'നമ്മുടെ ബെസ്റ്റ് പുള്ളി നമ്മളിൽ നിന്ന് തന്നെ പിഴിഞ്ഞ് എടുക്കും, റഹ്മാനിൽ നിന്ന് കൊള്ളാം എന്നൊരു വാക്ക് വരാൻ കുറച്ച് പാടാണ്': ​ഗണപതി

'നമ്മുടെ ബെസ്റ്റ് പുള്ളി നമ്മളിൽ നിന്ന് തന്നെ പിഴിഞ്ഞ് എടുക്കും, റഹ്മാനിൽ നിന്ന് കൊള്ളാം എന്നൊരു വാക്ക് വരാൻ കുറച്ച് പാടാണ്': ​ഗണപതി
Published on

‌‌'തല്ലുമാല'ക്ക് ശേഷം നസ്ലൻ, ഗണപതി, ലുക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആലപ്പുഴ ജിംഖാന'. ബോക്സിങ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രം ഒരു കോമഡി-സ്‌പോര്‍ട്‌സ് ഴോണറിലാണ് എത്തുന്നത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന അ‍ഞ്ചാമത്തെ ചിത്രമാണ് ആലപ്പുഴ ജിംഖാന. ഒരു സംവിധായകൻ എന്ന നിലയിൽ വളരെ ടഫ് ആയിട്ടുള്ള ആളാണ് ഖാലിദ് റഹ്മാൻ എന്ന് പറയുകയാണ് ഇപ്പോൾ നടൻ ​ഗണപതി. നമ്മളെ ചലഞ്ച് ചെയ്യുന്ന തരത്തിലാണ് അദ്ദേഹം അഭിനയിപ്പിക്കുക എന്നും റഹ്മാനെ പ്രീതിപ്പെടുത്താൻ വളരെ പാടാണ് എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ​ഗണപതി പറഞ്ഞു.

ഗണപതി പറഞ്ഞത്:

റഹ്മാൻ ഒരു സംവിധായകൻ എന്ന നിലയിൽ വളരെ ടഫ് ആയ ആളാണ്. പക്ഷേ നമുക്ക് അറിയാം നമ്മുടെ ബെസ്റ്റ് പുള്ളി നമ്മളിൽ നിന്ന് തന്നെ പിഴിഞ്ഞ് എടുക്കും എന്ന്. അങ്ങനെയുള്ള ആളുകൾക്കൊപ്പം വർക്ക് ചെയ്യുക എന്ന് പറയുന്നത് തന്നെ ഒരു ഭാ​ഗ്യമാണ്. നമ്മളെ ചലഞ്ച് ചെയ്യുക എന്നതാണ് അദ്ദേഹം ഏറ്റവും കൂടുതൽ ചെയ്യുക. ചില സംവിധായകർ അഭിനേതാക്കളെ കംഫർട്ടബിൾ ആക്കുന്നതിന് വേണ്ടിയിട്ട് കൊള്ളാടാ എന്നൊക്കെ പറയുമല്ലോ. പക്ഷേ റഹ്മാനിൽ നിന്ന് കൊള്ളാം എന്നൊരു വാക്ക് വരണമെങ്കിൽ കുറച്ച് പാടാണ്. അത് നമ്മളെ ചലഞ്ച് ചെയ്യും. അത് എന്നിൽ ഒരു ആക്ടർ എന്ന തരത്തിൽ ഡിഫറൻസ് ഉണ്ടാക്കിയിട്ടുണ്ട്. റഹ്മാനെ പ്രീതിപ്പെടുത്താൻ വലിയ പാടാണ്.

പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രമാണ് ആലപ്പുഴ ജിംഖാന. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലിൻ, ഗണപതി, ലുക്മാൻ, സന്ദീപ് പ്രദീപ് (ഫാലിമി ഫെയിം), അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്. സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in