ആടുജീവിതം ഒരു മോശം സിനിമയായിരിക്കില്ലെന്ന് അറിയാമായിരുന്നു; വർഷങ്ങൾ ഇത്ര കഴിഞ്ഞു എന്നത് മറ്റുള്ളവർ പറയുമ്പോഴാണ് മനസ്സിലായതെന്ന് ബ്ലെസി

ആടുജീവിതം ഒരു മോശം സിനിമയായിരിക്കില്ലെന്ന് അറിയാമായിരുന്നു; വർഷങ്ങൾ ഇത്ര കഴിഞ്ഞു എന്നത് മറ്റുള്ളവർ പറയുമ്പോഴാണ് മനസ്സിലായതെന്ന് ബ്ലെസി

ആടുജീവിതം നല്ലൊരു സിനിമയായിരിക്കും എന്നുള്ളൊരു കോൺഫിഡൻസ് തനിക്കുണ്ടായിരുന്നു എന്നാൽ അത് ഇത്തരത്തിൽ ആൾക്കാരുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്ന് സംവിധായകൻ ബ്ലെസി. തന്റെ കഷ്ടപ്പാട്, തന്റെ ഇത്രയും വർഷങ്ങളുടെ കഷ്ടപ്പാട് എന്നൊക്കെ ഒരോരുത്തരും പറയുമ്പോഴാണ് 2013 ന് ശേഷമുള്ള പതിനൊന്ന് വർ‌ഷം താൻ മറ്റൊരു സിനിമ പോലും ചെയതില്ലല്ലോ എന്ന് തനിക്ക് തന്നെ തോന്നിയത് എന്നും അപ്പോഴാണ് ഭയം വന്നതെന്നും ബ്ലെസി പറയുന്നു. എനിക്ക് ഒരുപാട് മറ്റം വന്നിരിക്കുന്നു. എന്റെ പ്രായം മാറി, നര ബാധിച്ചു, എന്റെ രൂപത്തിൽ മാറ്റമുണ്ടായി, തുടങ്ങിയ തിരിച്ചറിവിലേക്ക് ഞാൻ പോകുന്നത് ഇപ്പോഴാണ്. ചിലപ്പോൾ അറിയാതെ എന്റെ ഏകാന്തതയിൽ ഞാൻ കരയാറുണ്ട്. ഒരു വലിയ കാര്യം ഞാൻ ചെയ്തു എന്നൊന്നും എനിക്ക് തോന്നുന്നില്ല. ചിലത് മണ്ടത്തരങ്ങളായിരിക്കാം. പക്ഷേ എനിക്ക് ഈ സിനിമ പൂർത്തിയാക്കണം, ഇത് ലോകത്തിന് മുന്നിൽ കൊണ്ടുവരണം എന്ന് ആ​ഗ്രഹമുണ്ടായിരുന്നു. സിനിമയുടെ ഒരു ഘട്ടം കഴിഞ്ഞപ്പോഴേക്കും ഇതൊരു മോശം സിനിമയായിരിക്കല്ലെന്നും ആ ഒരു കോൺഫിഡൻസിലാണ് കമൽ സാർ അടക്കമുള്ളവരെ റിലീസിന് മുമ്പ് സിനിമ കാണിക്കാൻ താൻ തയ്യാറായത് എന്നും ബ്ലെസി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ബ്ലെസി പറഞ്ഞത്:

എനിക്ക് തോന്നിയിട്ടുള്ളത് ഈ കഴിഞ്ഞ കുറേ നാളുകളായിട്ട് എന്റെ കഷ്ടപ്പാട്, എന്റെ ഇത്രയും വർഷങ്ങളുടെ കഷ്ടപ്പാട് എന്നൊക്കെ ഒരോരുത്തരും ഇങ്ങനെ പറയുമ്പോഴാണ് ശരിക്കും 2013 ൽ ഒരു സിനിമ ഇറങ്ങിയിട്ട് കഴിഞ്ഞ പതിനൊന്ന് വർ‌ഷമായിട്ട് എനിക്ക് ഒരു സിനിമ ചെയ്യാൻ പറ്റിയില്ലല്ലോ എന്ന് എനിക്ക് തന്നെ തോന്നിയത്. ഇത് നമ്മൾ റികളക്ട് ചെയ്യുന്നത് അല്ലെങ്കിൽ റീകോൾ ചെയ്യുന്നത് ഇങ്ങനെ മറ്റ് പലരും പറയുന്നത് കേൾക്കുമ്പോഴാണ്. അപ്പോഴാണ് നമുക്കും ഒരുപാട് ഭയവും മറ്റും വരുന്നത്. കാരണം നമുക്കും ഒരുപാട് മറ്റം വന്നു. എന്റെ പ്രായം മാറി, നര ബാധിച്ചു, എന്റെ രൂപത്തിൽ മാറ്റമുണ്ടായി, എന്ന് തുടങ്ങിയ തിരിച്ചറിവിലേക്ക് ഞാൻ പോകുന്നത് ഇപ്പോഴാണ്. ചിലപ്പോൾ അറിയാതെ എന്റെ ഏകാന്തതയിൽ ഞാൻ കരയാറുണ്ട്. ഇത് വലിയ ആലോചനയോട് കൂടി നടന്നതൊന്നുമല്ല. വലിയ ബുദ്ധിപരമായ തീരുമാനവും അല്ല ഞാൻ ചെയ്തത്. ഇതിനോടുള്ള അമിതമായ ഒരു ആവേശമുണ്ടല്ലോ? ആ ഒഴുക്കിന് അങ്ങ് പോയി എന്നേയുള്ളൂ. അല്ലാതെ ഒരു വലിയ കാര്യം ഞാൻ ചെയ്തു എന്നൊന്നും എനിക്ക് തോന്നുന്നില്ല. ചിലത് മണ്ടത്തരങ്ങളായിരിക്കാം. പക്ഷേ എന്നാലും എനിക്ക് സിനിമ പൂർത്തിയാക്കണം, ഇത് ലോകത്തിന് മുന്നിൽ കൊണ്ടുവരണം എന്ന് ഞാൻ ആ​ഗ്രഹിച്ചിരുന്നു. പിന്നെ ഒരു ഘട്ടം കഴിഞ്ഞപ്പോഴേക്കും എനിക്ക് ഇത് മോശമായ ഒരു സിനിമയല്ല എന്നുള്ളൊരു കോൺഫിഡൻസ് ഉണ്ടായി. അതുകൊണ്ട് തന്നെയായിരുന്നു സിനിമ ഇറങ്ങുന്നതിന് മുമ്പ് പലരുടെയും മുമ്പിൽ ഈ സിനിമ പ്രദർശിപ്പിക്കാൻ ഞാൻ തയ്യാറായത്. കമൽ സാറിനെയൊക്കെ ആ സിനിമ കാണിക്കാൻ കാരണം അതായിരുന്നു. ആളുകൾ ആ സിനിമയെ എങ്ങനെ കാണുന്നു, എടുക്കുന്നു എന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ലെങ്കിൽ പോലും നല്ലൊരു കോൺഫിഡൻസ് എനിക്കുണ്ടായിരുന്നു. പക്ഷേ ഇത്തരത്തിൽ ആൾക്കാരുടെ ഉള്ളിലേക്ക് കയറും എന്നൊന്നും ഞാൻ ചിന്തിച്ചിരുന്നില്ല. അതിനായിട്ട് പ്രത്യേകിച്ച് ഞാൻ ഒന്നും ചെയ്തിട്ടുമില്ല.

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് 'ആടുജീവിതം'. മാർച്ച് 28 ന് റിലീസിനെത്തിയ ചിത്രം ഒമ്പത് ദിവസം കൊണ്ടാണ് 100 കോടി ക്ലബ്ബിൽ ഇടം നേടിയത്. ഇതോടെ ഏറ്റവും വേ​ഗത്തിൽ നൂറ് കോടി ക്ലബ്ബ് കയറുന്ന മലയാള ചിത്രമായി പൃഥ്വിരാജ് സുകുമാരന്റെ 'ആടുജീവിതം' മാറി. ചിത്രം നൂറ് കോടി നേടിയ വിവരം പൃഥ്വിരാജ് തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചത്. നൂറ് കോടി നേടുന്ന ആറാമത്തെ മലയാള ചിത്രം കൂടിയാണ് ആടുജീവിതം. റിലീസ് ചെയത് ഒമ്പത് ദിവസത്തിൽ 53.5 കോടി രൂപ ഇന്ത്യയിൽ നിന്നും, വിദേശത്ത് നിന്നും 46.5 കോടി രൂപയുമാണ് ആടുജീവിതം നേടിയത്. വിദേശത്തേക്ക് കുടിയേറിയ നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന്റെയും സഹനത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിലെ പൃഥ്വിരാജിന്റെ ഫിസിക്കൽ ട്രാൻസ്ഫോമേഷനും അഭിനയത്തിനും വലിയ തരത്തിലുള്ള അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in