'മമ്മൂക്ക എന്നോട് ചോദിച്ചു നീ ഈ വർഷം എത്ര സിനിമയാടാ ചെയ്തത്? എന്റെ റെക്കോർഡ് പൊളിക്കുമോ എന്ന്'; ധ്യാൻ ശ്രീനിവാസൻ

'മമ്മൂക്ക എന്നോട് ചോദിച്ചു നീ ഈ വർഷം എത്ര സിനിമയാടാ ചെയ്തത്? എന്റെ റെക്കോർഡ് പൊളിക്കുമോ എന്ന്'; ധ്യാൻ ശ്രീനിവാസൻ
Published on

തിയറ്ററിൽ‌ വിജയിച്ച സിനിമകളും പരാജയപ്പെട്ട സിനിമകളും ഒരു അഭിനേതാവെന്ന നിലയിൽ തന്നെ വളർത്താൻ സഹായിച്ചിട്ടുണ്ട് എന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിലേക്ക് വരുമ്പോൾ എന്താണ് ഈ സിനിമയിൽ ചെയ്യേണ്ടതെന്ന കൃത്യമായ ധാരണ തനിക്കുണ്ടായിരുന്നുവെന്നും തിയറ്ററിൽ വിജയിച്ച സിനിമയും വിജയിക്കാത്ത സിനിമയും തനിക്ക് ഒരു അഭിനേതാവെന്ന നിലയിൽ വളരാൻ കാരണമായിട്ടുണ്ട് എന്നും ധ്യാൻ പറയുന്നു. നൻ പകൽ നേരത്ത് മയക്കം സിനിമയുടെ സമയത്ത് മമ്മൂക്ക എന്നോട് ചോദിച്ചു നീ ഈ വർഷം എത്ര സിനിമയാടാ ചെയ്തത്? എന്റെ റെക്കോർഡ് പൊളിക്കുമോ എന്ന്. 82-84 കാലഘട്ടത്തിൽ മൂപ്പത്തിനാലോ മൂപ്പത്തിയാറോ സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. അന്ന് അദ്ദേഹം പറഞ്ഞ ഒരു കാര്യം എനിക്ക് ഓർമ്മ വരുന്നത് എന്താണെന്ന് വച്ചാൽ ആ സിനിമകളായിരിക്കാം അതായത് അന്ന് ചെയ്തിട്ടുള്ള അത്തരം കുഞ്ഞ് കുഞ്ഞ് സിനിമകളായിരിക്കാം നമ്മളെ ശരിക്കും ഒരു അഭിനേതാവെന്ന നിലയിൽ വളർത്തുന്നത് എന്നും നമ്മൾ ചെയ്യുന്ന മോശം സിനിമകൾ നമുക്ക് ഏറ്റവും വലിയ പാഠമായിരിക്കും തന്നിട്ടുണ്ടാവുക എന്നും മമ്മൂക്ക പറഞ്ഞതായി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

ധ്യാൻ പറ‍ഞ്ഞത്:

'തിര' ചെയ്യുന്ന സമയത്ത് എന്താ പരിപാടി എന്നൊരു ഐഡിയ ഇല്ല. ചേട്ടൻ പറയുന്നത് നമ്മൾ ഫോളോ ചെയ്യുക എന്നത് മാത്രമേയുള്ളൂ. ഇതിൽ വരുമ്പോൾ ഇത്രയും സിനിമകളുടെ എക്സ്പീരിയൻസ് കാരണം എന്ത് ചെയ്യണം എന്ന കൃത്യമായ ധാരണയുണ്ട്. ഓടിയ സിനിമകളുണ്ട് ഓടാത്ത സിനിമകളുണ്ട്. നൻ പകൽ നേരത്ത് മയക്കം സിനിമയുടെ സമയത്ത് മമ്മൂക്ക എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്. ഞാൻ അപ്പുറത്ത് ഒരു പടം ഷൂട്ട് ചെയ്യുകയായിരുന്നു. അദ്ദേഹം 1984 ൽ പത്ത് മുപ്പത്തി നാല് സിനിമയോളം ചെയ്തിട്ടുണ്ട്. അദ്ദേഹം എന്നോട് ചോദിച്ചു നീ ഈ വർഷം എത്ര സിനിമയാടാ ചെയ്തത്? എന്റെ റെക്കോർഡ് പൊളിക്കുമോ എന്ന് ചോദിച്ചു. 82-84 കാലഘട്ടത്തിൽ മൂപ്പത്തിനാലോ മൂപ്പത്തിയാറോ സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. അന്ന് അദ്ദേഹം പറഞ്ഞ ഒരു കാര്യം എനിക്ക് ഓർമ്മ വരുന്നത് എന്താണെന്ന് വച്ചാൽ ആ സിനിമകളായിരിക്കാം അതായത് അന്ന് ചെയ്തിട്ടുള്ള അത്തരം കുഞ്ഞ് കുഞ്ഞ് സിനിമകളായിരിക്കാം അതിൽ ഓടിയ സിനിമകളുണ്ടാവും ഓടാത്ത സിനിമകളുണ്ടാവും അത്തരം സിനിമകളായിരിക്കും നമ്മളെ ശരിക്കും ഒരു അഭിനേതാവെന്ന നിലയിൽ വളർത്താനും നമ്മൾ ചെയ്യുന്ന മോശം സിനിമകളായിരിക്കും നമുക്ക് ഏറ്റവും വലിയ ലേണിം​ഗ് തന്നിട്ടുണ്ടായിരിക്കുക എന്നും. ആ രീതിയിൽ ഞാൻ ചെയ്തിട്ടുള്ള പല സിനിമകളും അത് കൊമേഴ്ഷ്യലി വിജയിക്കാത്ത പല സിനിമകളാണെങ്കിലും വ്യക്തിപരമായി ഒരു അഭിനേതാവെന്ന നിലയിൽ എന്നെ ഹെൽപ്പ് ചെയ്തിട്ടുണ്ട്. വിജയിക്കാത്ത സിനിമകളിൽ പോലും എന്റെ അഭിനയം മോശമായിരുന്നില്ല എന്ന് പറഞ്ഞ ആളുകളുണ്ട്. അതുകൊണ്ട് തന്നെ ഇത് ചെയ്യാൻ പറ്റും എന്നൊരു കോൺഫിഡൻ‌സ് എനിക്കുണ്ടായിരുന്നു. ഇമോഷ്ണൽ സീൻ ഒക്കെ വരുന്ന സമയത്ത് ഏട്ടൻ എനിക്ക് പറഞ്ഞു തരുന്നതിന് മുന്നേ ഞാൻ ഏട്ടനോട് എന്റെ ഒരു വേർഷൻ ഞാൻ ചെയ്ത് കാണിക്കാം അത് ഓക്കെ അല്ലെങ്കിൽ അതിൽ എന്തൊക്കെ കറക്ഷൻ വേണമെന്ന് ഏട്ടൻ പറഞ്ഞാൽ മതി എന്ന് പറഞ്ഞു.

ഹൃദയം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'വർഷങ്ങൾക്കു ശേഷം' . കോടമ്പാക്കത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് സിനിമാമോഹിയായ ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രത്തിന്റെ നിർമാണം. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in