'ആടുജീവിതം' ഷൂട്ട് ചെയ്തത് രണ്ട് കാമറകൾ ഉപയോ​ഗിച്ച്, ഹക്കീമും നജീബും കണ്ടുമുട്ടുന്ന സീൻ ഷൂട്ട് ചെയ്തത് 5-6 ദിവസം കൊണ്ട്; ബ്ലെസി

'ആടുജീവിതം' ഷൂട്ട് ചെയ്തത് രണ്ട് കാമറകൾ ഉപയോ​ഗിച്ച്, ഹക്കീമും നജീബും കണ്ടുമുട്ടുന്ന സീൻ ഷൂട്ട് ചെയ്തത് 5-6 ദിവസം കൊണ്ട്; ബ്ലെസി

രണ്ട് കാമറകൾ ഉപയോ​ഗിച്ചാണ് ആടുജീവിതം ഷൂട്ട് ചെയ്തിരിക്കുന്നത് എന്ന് സംവിധായകൻ ബ്ലെസി. 2018 ൽ സിനിമയുടെ ഷൂട്ട് ആരംഭിച്ച് 2020 ആകുമ്പോഴേക്കും ടെക്നോളജി എല്ലാം അഡ്വാൻസ്ഡായി എന്നതും സിനിമയുടെ ആദ്യത്തെ പോർഷനുകൾ ഷൂട്ട് ചെയ്ത കാമറമാൻ ആയിരുന്നില്ല പിന്നീട് ഷൂട്ട് ചെയ്യുമ്പോൾ ഉണ്ടായിരുന്നത് എന്നും ബ്ലെസി പറഞ്ഞു. സിനിമയിലെ നാട്ടിൽ ഭാ​ഗങ്ങളും പൃഥ്വിരാജിന്റെ കഥാപാത്രമായ നജീബ് ​ഗൾഫിലെത്തുന്നതിന്റെ തുടക്കവും ഛായാ​ഗ്രാഹകൻ കെ.യു മോഹനാണ് ഷൂട്ട് ചെയ്തത്. ഹക്കീമും നജീബും ആ​ദ്യമായി കണ്ടു മുട്ടുന്ന സീൻ ഷൂട്ട് ചെയ്യാൻ അഞ്ചാറ് ദിവസത്തോളമെടുത്തു എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ബ്ലെസി പറഞ്ഞു.

ബ്ലെസി പറഞ്ഞത്:

ടെക്നിക്കലി പറയുകയാണെങ്കിൽ രണ്ട് കാമറ വച്ചാണ് ആടുജീവിതം ഷൂട്ട് ചെയ്തിരിക്കുന്നത്. ബോധപൂർവ്വമായി അതിന് വേണ്ടി ശ്രമിച്ചതല്ല. നമ്മൾ ഇത് 2018 ൽ തുടങ്ങിയിട്ട് 2019 കഴിഞ്ഞ് 2020 ലേക്ക് എത്തുമ്പോൾ കാമറയൊക്കെ വളരെ അഡ്വാൻസ്ഡായി മാറിയിരുന്നു. ആ ഭാ​ഗങ്ങളൊക്കെ ഷൂട്ട് ചെയ്തത് കെ.യു മോഹനാണ്. അത് പിന്നീട് സ്വഭാവികമായിട്ടും സുനിലിലേക്ക് മാറുമ്പോൾ ചിലരൊക്കെ വിചാരിച്ചു ഇതൊരു ജംമ്പാകുമോ എന്ന്. നജീബിന്റെ കഥാപാത്രം മരുഭൂമിയിലെത്തി സെറ്റിലാകുന്നത് വരെ ഷൂട്ട് ചെയ്തത് കെ.യു മോഹനാണ്. പിന്നീട് താടി വച്ച് കണ്ണാടിയിൽ നോക്കുന്ന പൃഥ്വിരാജിന്റെ സീൻ മുതൽ സുനിലാണ് ഷൂട്ട് ചെയ്തത്.

വിട്ടുവീഴ്ചകളില്ലാതെ നമ്മൾ സിനിമ ചെയ്യുമ്പോൾ പോലും രാവിലെ ഒരു സീക്വൻസ് എടുത്താൽ വെെകുന്നേരം എടുക്കുന്നത് മറ്റൊരു സീനായിരിക്കും. വളരെ ഇന്റലിജന്റായിട്ടുള്ളൊരു ആർട്ടിസ്റ്റ് ആയതുകൊണ്ടാണ് ഇത് നിലനിർത്തിക്കൊണ്ടു പോകാൻ പറ്റുന്നത്. ഒരു ദിവസത്തിൽ തന്നെ ചെയ്യുന്ന വ്യത്യസ്ത വികാരങ്ങളുണ്ടല്ലോ? ഇതിന് കണ്ടിന്യൂവിറ്റി എന്നൊരു സാധനമുണ്ടല്ലോ എല്ലാ കാര്യത്തിനും? ഹക്കീമും നജീബും ആദ്യമായിട്ട് കാണുന്ന സീൻ ഷൂട്ട് ചെയ്തത് അഞ്ച്, ആറ് ദിവസങ്ങൾ കൊണ്ടാണ്. ഉച്ചയ്ക്ക് ശേഷം ആ സീനാണ് പ്ലാൻ ചെയ്യുന്നത് എങ്കിൽ അതിൽ നിന്നും തീർത്തും വ്യത്യസ്തമായിട്ടുള്ള സീക്വൻസായിരിക്കും രാവിലെ പ്ലാൻ ചെയ്യുക.

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് 'ആടുജീവിതം'. മാർച്ച് 28 ന് റിലീസിനെത്തിയ ചിത്രം ഒമ്പത് ദിവസം കൊണ്ടാണ് 100 കോടി ക്ലബ്ബിൽ ഇടം നേടിയത്. ഇതോടെ ഏറ്റവും വേ​ഗത്തിൽ നൂറ് കോടി ക്ലബ്ബ് കയറുന്ന മലയാള ചിത്രമായി പൃഥ്വിരാജ് സുകുമാരന്റെ 'ആടുജീവിതം' മാറി. ചിത്രം നൂറ് കോടി നേടിയ വിവരം പൃഥ്വിരാജ് തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചത്. നൂറ് കോടി നേടുന്ന ആറാമത്തെ മലയാള ചിത്രം കൂടിയാണ് ആടുജീവിതം. റിലീസ് ചെയത് ഒമ്പത് ദിവസത്തിൽ 53.5 കോടി രൂപ ഇന്ത്യയിൽ നിന്നും, വിദേശത്ത് നിന്നും 46.5 കോടി രൂപയുമാണ് ആടുജീവിതം നേടിയത്. വിദേശത്തേക്ക് കുടിയേറിയ നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന്റെയും സഹനത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിലെ പൃഥ്വിരാജിന്റെ ഫിസിക്കൽ ട്രാൻസ്ഫോമേഷനും അഭിനയത്തിനും വലിയ തരത്തിലുള്ള അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in