ നമ്മൾ അതിന്റെ ഒരു ശതമാനമെങ്കിലും ശരിക്കും അറിയേണ്ടതിന്റെ ആവശ്യകതയുണ്ട്. അങ്ങനെയല്ലെങ്കിൽ ആ കഥാപാത്രത്തോട് നമ്മൾ നീതി പുലർത്തുന്നതല്ല. ഈ സിനിമ എന്ന് പറയുന്നത് തന്നെ മരുഭൂമിയിൽ ​ദാഹിച്ച് മരിച്ച് വീണ ഒരുപാട് ആത്മാക്കൾക്കുള്ള സമർപ്പണമാണ്. അതിലെ ഒരു കഥാപാത്രത്തെ നമ്മൾ അവതരിപ്പിക്കുമ്പോൾ അതിന് നമ്മളുടേതായ ഒരു രീതിൽ എഫർട്ട് എടുക്കേണ്ട കുറച്ചധികം കാര്യങ്ങളുണ്ട്. നാം അനുഭവിക്കാത്ത ജീവിതങ്ങൾ എല്ലാം നമുക്ക് കെട്ടുകഥകളാണ്. അതിന് വേണ്ടിയിട്ട് മെല്ല ഭക്ഷണം കുറച്ച് കൊണ്ടു വന്നിരുന്നു. ഭാരം ഒരു അമ്പത്തി രണ്ട് കിലോയിൽ എത്തി നിൽക്കുന്ന സമയത്താണ് നാല് മാസത്തേക്ക് ഹാർഡ് ഡയറ്റിം​ഗ് സ്റ്റാർട്ട് ചെയ്തത്. അങ്ങനെ ഭക്ഷണം അഞ്ഞൂറ് കാലറി വരെയാക്കി കുറച്ചു. അതിന് ശേഷമാണ് ഞാൻ മേക്ക് അപ് ടെസ്റ്റിന് പോകുന്നത്. എന്റെ കവിളിന് നല്ല തുടിപ്പുണ്ടായിരുന്നു. അന്ന് ബ്ലെസി സാറും രഞ്ജിത്ത് ഏട്ടനും ഒക്കെ ചോദിച്ചു ആ തുടിപ്പ് മാറ്റാൻ എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന്. അങ്ങനെ ഞാൻ വീട്ടിൽ പോയി വാട്ടർ ഡയറ്റ് എടുക്കാൻ തീരുമാനിച്ചു. വെള്ളവും കാപ്പിയും മാത്രം കുടിച്ചുകൊണ്ടുള്ള ഡയറ്റായിരുന്നു അത്. മൂന്ന് ദിവസം തുടർച്ചായായി അത് മാത്രം കഴിച്ചു. വെെകുന്നേരങ്ങളിൽ ഓടാൻ പോയി. കുളിക്കാതെ നിന്നു ആ ഒരു ഫീൽ അറിയാൻ വേണ്ടി. ഈ മൂന്ന് ദിവസം കഴിഞ്ഞ് രാത്രി ഞാൻ ബോധം കെട്ടു വീണു. അമ്മയുടെയും അച്ഛന്റെയും റൂം താഴെയായിരുന്നു. എന്റേത് മുകളിലും. അതുകൊണ്ട് വീട്ടിലെ ആരും അറിഞ്ഞിരുന്നില്ല ഞാൻ റൂമിൽ ബോധം കെട്ട് വീണ കാര്യം. ഒരു പത്ത് പതിനഞ്ച് മിനിട്ട് കഴിഞ്ഞ് ഏഴുന്നേറ്റപ്പോൾ കുറേ വെള്ളം എടുത്ത് കുടിച്ചു. ഒരു പഴം എടുത്ത് കഴിച്ചു. അന്നാണ് എനിക്ക് മനസ്സിലായത് ഈ ഒരു സിനിമ ചെയ്യാൻ നമ്മൾ ജീവനോടെ വേണമെന്ന്.

ചിത്രത്തിലെ ഗോകുലിന്റെ പ്രകടനത്തെ പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിക്കുന്നുണ്ട്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് 'ആടുജീവിതം. മാർച്ച് 28ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ട്രാൻസ്ഫോമേഷനും അഭിനയത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ആഗോള ബോക്സ് ഓഫീസിൽ നിന്നും ഏറ്റവും വേഗത്തിൽ അൻപത് കോടി നേടുന്ന മലയാള ചിത്രമായി ആടുജീവിതം മാറി. ചിത്രം ആദ്യ ദിനം കേരളത്തിൽ നിന്ന് മാത്രം നേടിയത് 5.44 കോടി രൂപയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in