അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്നു സ്വന്തം പുണ്യാളൻ. ഒരു ഫാൻ്റസി കോമഡി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ തോമസ് എന്ന കഥാപാത്രത്തെയാണ് ബാലു വർഗീസ് അവതരിപ്പിക്കുന്നത്. താൻ അവതരിപ്പിക്കുന്ന തോമസ് എന്ന കഥാപാത്രം കുറച്ച് ഓവർ ശുദ്ധനാണെന്നും അതാണ് ആ കഥാപാത്രം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്നും ബാലു വർഗീസ് പറയുന്നു. വളരെ നല്ല ആളായതുകൊണ്ടു തന്നെ അയാൾക്ക് ജീവിതത്തിൽ നേരിടേണ്ടി വരുന്ന പണികളാണ് സിനിമയിൽ പറയുന്നതെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ബാലു വർഗീസ് പറഞ്ഞു.
ബാലു വർഗീസ് പറഞ്ഞത്:
തോമസ് ശരിക്കും വളരെ പാവത്താനായ എല്ലാവർക്കും നല്ലത് ചെയ്യാൻ വേണ്ടി ആഗ്രഹിക്കുന്ന, പെട്ടെന്ന് നോ പറയാനും ഇറക്കി വിടാനും ഒന്നും പറ്റാത്ത വളരെ നല്ലൊരു വ്യക്തിയാണ്. പക്ഷേ അയാൾ അത്രയും നല്ല ആളായത് കൊണ്ടു തന്നെ അയാൾക്ക് കിട്ടുന്ന പണികളാണ് ഈ സിനിമിയിൽ. ഈ സിനിമയിൽ എന്റെ കഥാപാത്രം കുറച്ച് ഓവർ ശുദ്ധനാണ്. അതാണ് തോമസ് നേരിടുന്ന പ്രശ്നവും. അങ്ങനെയുള്ള ഒരാൾക്ക് കിട്ടുന്ന പണിയാണ് ഈ സിനിമ, ആ പണി എങ്ങനെ അയാളുടെ ജീവിതത്തെ മൊത്തം മാറ്റി മറിക്കുന്നു എന്നാണ് ഈ സിനിമയിൽ പറയുന്നത്.
മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ കേരളത്തിൽ വിതരണം ചെയ്യുന്ന ചിത്രം 2025 ജനുവരി 10 നാണ് റിലീസ് ചെയ്യുന്നത്. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് ചിത്രത്തിൻ്റെ നിർമ്മാണം. മലയാളത്തിലും തമിഴിലും ആയി ചിത്രം പ്രദർശനത്തിനെത്തുക. ഒരു ഫാൻ്റസി കോമഡി ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രത്തിൽ പ്രേക്ഷകർ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് അർജുൻ അശോകനും ബാലുവും അനശ്വരാ രാജനും എത്തുന്നത്. അനശ്വര രാജനും അർജുൻ അശോകനും ബാലുവും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഇത്. 12 വർഷമായി പരസ്യ മേഖലയിലും ഷോർട്ട് ഫിലിമുകളിലും സജീവമായ മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എന്ന് സ്വന്തം പുണ്യാളൻ'. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത് സാംജി എം ആന്റണിയാണ്. രഞ്ജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.