ഖാലിദ് റഹ്മാൻ ആദ്യത്തെ ഷോട്ടിൽ നടന്ന് വന്ന് കെെ കൊടുക്കുന്നത് ഒറിജിനൽ പ്രസാദിന്, വടംവലിയിൽ ജയിക്കുന്ന ടീം യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ്

ഖാലിദ് റഹ്മാൻ ആദ്യത്തെ ഷോട്ടിൽ നടന്ന് വന്ന് കെെ കൊടുക്കുന്നത് ഒറിജിനൽ പ്രസാദിന്, വടംവലിയിൽ ജയിക്കുന്ന ടീം യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ്

മഞ്ഞുമ്മൽ ബോയ്സിലെ ഖാലിദ് റഹ്മാന്റെ ഡ്രെെവർ പ്രസാദ് എന്ന കഥാപാത്രം യഥാർത്ഥ കഥാപാത്രമാണെന്ന് ചിദംബരം. റഹ്മാന്റെ ആദ്യത്തെ ഷോട്ടിൽ അദ്ദേഹം നടന്നു വന്ന് കെെ കൊടുക്കുന്നത് യഥാർത്ഥ പ്രസാദിനാണെന്ന് ചിദംബരം പറയുന്നു. ജാൻ-എ മൻ എന്ന ചിത്രത്തിന് ശേഷം ചി​ദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ചിത്രത്തിലെ പ്രസാദിന്റെ ക്യാരക്ടർ ഏകദേശം ആ സിനിമയിൽ കാണുന്നത് പോലെ തന്നെയാണ് എന്ന് ചിദംബരം പറയുന്നു. അദ്ദേഹം മഞ്ഞുമ്മൽ ബോയ്സ് എന്ന ടീമിൽ ഔട്ട്സെെഡറായിട്ടുള്ള ഒരാളാണ് അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലൂടെ സിനിമ തുടങ്ങാം എന്ന് കരുതിയത്. ചിത്രത്തിന്റെ തുടക്ക ഭാ​ഗത്ത് മഞ്ഞുമ്മൽ ബോയ്സ് അടിയുണ്ടാക്കുന്നതും വടം വലിക്കുന്നതും യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സുമായിട്ടാണെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ചിദംബരം പറഞ്ഞു.

ചിദംബരം പറഞ്ഞത്:

ഈ സിനിമയിലെ പ്രസാദിന്റെ ക്യാരക്ടർ റിയൽ ക്യാരക്ടറാണ്. പടം തുടങ്ങി റഹ്മാന്റെ ഫസ്റ്റ് ഷോട്ടിൽ വന്ന് കെെ കോടുക്കുന്ന യഥാർത്ഥ ഡ്രെെവർക്കാണ്. സിനിമയിൽ വടം വലിക്കുന്നത് യഥാർത്ഥ മഞ്ഞുമൽ ബോയ്സാണ്. ആ ജയിക്കുന്ന ‍ടീം. ആദ്യം ഇവർ അടിയുണ്ടാക്കുന്നത് യഥാർത്ഥ മഞ്ഞുമൽ ബോയ്സുമായാണ്. ഓർജിനൽ മഞ്ഞുമൽ ബോയ്സ് അവിടെ ജയിക്കണം എന്ന് എനിക്ക് തോന്നി. പക്ഷേ മറ്റേ ടീം ഇവിടെ തോറ്റാലും ആ പരാജയം അവർ അവസാനം ജീവിതത്തിൽ വിജയിപ്പിക്കുകയാണ്. പ്രസാദിന്റെ ക്യാരക്ടർ ഏകദേശം ആ സിനിമയിൽ കാണുന്നത് പോലെ തന്നെയാണ്. ഞാൻ പ്രസാദിനെ ഇന്റർവ്യൂ ചെയ്യുന്ന സമയം. ബാക്കിയുള്ളവരെല്ലാവരും ചെറുപ്പം മുതലേ അറിയുന്നവരാണ് പ്രസാദ് മാത്രമാണ് ഇതിൽ പുറത്തു നിന്നുള്ള ഒരാൾ. അങ്ങനെയാണ് ഞാൻ ആ ഔട്ട്സെെഡറെ വച്ച് പടം തുടങ്ങിയത്. ഔട്ട്സെെഡറുടെ കാഴ്ചപ്പാടിലൂടെയാണ് ഇവർ മഞ്ഞുമ്മലിലെ ടീംസാണ് എന്ന് അറിയിക്കുന്നത്. ഒരു എഴുത്തുകാരൻ എന്ന നിലയിൽ പടത്തിലേക്ക് എന്റർ ചെയ്യാനുള്ള ഏറ്റവും എളുപ്പമുള്ള ടൂളും അത് തന്നെയായിരുന്നു. മൊത്തത്തിൽ പ്രസാദിന്റെ കാഴ്ചപ്പാടിൽ തന്നെ പടം പോകാമായിരുന്നു അങ്ങനെയും ഒരു റെെറ്റിം​ഗ് സാധ്യതയുണ്ടായിരുന്നു. കാരണം ഏതോ ഒരു ടീമിന്റെ കൂടെ പോയി അയാൾ അവിടെ പെട്ടുപോവുകയാണ്. ഇവരുടെ കൂടെ മദ്യപിക്കാനൊന്നും നിൽക്കാത്ത ഡീസന്റായ ഒരു മനുഷ്യനാണ് അയാൾ. മഞ്ഞുമ്മൽ ബോയ്സ് ആ മരത്തിൽ തൂങ്ങി ഫോട്ടോ എടുക്കുമ്പോൾ റിയൽ ലെെഫിൽ അയാൾ പോയി ചൂടായിട്ടുണ്ട്. നിങ്ങൾ എന്താണ് കാണിക്കുന്നത് ഉണക്ക നരമാണ് അത് എന്ന് പറഞ്ഞിട്ട്.

കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് അഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പറവ ഫിലിംസിന്റെ ബാനറിൽ ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ചിത്രം മികച്ച പ്രതികരണമാണ് തിയറ്റുകളിൽ നിന്ന് നേടുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in