'അമൃത കുറച്ചുമാത്രമാണ് സംസാരിക്കുന്നത്, പക്ഷേ അതെല്ലാം പ്രസക്തമായ കാര്യങ്ങളാണ്'; പാരഡെെസിലെ കഥാപാത്രത്തെക്കുറിച്ച് ദർശന രാജേന്ദ്രൻ

'അമൃത കുറച്ചുമാത്രമാണ് സംസാരിക്കുന്നത്, പക്ഷേ അതെല്ലാം പ്രസക്തമായ കാര്യങ്ങളാണ്'; പാരഡെെസിലെ കഥാപാത്രത്തെക്കുറിച്ച് ദർശന രാജേന്ദ്രൻ

പാരഡെെസിന്റെ സഹ എഴുത്തുകാരിയായ അനുഷ്കയാണ് അമൃത എന്ന കഥാപാത്രത്തിന്റെ സത്യസന്ധമായ ആഖ്യനത്തിന് ഒരുപാട് സംഭവനകൾ നൽകിയത് എന്ന് നടി ദർശന. അമൃത എന്ന കഥാപാത്രം ചെയ്തു തുടങ്ങുമ്പോൾ തന്നെ അതിലേക്ക് തനിക്ക് ഓഫർ ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു എന്ന് ദർശന പറയുന്നു. അമൃത വളരെ കുറച്ച് മാത്രം സംസാരിക്കുന്ന വ്യക്തിയാണ്. എന്നാൽ അതേ സമയം പറയേണ്ട കാര്യങ്ങൾ ആ കഥാപാത്രം വെട്ടി തുറന്ന് പറയുന്നുണ്ടെന്നും പറയുന്ന കാര്യങ്ങളെല്ലാം പ്രസക്തമാണെന്നും ദർശന പറയുന്നു. ചിത്രത്തിന്റെ സഹ എഴുത്തുകാരിയായ അനുഷ്കാ സേനാനായകെയാണ് അമൃത എന്ന കഥാപാത്രത്തിന്റെ സ്ത്രീപക്ഷ കാഴ്ചപ്പാടും ഒപ്പം ആ കഥാപാത്രത്തിന് അതിന് ആവശ്യമായ സത്യസന്ധതയും കൃത്യമായി നൽകാൻ സഹായിച്ചത് എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ദർശന പറഞ്ഞു.

ദർശന രാജേന്ദ്രൻ പറഞ്ഞത്:

എനിക്ക് സ്ക്രിപ്റ്റ് പഠിക്കാൻ അറിയില്ല. ഇങ്ങനെ ചെയ്ത് തുടങ്ങുമ്പോഴാണ് അത് സാധിക്കുക. അതുകൊണ്ട് തന്നെ ഞാൻ പ്രസന്ന സാറിനോട് അധികം സംസാരിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ ചെയ്തു തുടങ്ങുമ്പോൾ ആ കഥാപാത്രത്തിലേക്ക് എനിക്ക് ഓഫർ ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു എന്നതാണ്. ഇപ്പോൾ ആ പെൺ കുട്ടി ബ്ലോ​ഗ് എഴുതുന്നത്. എന്റെ ചുറ്റുമുള്ള ആരും അതിനെ സ്പ്പോർട്ട് ചെയ്യുന്നില്ല. എല്ലാവരും അത് താഴ്ത്തി കാണുകയാണ്. അതിനെ ഞാൻ എതിർത്തിട്ട് കാര്യമില്ല കാരണം അത് മനസ്സിലാക്കാനുള്ള തരത്തിലേക്ക് കേശവ് എന്ന കഥാപാത്രം വളർന്നിട്ടില്ല. അതുകൊണ്ട് തന്നെ ഞാൻ അവിടെ എന്തുകൊണ്ട് നീ എന്നെ സപ്പോർട്ട് ചെയ്യുന്നില്ല എന്നതിനെക്കുറിച്ച് ഒരു പ്രശ്നം ഉണ്ടാക്കുകയോ ചോദ്യം ചോദിക്കുകയോ ചെയ്യുന്നില്ല. ഇത് എനിക്ക് പ്രധാനപ്പെട്ടതാണ് എന്ന് മനസ്സിലാക്കനുള്ള തരത്തിലേക്ക് അയാൾ എത്തിയിട്ടില്ല. ഞാൻ അവിടെ വഴക്കുണ്ടാക്കാതെ എന്റെ ബ്ലോ​ഗ് ചെയ്ത് ഞാൻ എന്റെ താൽപര്യങ്ങൾ ആഘോഷിക്കുകയാണ്. അത്തരത്തിലുള്ള വ്യക്തിയിൽ നിന്നുമാണ് പിന്നീട് അവൾ കാൾ ഔട്ട് ചെയ്യുന്നത്. അമൃത വളരെ കുറച്ചാണ് സംസാരിക്കുന്നത്. പക്ഷേ സംസാരിക്കുന്നത് എല്ലാം പ്രസക്തമായ കാര്യങ്ങളുമാണ്. അവളുടെ ഒരു ഡയലോ​ഗിൽ അതിന് മുമ്പ് സംഭവിച്ച് കുറേ കാര്യങ്ങളുടെ ഭാരമുണ്ടായിരിക്കും. അതൊക്കെ എനിക്ക് വളരെ ആവേശം തോന്നിയ കാര്യങ്ങളാണ്. ഇപ്പോൾ ആഡ്രൂവിന്റെ കൂടെയുള്ള സീനിലെല്ലാം എനിക്ക് എന്റെ സെെഡ് കാണിക്കണമെന്നുണ്ട്, അപ്പോഴെല്ലാം ഞാൻ അത് വെട്ടിത്തുറന്ന് പറയുന്നുമുണ്ട് എന്നാൽ അതിലൊരു മര്യാദയും കാത്തു സൂക്ഷിക്കുന്നുണ്ട്. അത്തരത്തിലൊരു കഥാപാത്രം, സെൻസിറ്റിവായ, കാണുന്നതെല്ലാം ശരിയാണോ എന്ന് ചോദ്യം ചോദിക്കുന്ന, ആ ചോദ്യത്തെ താനുമായി കണക്ട് ചെയ്യാൻ നോക്കുന്ന ഒരു കഥാപാത്രമാണ് അമ‍ൃത. മാത്രമല്ല അനുഷ്കയാണ് ഈ സിനിമയുടെ കോ റെെറ്റർ. അതുകൊണ്ട് തന്നെ സ്ത്രീയുടെ കാഴ്ച്ചപ്പാടിൽ നിന്നുള്ള പലതും ഇതിലേക്ക് അവൾ കൊണ്ടുവന്നിട്ടുണ്ട്. അവൾക്ക് എന്റെയത്ര പ്രായം മാത്രമേ ഉണ്ടാകാനിടയുള്ളൂ. പക്ഷേ ഈ സ്ക്രിപ്റ്റ് മുഴുവൻ അനുഷ വർക്ക് ചെയ്തത് ഈ ഒരു ആഖ്യാനം അതിന് കൊണ്ടു വരാൻ വേണ്ടിയിട്ടാണ്. ആ ആഖ്യാനം സത്യസന്ധമായിരിക്കണം എന്ന് പ്രസന്നസാറിന് നിർബന്ധമുള്ളത് കൊണ്ടായിരുന്നു അത്. എനിക്ക് തോന്നുന്നത് അമൃത എന്ന കഥാപാത്രത്തിന്റെ സത്യസന്ധതയിൽ അനുഷ ഒരുപാട് സംഭവനകൾ നൽകിയിട്ടുണ്ട് എന്നതാണ്.

ദർശന രാജേന്ദ്രൻ, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രസന്ന വിത്താനാഗെ സംവിധാനം ചെയ്ത ചിത്രമാണ് പാരഡെെസ്. ഫാമിലി, ലാലന്നാസ് സോങ്ങ്, കിസ്സ് എന്നീ സിനിമകൾക്ക് ശേഷം ന്യൂട്ടൻ സിനിമാസ് നിർമിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് സംവിധായകൻ മണിരത്നത്തിന്റെ നിർമ്മാണസ്ഥാപനമായ മദ്രാസ് ടാക്കീസാണ്. ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള കിം ജിസോക് പുരസ്ക്കാരം നേടിയ ചിത്രമായ പാരഡെെസ് ജൂൺ 28 ന് തിയറ്ററുകളിലെത്തും.

logo
The Cue
www.thecue.in