എന്റെ അഭിനയത്തെ വിമര്‍ശിക്കാം, പക്ഷേ സ്വകാര്യ ജീവിതത്തിലേക്ക് കയറിവന്നാല്‍ ഞാന്‍ പ്രതികരിക്കും : ദുര്‍ഗ കൃഷ്ണ

എന്റെ അഭിനയത്തെ വിമര്‍ശിക്കാം, പക്ഷേ സ്വകാര്യ ജീവിതത്തിലേക്ക് കയറിവന്നാല്‍ ഞാന്‍ പ്രതികരിക്കും : ദുര്‍ഗ കൃഷ്ണ

ഇന്റിമേറ്റ് സീന്‍ ചെയ്യുമ്പോള്‍ എന്തുകൊണ്ട് സ്ത്രീകള്‍ മാത്രം വിമര്‍ശനം നേരിടുന്നുവെന്ന് ദുര്‍ഗ കൃഷ്ണ. ഇന്റിമേറ്റ് സീനോ അല്ലെങ്കില്‍ ഒരു ലിപ്-ലോക്ക് സീനോ ചെയ്യുമ്പോള്‍ താന്‍ വായുവിലേക്ക് നോക്കിയിട്ടല്ല അത് ചെയ്യുന്നത്. തന്റെ കൂടെ ഒരു പുരുഷതാരവും ഉണ്ടാകും. പക്ഷേ ഉടല്‍ സിനിമയുടെ ടീസര്‍ ഇറങ്ങിയ സമയത്തെല്ലാം വിമര്‍ശനം സ്ത്രീയ്ക്ക് മാത്രമാണെന്ന് ദുര്‍ഗ കൃഷ്ണ പറഞ്ഞു.

സോഷ്യല്‍ മീഡിയയിലെ കമന്റുകളും സ്ത്രീകള്‍ക്ക് എതിരെയാണ്. ഇത് തനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ തന്നെയും തന്റെ ഭര്‍ത്താവിനെയും ഒരു തരത്തിലും ബാധിക്കുന്നില്ലെന്നും ദുര്‍ഗ 'ദ ക്യു' ഷോ ടൈമിൽ പറഞ്ഞു. ആളുകള്‍ പറയും എന്ന് കരുതി നാളെയൊരു നല്ല സിനിമ വന്നാല്‍ ഇത്തരമൊരു രംഗമുള്ളത് കൊണ്ട് താന്‍ ആ സിനിമ ഒഴിവാക്കുകയില്ല എന്നും ദുര്‍ഗ കൂട്ടിച്ചേര്‍ത്തു.

ദുര്‍ഗയുടെ വാക്കുകള്‍;

ഇവരിപ്പൊള്‍ പറഞ്ഞു എന്ന് കരുതി നാളെ നല്ല സിനിമ വരുമ്പോള്‍ ഈ രംഗമുള്ളത് കൊണ്ട് സിനിമ ഒഴിവാക്കുകയില്ല. ഇപ്പോള്‍ ഉടലില്‍ ഇന്റിമേറ്റ് സീന്‍ ഉണ്ട് എന്ന ഒറ്റ കാരണം കൊണ്ട്, ഞാന്‍ സിനിമ വേണ്ടെന്ന് വെച്ചിരുന്നുവെങ്കില്‍ ഇന്ന് വന്നപ്പോള്‍ നിങ്ങള്‍ പഞ്ഞുവല്ലോ 'സിനിമ നന്നായിരുന്നു നല്ല പെര്‍ഫോമന്‍സ്' എന്ന്, ഇത് കേള്‍ക്കാന്‍ എനിക്ക് പറ്റുമായിരുന്നുവോ?, ഇല്ല. അത് ഇനിയും അങ്ങനെ തന്നെയാണ്.

ആളുകള്‍ പറയും, അവര്‍ പറഞ്ഞ് പോകും. ഇപ്പോള്‍ എന്റെ സിനിമ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നില്ല എങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്ന് പറയാം. എന്റെ അഭിനയത്തിനെ നിങ്ങള്‍ക്ക് വിമര്‍ശിക്കാം. പക്ഷെ ഒരിക്കലും എന്റെ സ്വകാര്യ ജീവിതത്തിലേക്ക് കയറിവരുവാന്‍ ഞാന്‍ ആരേയും അനുവദിക്കുകയില്ല. അതിന് ഞാന്‍ എപ്പോഴും പ്രതികരിക്കാറുണ്ട്. അത് എന്റെ സോഷ്യല്‍ മീഡിയാസിലൂടെ ആണെങ്കിലും ഇന്റര്‍വ്യൂസില്‍ ആണെങ്കിലും.

ഇത് എന്നെയും എന്റെ ഭര്‍ത്താവിനെയും ഒരു തരത്തിലും ബാധിക്കുന്നില്ല. ഞങ്ങള്‍ക്കിടയില്‍ ഒരു കുഴപ്പവുമില്ല, പക്ഷേ എനിക്ക് ഉള്ളില്‍ വന്ന ഒരു ചോദ്യമെന്തെന്നാല്‍, എന്തുകൊണ്ട് സ്ത്രീകള്‍ക്ക് മാത്രം ഈ ഒരു വിമര്‍ശനം വരുന്നു. ഇന്റിമേറ്റ് സീന്‍ അല്ലെങ്കില്‍ ഒരു ലിപ്-ലോക്ക് സീന്‍ ചെയ്യുകയാണെങ്കില്‍ ഞാന്‍ വായുവിലേക്ക് നോക്കിയിട്ടല്ല ആ സീന്‍ ചെയ്യുന്നത്. എന്റെ കൂടെയൊരു പുരുഷ ആര്‍ട്ടിസ്റ്റും ഉണ്ടാകും. പക്ഷേ ഇപ്പോള്‍ ഈ സിനിമയില്‍ ആ ഒരു ടീസര്‍ വന്ന സമയത്താണെങ്കിലും വിമര്‍ശനം എപ്പോഴും നടിയ്ക്കാണ്. ആ സിനിമയില്‍ അത് ഷൈനിയായി കണ്ടാല്‍ മതി. ദുര്‍ഗ ഒരിക്കലും അങ്ങനയല്ല.

Related Stories

No stories found.
logo
The Cue
www.thecue.in