ഹിന്ദി സിനിമയുടെ ചരിത്രം ദിലീപ് കുമാറിന് മുൻപും ശേഷവും എന്നായിരിക്കും രേഖപ്പെടുത്തുന്നതെന്ന് അമിതാഭ് ബച്ചൻ

ഹിന്ദി സിനിമയുടെ ചരിത്രം  ദിലീപ് കുമാറിന് മുൻപും ശേഷവും എന്നായിരിക്കും രേഖപ്പെടുത്തുന്നതെന്ന് അമിതാഭ് ബച്ചൻ

ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാറിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടൻ അമിതാബ് ബച്ചന്‍. ഹിന്ദി സിനിമയുടെ ചരിത്രം ദിലീപ് കുമാറിന് മുൻപും ശേഷവും എന്നായിരിക്കും രേഖപ്പെടുത്തുന്നതെന്ന് അമിതാഭ് ബച്ചൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഒരു ഇതിഹാസമാണ് വിടപറഞ്ഞതെന്നും വേദന അറിയിക്കുവാൻ വാക്കുകൾ കിട്ടുന്നില്ലെന്നും അമിതാഭ് ബച്ചൻ പറഞ്ഞു.

ഇന്ന് രാവിലെ ഏഴര മണിക്കായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് മുംബൈ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ച ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഭിനയജീവിതത്തിലുടനീളം അനശ്വരങ്ങളായ കഥാപാത്രങ്ങളായിരുന്നു അദ്ദേഹം അവതരിപ്പിച്ചിരുന്നത്. എൺപതുകളിൽ പ്രണയ നായകനിൽ നിന്നും ആഴമുള്ള കഥാപാത്രങ്ങൾ അദ്ദേഹം അവതരിപ്പിക്കുവാൻ തുടങ്ങി. ക്രാന്തി, ശക്തി, കര്‍മ്മ, സൗഗാദര്‍ അടക്കമുള്ള സിനിമകളില്‍ ശക്തമായ കഥാപാത്രങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. മുഗള്‍ ഇ കസം, ദേവദാസ്, രാം ഔര്‍ ശ്യാം, അന്ദാസ്, മധുമതി തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ ദിലീപ് കുമാറിനെ ഇന്ത്യൻ സിനിമയുടെ ഉന്നതിയിൽ എത്തിച്ചു.

1998ല്‍ പുറത്തിറങ്ങിയ ക്വില ആണ് അവസാന ചിത്രം. നടന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ ശോഭിച്ച ദീലീപ് കുമാര്‍ രാജ്യസഭാംഗമായും നാമനിര്‍ദേശം ചെയ്യപ്പെട്ടു. യൂസഫ് ഖാന്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. ഫിലിംഫെയര്‍ അവാര്‍ഡ് ആദ്യമായി നടനാണ് ദിലീപ് കുമാർ ‌ ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ച നടന്‍ എന്ന റെക്കാർഡും ദിലീപ് കുമാറിന് സ്വന്തം. 1991ൽ പത്മഭൂഷണും 2015ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു. 1994ല്‍ ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു. പാകിസ്താന്‍ സര്‍ക്കാരും രാജ്യത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ നിഷാന്‍ -ഇ- ഇംതിയാസ് നല്‍കി 1997 ല്‍ അദ്ദേഹത്തെ ആദരിച്ചു

Related Stories

No stories found.
logo
The Cue
www.thecue.in