ഇടയനെപ്പോലെ മലകയറി വരുന്ന നജീബാണ് എന്റെ ആദ്യ എഴുത്ത്, ആടുകളും നജീബും തമ്മിലുള്ള ബന്ധം വേണ്ടന്ന് വച്ചതാണ്; ബ്ലെസി

ഇടയനെപ്പോലെ മലകയറി വരുന്ന നജീബാണ് എന്റെ ആദ്യ എഴുത്ത്, ആടുകളും നജീബും തമ്മിലുള്ള ബന്ധം വേണ്ടന്ന് വച്ചതാണ്; ബ്ലെസി

ആട്ടിൻപറ്റങ്ങൾക്കൊപ്പം ഒരു ഇടയനെപ്പോലെ മലകയറിവരുന്ന നജീബാണ് ആടുജീവിതത്തിനെക്കുറിച്ചുള്ള ആ​ദ്യത്തെ എഴുത്ത് എന്ന് സംവിധായകൻ ബ്ലെസി. ബെന്യാമിന്റെ നോവലിനെ ആധാരമാക്കി അതേ പേരിൽ ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് സുകുമാരനാണ് ചിത്രത്തിൽ നജീബ് എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിൽ നജീബ് തന്റെ മകനെപ്പോലെ കാണുന്ന ആടായ നബീലിന്റെ ജനനം നോവലിൽ പ്രതിപാദിച്ചിരിക്കുന്നത് പോലെ ഷൂട്ട് ചെയ്തിരുന്നുവെന്ന് ബ്ലെസി പറയുന്നു. പക്ഷേ ആടുകളും നജീബും തമ്മിലുള്ള ബന്ധം പറയാൻ ഒരുപാട് സമയം ആവശ്യമായി വരും എന്നുള്ളതുകൊണ്ടും സിനിമയുടെ സമയം എന്നത് ഒരു വലി ഘടകമാണ് എന്നതുകൊണ്ടുമാണ് അത് വേണ്ടെന്ന് വച്ചതെന്നെ് ബ്ലെസി പറയുന്നു.

ബ്ലെസി പറഞ്ഞത്:

ഒരു ആട്ടിൻകുട്ടിയുമായിട്ട് കുറേ ആടുകളുടെ കൂട്ടത്തിൽ ഒരു ഇടയനെപ്പോലെ മലകയറി വരുന്ന നജീബാണ് എന്റെ മനസ്സിൽ ആദ്യം വന്ന എഴുത്ത്. ഈ ആട്ടിൻകുട്ടിയുമായി സംസാരിച്ച് ആ ആട്ടിൻകുട്ടിയെ അവിടെ ഉപേക്ഷിച്ച് അയാൾ ഓടി രക്ഷപ്പെടുന്നതായിട്ടാണ് എഴുതി വച്ചിരുന്നത്. ആ ആട്ടിൻകുട്ടി എന്നത് നബീൽ എന്ന കഥാപാത്രമായിരുന്നു. ഈ നബീൽ ജനിക്കുന്നത് ഞാൻ ഷൂട്ട് ചെയ്തിട്ടുണ്ട്. ആടിന്റെ പ്രസവം. അങ്ങനെ നോക്കുമ്പോൾ വീണ്ടുമൊരു പ്രസവം കൂടി ഷൂട്ട് ചെയ്തിരിക്കുന്നു. പക്ഷേ എനിക്ക് ആ ആട്ടിൻകുട്ടിയും അയാളും തമ്മിലുള്ള ബന്ധം പറയാൻ ഒരുപാട് സമയം ആവശ്യമായി വന്നു. സിനിമയുടെ സമയം എന്ന് പറയുന്നത് വലിയൊരു ഘടകമാണ്. അത്തരത്തിൽ ചിന്തിച്ചപ്പോഴാണ് അതൊക്കെ കുറച്ച് ഒഴിവാക്കിയത്. ആദ്യത്തെ സക്രിപ്റ്റിൽ അത്തരം കാര്യങ്ങളൊക്കെയുണ്ടായിരുന്നു. പിന്നീട് സ്ക്രിപ്റ്റ് എഡിറ്റ് ചെയ്തപ്പോൾ മാറ്റങ്ങളുണ്ടായി.

വിദേശത്തേക്ക് കുടിയേറിയ നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന്റെയും സഹനത്തിന്റെയും കഥ പറയുന്ന ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും പ്രദർശനത്തിനെത്തിയ ചിത്രം തിയറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് നേടുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in