ആ ട്വിസ്റ്റ് പ്രിയന്റെ വക ; പിയാനോക്കുള്ളില്‍ നിധി ഒളിപ്പിച്ചതിനെക്കുറിച്ച് കമല്‍

ആ ട്വിസ്റ്റ് പ്രിയന്റെ വക ; പിയാനോക്കുള്ളില്‍ 
നിധി ഒളിപ്പിച്ചതിനെക്കുറിച്ച് കമല്‍

മോഹന്‍ലാല്‍, നെടുമുടി വേണു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കമല്‍ സംവിധാനം ചെയ്ത് 1988 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഓര്‍ക്കാപുറത്ത്. അച്ഛനും മകനുമായ നിക്കോളാസും ഫ്രെഡിയും ഒരു പിയാനോ വില്‍ക്കുന്നതും അതിനകത്തെ നിഥി തേടി പിന്നാലെ അധോലോക രാജാക്കന്മാരെത്തുന്നതുമായിരുന്നു ചിത്രത്തിന്റെ കഥ. ഇന്നും ഏറെ ആരാധകരുള്ള ചിത്രത്തിന്റെ പ്രധാന ട്വിസ്റ്റ് സംവിധായകന്‍ പ്രിയദര്‍ശന്റെ വകയായിരുന്നുവെന്ന് കമല്‍ പറയുന്നു. 'ദ ക്യു മാസ്റ്റര്‍ സ്‌ട്രോക്കി'ല്‍ മനീഷ് നാരായണനോടായിരുന്നു കമലിന്റെ പ്രതികരണം.

കമല്‍ ദ ക്യൂ മാസ്റ്റര്‍സ്‌ട്രോക്കില്‍ പറഞ്ഞത്:

ഓര്‍ക്കാപ്പുറത്ത് ഏറെ ഇഷ്ട്ടമുള്ള ചിത്രമാണ്. പുതുതലമുറ ഇന്നും കാണുമ്പോള്‍ പറയുന്നൊരു സിനിമയാണ്. ഈ പടത്തിന്റെ തിരക്കഥ എഴുതുന്നത് ചെന്നൈയിലെ ഓഫീസില്‍ ഞാനും, ഷിബുവും, രഞ്ജിത്തും കൂടിയിരുന്നാണ്. പക്ഷെ സ്‌ക്രിപ്റ്റിംഗിന്റെ പകുതിയെത്തിയപ്പോള്‍ ശരിക്കും പറഞ്ഞാല്‍ സെക്കന്റ് ഹാഫിനു ശേഷം എത്ര ആലോചിച്ചിട്ടും കഥ മുന്നോട്ടു പോകുന്നില്ല. അങ്ങനെയിരിക്കെയാണ് മോഹന്‍ലാല്‍ ചെന്നൈയില്‍ എത്തുന്നത്. ഞാന്‍ എന്റെ ആശങ്ക ലാലുമായി പങ്കുവച്ചു. അപ്പോള്‍ ലാലാണു പ്രിയദര്‍ശന്റെ സഹായം തേടാമെന്നു പറഞ്ഞത്. അങ്ങനെയാണ് പ്രിയദര്‍ശനുമായി ഇക്കാര്യം സംസാരിക്കുന്നത്. കഥ കേട്ട പ്രിയന്‍ ചിരിക്കുകയും, ശരിയാക്കാമെന്നും പറഞ്ഞു. അന്നും, പിറ്റേ ദിവസവും പ്രിയന്‍ വന്നു. പ്രിയനാണ് ''നിധി'' പിയാനോയ്ക് ഉള്ളില്‍ ഒളിപ്പിച്ചു കൊണ്ടുള്ള ട്വിസ്റ്റ് കോന്‍ട്രിബ്യുട്ട് ചെയ്യുന്നത്. പിന്നെ അവിടെ നിന്നാണ് കഥ മുന്നോട്ട് പോയത്.

രഞ്ജിത്തിന്റെ കഥയ്ക്ക് ഷിബു ചക്രവര്‍ത്തിയായിരുന്നു തിരക്കഥ രചിച്ചത്. മോഹന്‍ലാലും സെഞ്ചുറി ഫിലിംസും ചേര്‍ന്നായിരുന്നു ചിത്രം നിര്‍മിച്ചത്. ഉമ്മര്‍, തിലകന്‍, രമ്യ കൃഷ്ണന്‍, എന്‍എല്‍ ബാലകൃഷ്ണന്‍, സുകുമാരി, ഇന്നസെന്റ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in