ഉണ്ടയിലെ ആ ചിരി മമ്മൂക്ക 3 ടേക്കിൽ മൂന്ന് വിധത്തിൽ ചിരിച്ചു, മമ്മൂട്ടി എന്ന നടനോട് റീടേക്ക് പറഞ്ഞാൽ നമ്മൾ പെട്ടു പോകും: ഖാലിദ് റഹ്മാൻ

ഉണ്ടയിലെ ആ ചിരി മമ്മൂക്ക 3 ടേക്കിൽ മൂന്ന് വിധത്തിൽ ചിരിച്ചു, മമ്മൂട്ടി എന്ന നടനോട് റീടേക്ക് പറഞ്ഞാൽ നമ്മൾ പെട്ടു പോകും: ഖാലിദ് റഹ്മാൻ
Published on

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു 'ഉണ്ട'. ചിത്രത്തിലെ എസ് ഐ മണി എന്ന മമ്മൂട്ടിയുടെ പൊലീസ് കഥാപാത്രം ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. ഉണ്ടയിലെ ഇൻട്രോ സീനിൽ മമ്മൂക്കയുടെ ചിരിക്ക് പിന്നിലുള്ള കഥ പറയുകയാണ് ഇപ്പോൾ സംവിധായകൻ ഖാലിദ് റഹ്മാൻ. ഇൻട്രോയിലെ മമ്മൂട്ടിയുടെ ചിരിക്കുന്ന സീൻ മൂന്ന് തവണ ടേക്ക് എടുത്തിരുന്നുവെന്നും മൂന്ന് തവണയും മൂന്ന് വിധത്തിലുള്ള ചിരികളാണ് അദ്ദേഹം തനിക്ക് നൽകിയത് എന്നും ഖാലിദ് റഹ്മാൻ പറയുന്നു. എന്നാൽ മമ്മൂട്ടി എന്ന നടനോട് റീടേക്ക് പറയും തോറും പെട്ടു പോകുന്നത് നമ്മളാണ് എന്ന് അന്നാണ് തനിക്ക് മനസ്സിലായത് എന്നും ഖാലിദ് റഹ്മാൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഖാലിദ് റഹ്മാൻ പറഞ്ഞത്:

ഉണ്ടയിലെ മണി സാറിന്റെ ഇൻട്രോ സീൻ മൂന്ന് ടേക്ക് ഉണ്ട് എന്റെ കയ്യിൽ. ആദ്യ ടേക്ക് ചെയ്തു കഴിഞ്ഞ് പ്ലേബാക്ക് നോക്കുമ്പോൾ ആർക്കും ഒന്നും പറയാനില്ല. പെർഫെക്റ്റ് ഷോട്ട് ആയിരുന്നു. പക്ഷേ അപ്പോൾ എനിക്ക് തോന്നിയത് മമ്മൂട്ടി എന്ന ആൾ അല്ലെ കയ്യിലിരിക്കുന്നത് എന്തിനാടാ പെട്ടെന്ന് ഓക്കേ പറയണേ എന്നാണ്. ഞാൻ മമ്മൂക്കയോട് പോയി അത് ഓക്കേ ആണ് പക്ഷെ എനിക്ക് ഒന്നുകൂടി വേണം എന്നു പറഞ്ഞു. ശരി പക്ഷേ എന്താണ് കാരണം എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു എനിക്ക് കറക്ഷൻ പറയാൻ ഒന്നുമില്ല പക്ഷെ എഡിറ്റിംഗിൽ രണ്ട് മൂന്ന് ചോയ്സ് ഉണ്ടെങ്കിൽ നന്നായിരിക്കും എന്ന്. അങ്ങനെ രണ്ടാമത്തെ ടേക്കിൽ വേറെയൊരു ചിരി വന്നു. അതും എനിക്ക് ഓക്കേ ആയിരുന്നു. അത് കഴിഞ്ഞപ്പോൾ ഇനി നിർത്താം എന്ന് പറഞ്ഞു ഞാൻ. ഉടനെ മമ്മൂക്ക പറഞ്ഞു, അത് പറ്റില്ല. ടേക്ക് ത്രീ വേണം എന്ന്. അങ്ങനെ മൂന്നാമത് ഒരു ചിരി കൂടീ ഷൂട്ട് ചെയ്തു. അതും കഴിഞ്ഞ രണ്ടിൽ നിന്നും വ്യത്യസ്തമായിരുന്നു. അപ്പോഴാണ് എനിക്ക് മനസിലായത് മമ്മൂട്ടി എന്ന ആക്ടറിനോട് നമ്മൾ റീടേക്ക് പറയും തോറും നമ്മൾ പെട്ടു പോകും. നമ്മുടെ ഓപ്ഷൻസ് അപ്പോൾ കൂടുമെന്ന് മാത്രമല്ല അദ്ദേഹം റിഫൈൻ ചെയ്തു ബെറ്റർ ആയികൊണ്ടിരിക്കും. ഭയങ്കര ലെസ്സൺ ആയിരുന്നു എനിക്ക് അത്. സിനിമയിൽ ഉപയോ​ഗിച്ചിരിക്കുന്ന ചിരി അദ്ദേഹത്തിന്റെ ആ​ദ്യത്തെ ടേക്കിലുള്ളതാണ്.

ഛത്തീസ് ഗഡിലേക്ക് ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട കേരളാ പോലീസ് സംഘം നേരിട്ട ദുരനുഭവങ്ങള്‍ ആധാരമാക്കി ഖാലിദ് റഹ്മാൻ ഒരുക്കിയ ചിത്രമാണ് ഉണ്ട. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, റോണി ഡേവിഡ്, ഗോകുലന്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹര്‍ഷാദാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in