മ്യൂറൽ പെയ്ന്റിം​ഗ് രീതിയിൽ കോസ്റ്റ്യും, 400 മീറ്റർ തുണിയിൽ ഒരുക്കിയ ദിഗംബരന്റെ ഇൻട്രോയുടെ മുഴുവൻ ക്രെഡിറ്റും സന്തോഷേട്ടന്;എസ്.ബി സതീഷ്

മ്യൂറൽ പെയ്ന്റിം​ഗ് രീതിയിൽ കോസ്റ്റ്യും, 400 മീറ്റർ തുണിയിൽ ഒരുക്കിയ ദിഗംബരന്റെ ഇൻട്രോയുടെ മുഴുവൻ ക്രെഡിറ്റും സന്തോഷേട്ടന്;എസ്.ബി സതീഷ്

നാനൂറ് മീറ്റർ തുണിയിലാണ് അനന്തഭദ്രത്തിലെ ദി​ഗംബരന്റെ ഇൻട്രോ ഒരുക്കിയത് എന്ന് കോസ്റ്റ്യൂം ഡിസൈനർ എസ് ബി സതീഷ്. അനന്തഭദ്രത്തിലെ എല്ലാ കഥാപാത്രങ്ങളുടെയും കോസ്റ്റ്യും മ്യൂറൽ പെയ്ന്റിന്റെ രീതിയിലാണ് ഒരുക്കിയത് എന്നും അത് സന്തോഷ് ശിവൻ നേരത്തെ പറഞ്ഞിരുന്നുവെന്നും സതീഷ് പറയുന്നു. അനന്തഭദ്രം ഷൂട്ട് ചെയ്യുന്ന സമയത്ത് സിനിമയിൽ ഉപയോ​ഗിച്ചിരിക്കുന്ന തരത്തിലുള്ള നിറങ്ങളിലെ തുണികൾ ലഭ്യമായിരുന്നില്ലെന്നും തുണികൾ ഡെെ ചെയ്ത് എടുത്താണ് അതിന് വേണ്ടി ഉപയോ​ഗിച്ചത് എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ എസ്.ബി സതീഷ് പറഞ്ഞു.

എസ്.ബി സതീഷ് പറഞ്ഞത്:

അനന്തഭദ്രത്തിലെ കോസ്റ്റ്യും ഡെെ ചെയ്താണ് ഉപയോ​ഗിച്ചിരിക്കുന്നത്. ആ സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് അത്രയും നിറങ്ങൾ ലഭ്യമായിരുന്നില്ല. അതിന് വേണ്ടി കസവിന്റെ മുണ്ടുകൾ ഡെെ ചെയ്തിട്ടുണ്ട്. കസവ് മുണ്ട് ഡെെ ചെയ്താണ് നെടുമുടി വേണു ചേട്ടന്റെ തമ്പുരാൻ കഥാപാത്രത്തിന് ഉപയോ​ഗിച്ചത്. അത് മുഴുവൻ മ്യൂറലിന്റെ ബേസിൽ നിന്നു കൊണ്ട് ഞാൻ ചെയ്ത സിനിമയാണ്. മ്യൂറലിൽ നിന്ന് മാറിയിട്ടേയില്ല. സന്തോഷേട്ടനും പറഞ്ഞു നമുക്ക് ആ മ്യൂറൽ പെയ്ന്റിം​ഗ്സിന്റെ രീതിയിലായിരിക്കണം കഥാപാത്രങ്ങളുടെ കോസ്റ്റ്യും തീരുമാനിക്കേണ്ടത് എന്ന്. പിന്നെ ആ ദിം​ഗംബരന്റെ ഇൻട്രോഡക്ഷന്റെ മുഴുവൻ‌ ക്രെഡിറ്റും സന്തോഷേട്ടനാണ്. എങ്ങനെയാണ് വേണ്ടത് എന്ന് പറഞ്ഞപ്പോൾ ആ രീതിയിൽ നമ്മൾ ചെയ്തു കൊടുത്തുവെന്ന് മാത്രം. ഒരു ദിവസം എന്നോട് നമ്മുടെ കയ്യിൽ എത്ര ബ്ലാക്ക് ഉണ്ട് എന്ന് ചോദിച്ചു. കളരിക്ക് വേണ്ടി വാങ്ങി വച്ചിരിക്കുന്ന റെഡും ബ്ലാക്കും കൂടി ഒരു അമ്പത് മീറ്റർ ഉണ്ട് എന്ന് പറഞ്ഞു. അപ്പോൾ സന്തോഷേട്ടൻ പറ‍ഞ്ഞു എനിക്ക് ഒരു നാനൂറ് മീറ്റർ വേണം. നമുക്ക് ദിം​ഗംബരന്റെ ഇൻട്രോ എടുക്കണം, നല്ല ഫ്ലോ വേണം, ഒരാള് ചാടുമ്പോൾ ഇങ്ങനെ പറന്ന് വരണം എന്ന്. ഈ പറത്തി വിടൽ എങ്ങനെ നടക്കും എന്ന് ഞാൻ ചോദിച്ചു. പത്ത് മീറ്ററൊക്കെയെ പറത്തി വിടാൻ പറ്റുള്ളൂ. അപ്പോൾ അത്രയും നെെസായ തുണി എടുക്കണം എന്ന് എന്നോട് പറഞ്ഞു. അങ്ങനെ ഞാൻ തൃശ്ശൂരിൽ പോയി എടുക്കാൻ പറ്റുന്നത്രയും തുണിയെടുത്തു. അങ്ങനെ ഒരു ദിവസം ഇരിക്കുമ്പോഴാണ് ഇത് ഷൂട്ട് ചെയ്യാം എന്ന് പറയുന്നത്.

അനന്തഭദ്രം നോവലിനെ ആസ്പദമാക്കി ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ 2005 സംവിധാനം ചെയ്ത ഡാർക്ക് ഫാൻ്റസി ഹൊറർ ചിത്രമായിരുന്നു അനന്തഭ​ദ്രം. മനോജ് കെ. ജയന്‍, പൃഥ്വിരാജ്, കാവ്യ മാധവന്‍, കലാഭവൻ മണി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം 2005-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ അഞ്ച് ബഹുമതികൾ നേടി.

Related Stories

No stories found.
logo
The Cue
www.thecue.in