ഈ വർഷത്തെ വിഷു റിലീസ് ആയി തിയറ്ററുകളിലെത്തുന്നത് മലയാളത്തിൽ നിന്നും മൂന്ന് പ്രധാനപ്പെട്ട ചിത്രങ്ങളാണ്. ആലപ്പുഴ ജിംഖാന, മരണമാസ്, ബസൂക്ക എന്നിവയാണ് അവ. തമിഴിൽ നിന്ന് അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലിയും റിലീസിനുണ്ട്. നല്ല സിനിമകളെ എല്ലായ്പ്പോഴും പ്രേക്ഷകർ സ്വീകരിക്കുമെന്ന് നടൻ ഗണപതി പറയുന്നു. മഞ്ഞുമ്മൽ ബോയ്സ് അടക്കമുള്ള സിനിമകൾ മലയാളത്തിൽ ഇൻഡസ്ട്രി ഹിറ്റ് ആയത് അതിന്റെ സ്റ്റാർഡം കൊണ്ടല്ലെന്നും പ്രേക്ഷകർ നല്ല സിനിമകളെ സ്വീകരിക്കുന്നതിന്റെ ഉദാഹരണങ്ങളാണ് അതെല്ലാമെന്നും ഗണപതി ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ഗണപതി പറഞ്ഞത്:
നല്ല സിനിമകൾ എപ്പോഴും പ്രേക്ഷകർ സ്വീകരിച്ചിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ ഇവിടെ വലിയൊരു സ്റ്റാർഡം ഉണ്ടായിട്ടല്ല അത് ഇൻഡസ്ട്രി ഹിറ്റ് ആകുന്നത്. നല്ല സിനിമകളെ എപ്പോഴും പ്രേക്ഷകർ സ്വീകരിച്ചിട്ടുണ്ട്. അക്കാര്യത്തിൽ ഒരു സംശയവുമില്ല. അത് എപ്പോഴും ഓപ്പൺ ആണ്. നല്ല സിനിമകളെ പ്രേക്ഷകർ സ്വീകരിക്കുകയും അവർ അതിനെ പൊന്നുപോലെ കൊണ്ടു നടന്ന് വലിയൊരു വീജയത്തിലേക്ക് എത്തിക്കുകയും ചെയ്യും എന്ന് നമുക്ക് കൃത്യമായ ബോധ്യമുള്ള കാര്യമാണ്. ഇതും നല്ല സിനിമയാണെങ്കിൽ ആളുകൾ സ്വീകരിക്കും.
'തല്ലുമാല'ക്ക് ശേഷം നസ്ലൻ, ഗണപതി, ലുക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആലപ്പുഴ ജിംഖാന'. ബോക്സിങ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രം ഒരു കോമഡി-സ്‌പോര്‍ട്‌സ് ഴോണറിലാണ് എത്തുന്നത്. പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രമാണ് ആലപ്പുഴ ജിംഖാന. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലിൻ, ഗണപതി, ലുക്മാൻ, സന്ദീപ് പ്രദീപ് (ഫാലിമി ഫെയിം), അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്. സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.