മൂന്ന് ദിവസം ഭക്ഷണം കഴിച്ചില്ല, തലേ ദിവസം മുതൽ വെള്ളം കുടിച്ചില്ല, ആ ഷോട്ടിനായി പൃഥ്വിയെ കസേരയിൽ എടുത്തു കൊണ്ടാണ് വന്നത് - സുനിൽ കെ.എസ്

മൂന്ന് ദിവസം ഭക്ഷണം കഴിച്ചില്ല, തലേ ദിവസം മുതൽ വെള്ളം കുടിച്ചില്ല, ആ ഷോട്ടിനായി പൃഥ്വിയെ കസേരയിൽ എടുത്തു കൊണ്ടാണ് വന്നത് - സുനിൽ കെ.എസ്

'ആടുജീവിതം' എന്ന ചിത്രത്തിന് വേണ്ടി നടൻ പൃഥ്വിരാജ് നടത്തിയ ഫിസിക്കൽ ട്രാൻസഫർമേഷൻ സിനിമയുടെ റിലീസിന് മുൻപ് തന്നെ വലിയ തരത്തിൽ ചർച്ചയായതാണ്. എന്നാൽ തന്റെ ഏറ്റവും മെലിഞ്ഞ രൂപം ഇതുവരെ ഒരു പോസ്റ്ററിൽ പോലും വന്നിട്ടില്ലെന്നാണ് സിനിമയുടെ പ്രമോഷൻ സമയങ്ങളിൽ പൃഥ്വിരാജ് തന്നെ പറഞ്ഞതും. ആടുജീവിതം പുറത്തു വന്നതോടെ പ്രേക്ഷകർ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് പൃഥ്വിരാജിന്റെ ഈ ഫിസിക്കൽ ട്രാൻസ്ഫർമേഷൻ സീനിനെക്കുറിച്ചാണ്. ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ ഏറ്റവും മെലിഞ്ഞ രൂപം കാണിക്കുന്ന ആ സീനിന് വേണ്ടി മൂന്ന് ദിവസം പൃഥ്വിരാജ് ഭക്ഷണം കഴിക്കാതെയിരുന്നുവെന്ന് സിനിമയുടെ ഛായാഗ്രാഹകൻ സുനിൽ കെ.എസ്. ആ ഷോട്ടിന് വേണ്ടി രാജു മൂന്ന് ദിവസമായി ഫാസ്റ്റിം​ങ്ങ് ആയിരുന്നു. ഫാസ്റ്റിം​ങ്ങ് മാത്രമായിരുന്നില്ല ഷോട്ടിന്റെ തലേ ദിവസം ഉച്ചയ്ക്ക് മുതൽ അദ്ദേഹം വെള്ളം കുടിച്ചിരുന്നുമില്ല എന്ന് സുനിൽ കെ.എസ് പറയുന്നു. രാത്രി ഒരു 30 മില്ലി വോട്ക കൂടി അദ്ദേഹത്തിന് കൊടുക്കും. അത് കൊടുത്ത് കഴിയുമ്പോഴേക്കും ശരീരത്തിൽ ബാക്കിയുള്ള ജലാംശം കൂടി വലിയും. ആ ഷോട്ടിന് വേണ്ടി അദ്ദേഹത്തെ ചെയറിലാണ് എടുത്തു കൊണ്ടു വന്നത്. ഇരുന്ന് കഴിഞ്ഞാൽ അദ്ദേഹത്തിന് എഴുന്നേൽക്കാൻ കഴിയില്ല. നമ്മൾ അദ്ദേഹത്തെ പൊക്കി എഴുന്നേൽപ്പിക്കണം അത്രയും ക്ഷീണിതനായിരുന്നു പൃഥ്വിരാജ് എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സുനിൽ കെ.എസ് പറഞ്ഞു.

സുനിൽ കെ.എസ് പറഞ്ഞത്:

ആ ഷോട്ട് നമ്മൾ മോക്ക് ഷൂട്ട് ചെയ്തിരുന്നു. ബ്ലെസി ചേട്ടൻ തന്നെയായിരുന്നു ആ മോക്ക് ഷൂട്ടിൽ അഭിനയിച്ചത്. അദ്ദേഹം അഭിനയിച്ചു കാണിച്ചു നമുക്ക് ഇത് ഇങ്ങനെ ഒരു പാൻ മൊമെന്റിൽ ചെയ്യാം എന്ന് പറഞ്ഞു. കറക്ട് ഏത് ഭാ​ഗമാണോ റിവീൽ ചെയ്യേണ്ടത് ആ ഭാ​ഗം പെർഫെക്ടായിട്ട് ക്യാമറ എല്ലാം സിങ്ക് ചെയ്ത് ഫോക്കസ് ചെയ്തു. ഒരൊറ്റ ഷോട്ട് മാത്രമേ അന്നത്തെ ദിവസം എടുക്കാൻ പറ്റുമായിരുന്നുള്ളൂ. അന്ന് ഒരു മൂന്നര മണിക്കാണ് ആ ഷോട്ട് എടുക്കുന്നത്. ഒരോ ഷോട്ടിനും ടെെമുണ്ട്. അത് എഴുതി വച്ചിട്ടുണ്ട്. ആ സമയത്ത് മാത്രമേ ഷോട്ട് എടുക്കുകയുള്ളൂ. ആ ഷോട്ടിന് വേണ്ടി രാജു മൂന്ന് ദിവസമായി ഫാസ്റ്റിം​ഗ് ആയിരുന്നു. ഫാസ്റ്റിം​ഗ് മാത്രമായിരുന്നില്ല ഷോട്ടിന്റെ തലേ ദിവസം ഉച്ചയ്ക്ക് മുതൽ വാട്ടർ കട്ടിം​ഗുമായിരുന്നു. ഇന്നാണ് ഷോട്ട് എങ്കിൽ ഇന്നലെ മുതൽ അദ്ദേഹം വെള്ളം കുടിക്കില്ല. അവസാനം രാത്രി ഒരു 30 മില്ലി വോട്ക കൂടി കൊടുക്കും. അത് കൊടുത്ത് കഴിയുമ്പോഴേക്കും ശരീരത്തിൽ ബാക്കിയുള്ള ജലാംശം കൂടി അങ്ങ് വലിയും. എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് ആ ഷോട്ടിന് വേണ്ടി അദ്ദേഹത്തെ ചെയറിലാണ് എടുത്തു കൊണ്ടു വന്നത്. വണ്ടിയിൽ നിന്നിറക്കി ചെയറിൽ കൊണ്ടു വന്നിരുത്തി. ഷോട്ട് എല്ലാം കംമ്പോസ് ചെയ്ത്, അദ്ദേഹത്തെ അവിടെ കൊണ്ടുവന്ന് നിർത്തി. ആക്ഷൻ പറഞ്ഞു, അദ്ദേഹത്തിന് ഇരുന്ന് കഴിഞ്ഞാൽ എഴുന്നേൽക്കാൻ കഴിയില്ല. നമ്മൾ അദ്ദേഹത്തെ പൊക്കി എഴുന്നേൽപ്പിക്കണം. അന്നത്തെ ദിവസം ആ ഒരൊറ്റ ഷോട്ട് മാത്രമേയുണ്ടായിരുന്നുള്ളൂ. വളരെ പ്ലാന്റായി എല്ലാവരും ചേർന്ന് ഓർ​ഗനെസ് ചെയ്ത് കൃത്യം മൂന്നരയ്ക്ക് എടുത്ത ഷോട്ടാണ് അത്.

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് 'ആടുജീവിതം'. ചിത്രത്തിൽ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. വിദേശത്തേക്ക് കുടിയേറിയ നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന്റെയും സഹനത്തിന്റെയും കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും പ്രദർശനത്തിനെത്തിയ ചിത്രം തിയറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് നേടുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in