
അൻപോട് കണ്മണി എന്ന സിനിമയിൽ ചർച്ച ചെയ്യുന്ന വിഷയം യഥാർത്ഥത്തിൽ സിനിമയുടെ എഴുത്തുകാരന് സംഭവിച്ചതാണെന്ന് നടൻ അർജുൻ അശോകൻ. കല്യാണം കഴിഞ്ഞ നവദമ്പതികൾ അനുഭവിക്കുന്ന അവസ്ഥയാണ് സിനിമയിൽ പറഞ്ഞു പോകുന്നത്. കല്യാണം കഴിഞ്ഞ് ആഴ്ചകൾക്കകം എന്താണ് കുട്ടികൾ ആകാത്തത് എന്ന ചോദ്യം ഉയരും. ആരുടെയെങ്കിലും കുഴപ്പമാണോ എന്ന രീതിയിലായിരിക്കും പിന്നീട് ചോദ്യങ്ങളുണ്ടാകുക. അങ്ങനെ ഒരു കുട്ടിയ്ക്ക് വേണ്ടിയുള്ള ഓട്ടമാണ് സിനിമയിലുള്ളത്. സിനിമയുടെ റൈറ്റർക്ക് യഥാർത്ഥത്തിൽ നേരിട്ട പ്രശ്നമാണിത്. അദ്ദേഹം മൂന്നു നാല് വർഷം കൊണ്ട് അനുഭവിച്ചത് നമ്മൾ രണ്ടര മണിക്കൂറിൽ അവതരിപ്പിക്കുകയാണെന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ അർജുൻ അശോകൻ പറഞ്ഞു. അൻപൊടു കണ്മണി ജനുവരി 24 ന് തിയറ്ററുകളിലെത്തും.
അർജുൻ അശോകൻ പറഞ്ഞത്:
അൻപോട് കണ്മണി സിനിമയിൽ പറഞ്ഞു പോകുന്നത് പുതിയതായി കല്യാണം കഴിഞ്ഞ കപ്പിൾസിന്റെ അവസ്ഥയാണ്. ഒരു പെൺകുട്ടി പുതിയ വീട്ടിലേക്കാണ് വന്നു കയറുന്നത്. അവിടത്തെ അന്തരീക്ഷവുമായി ഒത്തുചേരാൻ സമയമെടുക്കും. ഏറ്റവും കൂടുതൽ പ്രശ്‌നമുണ്ടാകുന്നത് ചിലപ്പോൾ നാട്ടുകാരായിരിക്കും. വന്നു കേറി രണ്ടാഴ്ച്ച കഴിയുമ്പോൾ തന്നെ വിശേഷമായില്ലേ എന്ന ചോദ്യങ്ങളുണ്ടാകും. എന്താണ് വിശേഷം ആകാത്തത്, കുട്ടിയുടെ കുഴപ്പമാണോ എന്നതുപോലെയുള്ള ചോദ്യങ്ങളാകും.
ഈ പ്രശ്നങ്ങൾ ആദ്യം ബാധിച്ചു തുടങ്ങുന്നത് ആ വീട്ടിലെ അമ്മയെ ആയിരിക്കും. അമ്മ വന്ന് ആ പ്രഷർ തീർക്കുന്നത് വീട്ടിലായിരിക്കും. അപ്പോൾ ഭാര്യയായിരിക്കും ഭർത്താവിന്റെ അടുത്ത് വന്ന് ആ പ്രഷർ തീർക്കുക. കാരണം ആ ഭാര്യയ്ക്ക് അവിടെ വേറെ ആരുമില്ല ഇത് പറയാൻ. ഇങ്ങനെ ഒരു പശ്ചാത്തലത്തിൽ പോകുന്ന കഥയാണ് അൻപോട് കണ്മണി. ഒരു കുട്ടിയ്ക്ക് വേണ്ടിയുള്ള ഓട്ടമാണ് സിനിമ. സിനിമയുടെ റൈറ്റർക്ക് ജീവിതത്തിൽ നടന്ന ഒരു സംഭവമാണ്. അത് സബ്‌ജക്റ്റാക്കി അദ്ദേഹം ചെയ്തതാണ്. അദ്ദേഹം അത് മൂന്നാല് വർഷം അനുഭവിച്ചതാണ്. നമ്മൾ രണ്ടര മണിക്കൂറിൽ അത് കാണിക്കുന്നു.
അര്‍ജുന്‍ അശോകനെ നായകനാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'അന്‍പോട് കണ്‍മണി'. ഒരു കല്യാണവും അതിനു ശേഷം ഉണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥാതന്തു. നര്‍മ്മത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രമാണ് അന്‍പോട് കണ്‍മണി എന്ന് ടീസറില്‍ നിന്ന് മനസ്സിലാക്കാം. അനഘ നാരായണനാണ് ചിത്രത്തില്‍ അര്‍ജുന്‍ അശോകന്റെ നായികയായി എത്തുന്നത്. 'തിങ്കളാഴ്ച നിശ്ചയം' എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അനഘ നാരായണന്‍. ക്രിയേറ്റീവ് ഫിഷിന്റെ ബാനറില്‍ വിപിന്‍ പവിത്രന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അനീഷ് കൊടുവള്ളിയാണ്.