ജോസഫിലെ പീറ്റർ എന്ന കഥാപാത്രത്തെക്കാൾ എഫർട്ട് എടുത്ത് ചെയ്ത കഥാപാത്രമാണ് റോന്തിലേത് എന്ന് ദിലീഷ് പോത്തൻ. ദിലീഷ് പോത്തന്‍- റോഷന്‍ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോന്ത്. യോഹന്നാന്‍ എന്ന എഎസ്‌ഐയുടേയും ദിന്‍നാഥ് എന്ന പോലീസ് ഡ്രൈവറുടേയും ജീവിതത്തിലൂടെ സിനിമയുടെ സഞ്ചാരം. ഷാഹി കബീറിന്റെ തിരക്കഥയിൽ ആദ്യമായല്ല ദിലീഷ് പോത്തൻ അഭിനയിക്കുന്നത്. ജോജു ജോർജ്ജ് പ്രധാന കഥാപാത്രമായ ജോസഫിലും പീറ്റർ എന്ന കഥാപാത്രത്തെ ദിലീഷ് പോത്തൻ അവതരിപ്പിച്ചിരുന്നു. എന്നാൽ ജോസഫിലെ പീറ്ററിനെക്കാൾ ഒരുപാട് എഫർട്ട് എടുത്ത് താൻ ചെയ്ത കഥാപാത്രമാണ് യോഹന്നാൻ എന്നും ആ കഥാപാത്രത്തിന് പിന്നിൽ ഒരുപാട് ആലോചനകളും റിസർച്ചുകളും നടത്തിയിട്ടുണ്ടെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ദിലീഷ് പോത്തൻ പറഞ്ഞു.
ദിലീഷ് പോത്തൻ പറഞ്ഞത്:
ഒരു കഥാപാത്രത്തിന് വേണ്ടിയിട്ട് ഒരു എഴുത്തുകാരനും സംവിധായകനും കൂടുതൽ പ്രവർത്തിച്ചത് ഏത് സിനിമയിലേക്ക് വേണ്ടിയാണെന്ന് ചോദിച്ചാൽ അത് കൂടുതലും റോന്തിന് വേണ്ടി തന്നെയാണ്. കാരണം അതൊരു മുഴുനീളൻ കഥാപാത്രമാണ്. ജോസഫിൽ എന്റേത് ഒരു ചെറിയ കഥാപാത്രമാണ്. അങ്ങനെയുള്ള ഒരു കഥാപാത്രത്തിന് വേണ്ടി ഒരു സംവിധായകനും എഴുത്തുകാരനും വർക്ക് ചെയ്യുന്നതും ഇതും തമ്മിൽ വ്യത്യാസമുണ്ട്. യോഹന്നാൻ കുറച്ചു കൂടി ആലോചിക്കുകയും റിസർച്ച് ചെയ്യുകയും ചെയ്ത കഥാപാത്രമാണ്. ആ കഥാപാത്രം എത്രമാത്രം എഫക്ടീവ് ആണെന്ന് പക്ഷേ കണ്ട് തന്നെ അറിയണം. ഒരു ചെറിയ കഥാപാത്രം അഭിനയിക്കുന്നതിൽ ബുദ്ധിമുട്ടുള്ള ആളല്ല ഞാൻ. അത് ഏത് സിനിമയിൽ ആയാലും. കഴിയുമെങ്കിൽ കുറച്ച് പ്രധാനപ്പെട്ട കഥാപാത്രങ്ങൾ കിട്ടുമോ എന്നാണ് ഞാൻ ശ്രദ്ധിക്കാറ്. അതൊരു ചെറിയ കഥാപാത്രം ചെയ്യുന്നത് കൊണ്ട് എനിക്ക് ബുദ്ധിമുട്ട് ഉണ്ടാകും എന്നത് കൊണ്ടല്ല. ഒരു ചെറിയ കഥാപാത്രത്തിന് എഴുത്തുകാരനും സംവിധായകനും നൽകുന്ന ശ്രദ്ധക്കുറവാണ് അതിന് കാരണം. പ്രധാന കഥപാത്രത്തെ അവതരിപ്പിക്കുമ്പോൾ ആ ടീമിന്റെ ശ്രദ്ധ നമ്മളിലേക്ക് കൂടുതൽ വരികയും ആ കഥാപാത്രത്തിന്റെ ചുറ്റുവട്ടം വിശദമായി വർക്ക് ചെയ്തിട്ടും ഉണ്ടാവും. അതൊരു ചെറിയ കഥാപാത്രം ആണെങ്കിൽ ആ കഥാപാത്രത്തിന്ഡറെ ചുറ്റുവട്ടത്തിന് പലപ്പോഴും ഒരു ലോജിക്ക് ഇല്ലായ്മ ഫീൽ ചെയ്യാറുണ്ട്. പെർഫോം ചെയ്യുന്ന സമയത്ത് അത് വളരെ ബുദ്ധിമുട്ടാണ്. ആ നിലയ്ക്കും ഞാൻ ഒരുപാട് പരിശ്രമം ചെയ്തതുമായ കഥാപാത്രം പീറ്ററിനെക്കാൾ ഉറപ്പായും യോഹന്നാൻ ആണ്. പിന്നെ ഞാൻ എത്ര പെർഫോം ചെയ്തു എന്നതിനെക്കാൾ പീറ്റർ എന്ന കഥാപാത്രത്തിന്റെ ഒരു കാഴ്ച്ചപ്പാട് ഉണ്ടല്ലോ, അതെല്ലാം കൂടിച്ചേർന്ന് ഒരു അഭിനന്ദനമായി വന്നതാണ്.
റോന്തിൽ യോഹന്നാനായി ദിലീഷ് പോത്തനും, ദിന്‍നാഥായി റോഷന്‍ മാത്യുവും ആണ് എത്തുന്നത്. ഫെസ്റ്റിവല്‍ സിനിമാസിന്റെ ബാനറില്‍ സംവിധായകന്‍ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്‌ചേഴ്‌സിനു വേണ്ടി വിനീത് ജെയിനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അമൃത പാണ്ഡേയാണ് സഹനിര്‍മ്മാതാവ്. മറ്റ് പോലീസ് ചിത്രങ്ങളേക്കാള്‍ റോന്ത് ആണ് തന്റെ ജീവിതവുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന കഥയെന്ന് സംവിധായകന്‍ ഷാഹി കബീര്‍ പറഞ്ഞു. ഈ ചിത്രം ഒരു ത്രില്ലര്‍ അല്ലെന്നും ഇമോഷണല്‍ ഡ്രാമ എന്ന ഗണത്തിലാണ് ഇത് വരികയെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയായിരുന്നു പ്രധാന ലോക്കേഷന്‍. സുധി കോപ്പ, അരുണ്‍ ചെറുകാവില്‍, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യല്‍ മീഡിയ താരങ്ങളായ ലക്ഷ്മി മേനോന്‍, ബേബി നന്ദുട്ടി തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.