
ആഷിഖ് അബു എന്ന സംവിധായകന് അത്രയും വ്യക്തതയുള്ള സിനിമയായിരുന്നു 'റൈഫിൾ ക്ലബ്' എന്ന് ദിലീഷ് പോത്തൻ. സിനിമ ഹിറ്റടിക്കുമെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നില്ല. സിനിമയുടെ ആശയം ചർച്ച ചെയ്യുമ്പോൾ ആദ്യം മുതലേ തന്നെ തോന്നിയ കാര്യമാണ് മാസ്സീവ് ഹിറ്റാകും എന്നത്. 'റൈഫിൾ ക്ലബ്' എന്ന ചിത്രം എന്താണ് അച്ചീവ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് സംവിധായകന് ആദ്യം മുതലേ വീക്ഷണമുണ്ടായിരുന്നു. സിനിമയുടെ കാസ്റ്റിംഗ് ഉഗ്രനായിരുന്നു. തനിക്ക് ചെയ്യാൻ കിട്ടിയ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു സിനിമയിലെ സെക്രട്ടറി അവറാൻ എന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ദിലീഷ് പോത്തൻ പറഞ്ഞു.
ദിലീഷ് പോത്തൻ പറഞ്ഞത്:
ടീം വർക്ക് തീർച്ചയായും ഉണ്ടായിരുന്ന സിനിമയാണ് റൈഫിൾ ക്ലബ്. പക്ഷെ ആഷിഖ് അബു എന്ന ക്യാപ്റ്റൻസിക്ക് അത്രയും ക്ലാരിറ്റി ഉണ്ടായിരുന്നു ഈ വർക്കിൽ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. റൈഫിൾ ക്ലബ് എന്ന സിനിമ എന്താണ് അച്ചീവ് ചെയ്യേണ്ടത് എന്നതിൽ വളരെ വ്യക്തമായ വീക്ഷണം ആഷിക്കിന് ഉണ്ടായിരുന്നു. ഉഗ്രൻ കാസ്റ്റിംഗായിട്ട് വ്യക്തിപരമായി തോന്നിയിട്ടുണ്ട്. എല്ലാവരും നല്ല അഭിനേതാക്കളായിരുന്നു. മാർക്കറ്റ് പ്രൈസിലല്ല ഞാൻ പറയുന്നത്. വളരെ പ്രൂവ്ഡ് ആയിട്ടുള്ള അഭിനേതാക്കളെ കൃത്യമായി കണ്ടെത്തി കൃത്യമായി തന്നെ അവരെ പ്ലെയ്സ് ചെയ്യാൻ സിനിമയ്ക്ക് കഴിഞ്ഞു.
ഞാൻ കുറച്ചു വർഷമായി സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോൾ എന്നെ സംബന്ധിച്ചിടത്തോളം നല്ല കഥാപാത്രങ്ങൾ ലഭിക്കുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. അങ്ങനെ കിട്ടിയിട്ടുള്ള കഥാപാത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് സെക്രട്ടറി അവറാൻ. അതും എനിക്ക് ഏറ്റവും കംഫർട്ടബിൾ ആയിട്ടുള്ള ക്യാമ്പിൽ അങ്ങനെ ഒരു കഥാപാത്രം ചെയ്യാൻ കഴിയുക എന്നത് എന്നെ സംബന്ധിച്ച് എനിക്ക് കിട്ടുന്ന മികച്ച അവസരമാണ്. ആ അവസരം ഞാൻ നന്നായി ഉപയോഗിച്ചില്ലെങ്കിൽ നഷ്ടമാകും എന്ന തോന്നലിൽ നിന്നുകൊണ്ടാണ് സിനിമയിൽ അഭിനയിച്ചത്.
ഈ സിനിമ ഹിറ്റടിക്കുമെന്ന കാര്യത്തിൽ എനിക്ക് ഒരു സംശയവുമുണ്ടായിരുന്നില്ല. എനിക്ക് ഈ സിനിമയുടെ ഐഡിയ ആദ്യമേ പറയുന്ന സമയം മുതൽ വ്യക്തിപരമായി തോന്നിയിട്ടുള്ളത് മാസ്സിവായി ഹിറ്റാകും എന്ന് തന്നെയാണ്. ആശങ്കകൾ ഉണ്ടായിട്ടുള്ളത് കഥാപാത്രത്തെ കുറിച്ച് മാത്രമാണ്.