'ആദ്യ സിനിമ എന്ന് പറഞ്ഞ് പ്രസന്റ് ചെയ്യാൻ കഴിയുന്ന തരത്തിലേക്ക് അദ്ദേഹം ഈ സിനിമയെ കൊണ്ടു വന്നു'; ഒറ്റയെക്കുറിച്ച് ആസിഫ് അലി

'ആദ്യ സിനിമ എന്ന് പറഞ്ഞ് പ്രസന്റ് ചെയ്യാൻ കഴിയുന്ന തരത്തിലേക്ക് അദ്ദേഹം ഈ സിനിമയെ കൊണ്ടു വന്നു';  ഒറ്റയെക്കുറിച്ച് ആസിഫ് അലി

ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ഒറ്റ. റസൂൽ പൂക്കുട്ടി എന്ന മനുഷ്യന്റെ എക്സ്പീരിയൻസ് വച്ച് അദ്ദേഹം ആദ്യമായി ചെയ്യാൻ പോകുന്ന സിനിമ ഒരു മലയാള സിനിമ ആണെന്ന് പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി എന്ന് നടൻ ആസിഫ് അലി. അദ്ദേഹം എഫ്ടിഐഐയിൽ സൗണ്ട് ഡിസെെനിം​​ഗ് പഠിക്കാൻ പോയത് പോലും സംവിധാന മോഹം മനസ്സിൽ കണ്ടു കൊണ്ടായിരുന്നെന്നും റസൂൽ പൂക്കുട്ടിയുടെ ആദ്യത്തെ സിനിമ എന്ന് പറയുമ്പോൾ അത് കെജിഎഫോ ഒരു ബാഹുബലിയോ പോലെ ഒരുപാട് ശബ്ദങ്ങളും സൗണ്ട് ഡിസെെനിങ്ങിന്റെ സാധ്യതകളുമുള്ള ഒരു ചിത്രമായിരിക്കുമെന്ന് കരുതിയതായി നടൻ സത്യരാജ് പറഞ്ഞതായും ആസിഫ് അലി പറയുന്നു. ഒറ്റ എന്ന ചിത്രം ഫാമിലി ബോണ്ടിങ്ങിനെക്കുറിച്ചും ഒരു അച്ഛൻ മകൻ ബന്ധത്തെപ്പറ്റിയും സൗഹൃദത്തെക്കുറിച്ചും പറയുന്ന സിനിമയാണ്. റസൂൽ പൂക്കുട്ടി എന്ന സംവിധായകൻ അദ്ദേഹത്തിന്റെ എല്ലാ വിധത്തിലുമുള്ള കോൺടാക്ടസും കഴിവുകളും ഈ സിനിമ മനോഹരമാക്കുന്നതിന് വേണ്ടിയിട്ടാണ് ഉപയോ​ഗിച്ചതെന്നും അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ എന്ന് പറഞ്ഞ് പ്രസന്റ് ചെയ്യാൻ കഴിയുന്ന രീതിയിലേക്കാണ് ഒറ്റ എന്ന് സിനിമയെ അദ്ദേഹം കൊണ്ടുവന്നതെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ആസിഫ് അലി പറഞ്ഞു.

ആസിഫ് അലി പറഞ്ഞത്:

റസൂൽ സാർ ഒരുപാട് ഇൻഡസ്ട്രികളിൽ വർക്ക് ചെയ്ത, ഒരുപാട് വലിയ ടെക്നീഷ്യൻസിന്റെ കൂടെ ആക്ടേഴ്സിന്റെ കൂടെ വർക്ക് ചെയ്ത ഒരാളാണ്. ഞാനിപ്പോൾ സംസാരിച്ചപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് ഞാൻ എഫ്ടിഐഐയിൽ സൗണ്ട് ഡിസെെനിം​​ഗിന് പോയത് പോലും സംവിധാനം എന്നൊരു ആ​ഗ്രഹം മനസ്സിൽ ഉള്ളത് കൊണ്ടാണ് എന്നാണ്. നമ്മളൊക്കെ അത്ഭുതത്തോടെ കണ്ട സിനിമകളിൽ പലതിലും പിന്നണിയിൽ അദ്ദേഹം ഉണ്ടായിരുന്നു. ആ ഒരു എക്സ്പീരിയൻസ് വച്ച് അദ്ദേഹം ചെയ്യാൻ ആദ്യം പ്ലാൻ ചെയ്തത് ഒരു മലയാള സിനിമയാണ് എന്ന് പറയുന്നത് തന്നെ ഒരു വലിയ സന്തോഷമുള്ള കാര്യമാണ്. സത്യരാജ് സാർ തമാശയ്ക്ക് പറയുന്നുണ്ടായിരുന്നു റസൂൽ പൂക്കുട്ടി എന്ന ഓസ്കാർ അവാർഡ് വിന്നർ ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ ഒരു കെജിഎഫോ ഒരു ബാഹുബലിയോ ഒക്കെ പോലെയുള്ള സിനിമയായിരിക്കും എന്നാണ് കരുതിയത് എന്ന്. കാരണം ഒരുപാട് ശബ്ദങ്ങളും സൗണ്ട് ഡിസെെനിങ്ങിന്റെ സാധ്യതകളുമുള്ള ഒരു സിനിമയായിരിക്കും എന്നാണ് കരുതിയത്. പക്ഷേ അദ്ദേഹം തെരഞ്ഞെടുത്തു ചെയ്ത ഒരു സിനിമ എന്ന് പറയുന്നത് ഒരു ഫാമിലി ബോണ്ടിങ്ങിനെ പറ്റി സംസാരിക്കുന്ന ഒരു അച്ഛൻ മകൻ സുഹൃത്തുക്കൾ റിലേഷൻ പറയുന്ന സിനിമയാണ് എന്ന് പറ‍ഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി. വളരെ ഇന്റൻസായിട്ടുള്ള ഒരു സിനിമ ചെയ്യാൻ അദ്ദേഹം മുന്നോട്ട് വന്നു. അദ്ദേഹത്തിന്റെ എല്ലാ കോൺടാക്ടസും കഴിവുകളും ആ സിനിമ എങ്ങനെ മനോഹരമാക്കണമെന്നുള്ളതിനായാണ് അദ്ദേഹം ഉപയോ​ഗിച്ചത്. ഒരുപാട് ദിസങ്ങളെടുത്ത് ഷൂട്ട് ചെയ്തു, ഒരുപാട് ആക്ടേഴ്സിനെ അദ്ദേഹം കൊണ്ടുവന്നു. സത്യരാജ് സാറാണെങ്കിലും രോഹിണി മാം ആണെങ്കിലും ബോളിവുഡിൽ നിന്നൊക്കെയുള്ള ഒരുപാട് പേർ ഈ സിനിമയ്ക്ക് വേണ്ടി സഹകരിച്ചു. അവരൊക്കെ വന്നത് ഇദ്ദേഹത്തിന്റെ പേര് കൊണ്ട് മാത്രമാണ്. അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ എന്ന് പറഞ്ഞ് പ്രസന്റ് ചെയ്യാൻ കഴിയുന്ന രീതിയിലേക്ക് അദ്ദേഹം ഈ സിനിമയെ കൊണ്ടു വന്നു.

ആസിഫ് അലി, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു ഇന്റെൻസ് ഡ്രാമയായിരിക്കും എന്ന സൂചയാണ്‌ ട്രെയ്‌ലർ നൽകുന്നത്. ചിത്രത്തിൽ ഹരി എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്. ചിൽഡ്രൻ റീ യുണൈറ്റഡ് എൽഎൽപി യും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്നൊരുക്കുന്ന ചിത്രത്തിന്റെ നിർമാതാവ് എസ് ഹരിഹരനാണ്. മലയാളം - തമിഴ് - കന്നഡ സിനിമകളിലെ മുൻനിരതാരങ്ങൾ അണിനിരക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ സത്യരാജ് , ഇന്ദ്രജിത്ത് ,ഇന്ദ്രൻസ് , ആദിൽ ഹുസൈൻ,രഞ്ജി പണിക്കർ, സുധീർ കരമന, ജയപ്രകാശ് ജയകൃഷ്ണൻ, ബൈജു പൂക്കുട്ടി, രോഹിണി , ദിവ്യ ദത്ത, കന്നഡ നടി ഭാവന രാമണ്ണ, ലീന കുമാർ , മംമ്ത മോഹൻദാസ് ,ജലജ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ചെന്നൈ, പളനി, കോയമ്പത്തൂർ, പാലക്കാട്‌, കൊച്ചി, എന്നിവിടങ്ങളിലായി 80 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയായ ചിത്രം ഒക്ടോബർ 27 ന് തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in