'ആദ്യം പ്ലാൻ ചെയ്തത് അൻവർ റഷീദ് - പൃഥ്വിരാജ് പടം'; 'ട്രാഫിക്ക്' സംഭവിച്ചത് അതിന് ശേഷമെന്ന് ലിസ്റ്റിൻ സ്റ്റീഫൻ

'ആദ്യം പ്ലാൻ ചെയ്തത് അൻവർ റഷീദ് - പൃഥ്വിരാജ് പടം'; 'ട്രാഫിക്ക്' സംഭവിച്ചത് അതിന് ശേഷമെന്ന് ലിസ്റ്റിൻ സ്റ്റീഫൻ

'ട്രാഫിക്ക്' എന്ന സിനിമയ്ക്ക് മുന്നേ പ്ലാൻ ചെയ്ത പടം അൻവർ റഷീദ്- പൃഥ്വിരാജ് കോംമ്പിനേഷനിലുള്ള ഒരു സിനിമയായിരുന്നു എന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. അന്ന് അൻവർ റഷീദ് രാജമാണിക്യവും, ചോട്ടാ മുംബൈയും ബ്രിഡ്ജുമെല്ലാം ചെയ്ത് കഴിഞ്ഞു നിൽക്കുന്ന സമയത്താണ് അടുത്ത സിനിമ തനിക്ക് വേണ്ടി ചെയ്യാം എന്ന് സമ്മതിക്കുന്നത്. ‌എൻഡോസൾഫാൻ പ്രമേയമാക്കി വരുന്ന ആ ചിത്രത്തിൽ പൃഥ്വിരാജായിരുന്നു നായകനാവേണ്ടിയിരുന്നത് എന്നും എന്നാൽ വർക്ക് ചെയ്ത് വന്നപ്പോൾ ആ പ്രോജക്ട് ഉപേക്ഷിക്കുകയുമായിരുന്നു എന്ന് ലിസ്റ്റിൻ പറയുന്നു. അൻവറുമായി പിന്നീട് കുറേ സബ്ജക്ടുകൾ ആലോചിച്ചിരുന്നു എന്നും അതിനിടയിലാണ് പിന്നീട് ട്രാഫിക് എന്ന സിനിമ സംഭവിക്കുന്നതെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ലിസ്റ്റിൻ പറഞ്ഞു.

ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞത്:

എൻഡോസഫാന് എതിരെയുള്ള ഒരു സിനിമ ചെയ്യാൻ പ്ലാൻ ഉണ്ടായിരുന്നു. അതിൽ വർക്ക് ചെയ്ത് അവസാനം വന്നപ്പോൾ അത് ഡ്രോപ്പ് ചെയ്യുകയാണ് ഉണ്ടായത്. പിന്നീയും കുറേ സബ്ജക്ടുകൾ ആലോചിച്ചു, അതിനിടെയിലാണ് ട്രാഫിക്ക് വന്നത്. അൻവർ റഷീദ് പൃഥ്വിരാജ് പടം എന്ന കോംമ്പിനേഷൻ എന്നാണ് ‍ഞാൻ അൻവർ റഷീദിനോട് പറഞ്ഞത്. രാജമാണിക്യം ഛോട്ടാ മുംബെെ, അണ്ണൻ തമ്പി, ബ്രിഡ്ജ് എല്ലാം കഴിഞ്ഞു നിൽക്കുന്ന അൻവർ റഷീ‍ദ്, അടുത്ത സിനിമ എനിക്ക് വേണ്ടി ചെയ്യാം എന്ന് സമ്മതിക്കുന്നു. അപ്പോൾ എനിക്ക് ആ​ഗ്രഹമുള്ള കോംമ്പിനേഷൻ അൻവർ റഷീദ് പൃഥ്വിരാജ് കോംമ്പിനേഷനായിരുന്നു. ആ കോംമ്പിനേഷനിലാണ് എൻഡോസൾഫാനുമായി ബന്ധപ്പെട്ട ഒരു സബ്ജക്ട് റെഡിയാവുകയും അത് വർക്ക് ചെയ്യുകയും പിന്നീട് അത് ഉപേക്ഷിക്കുകയും ചെയ്തത്. അതിൽ പൃഥ്വിരാജായിരുന്നു നായകനാവേണ്ടിയിരുന്നത്. പിന്നീട് ഉസ്താദ് ഹോട്ടൽ സംഭവിച്ചു, ഞാനുമായിട്ട് കമ്മിറ്റമെന്റ് ഉള്ളതുകൊണ്ട് ആ സിനിമ എന്നിലൂടെ സംഭവിക്കുകയായിരുന്നു.

മലയാള സിനിമയില്‍ കഥ പറച്ചിലിന്റെയും അവതരണത്തിന്റെയും ഗതിമാറ്റത്തിന് തുടക്കമിട്ട സിനിമകളിലൊന്നായിരുന്നു ട്രാഫിക്ക്. രാജേഷ് പിള്ള സംവിധാനം ചെയ്ത ചിത്രം ലിസ്റ്റിൻ സ്റ്റീഫന്റെ ആദ്യത്തെ നിർമാണ ചിത്രം കൂടിയാണ്. ശ്രീനിവാസൻ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, അനൂപ് മേനോൻ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in