'പാച്ചുവിനും പ്രേമലുവിനും ശേഷമാണ് അഭിനയം ഫ്ലെക്സിബിളായി തുടങ്ങിയത്, മന്ദാകിനി ചെയ്യാൻ പറ്റുമെന്ന് തോന്നി കെെ കൊടുത്ത സിനിമ'; അൽത്താഫ്

'പാച്ചുവിനും പ്രേമലുവിനും ശേഷമാണ് അഭിനയം ഫ്ലെക്സിബിളായി തുടങ്ങിയത്, മന്ദാകിനി ചെയ്യാൻ പറ്റുമെന്ന് തോന്നി കെെ കൊടുത്ത സിനിമ'; അൽത്താഫ്

അൽത്താഫ് സലിം അനാർക്കലി മരയ്ക്കാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മന്ദാകിനി. ചിത്രത്തിൽ ആരോമൽ എന്ന കഥാപാത്രത്തെയാണ് അൽത്താഫ് അവതരിപ്പിക്കുന്നത്. മന്ദാകിനിയുടെ കഥയും അണിയറ പ്രവർത്തകരെയും നോക്കി തനിക്ക് ഇത് ചെയ്യാൻ പറ്റും എന്ന് തോന്നിയിട്ടാണ് ഈ സിനിമയ്ക്ക് കെെ കൊടുത്തത് എന്ന് അൽത്താഫ് പറയുന്നു. സംവിധായകനായി സിനിമ ​രം​ഗത്തേക്ക് എത്തിയ അൽത്താഫ് പ്രേമം, പാച്ചുവും അത്ഭുതവിളക്കും, പ്രേമലു തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ അഭിനയമാണ് കാഴ്ച വച്ചത്. എന്നാൽ അഭിനയം ഇഷ്ടപ്പെട്ട് തുടങ്ങിയിട്ട് കുറച്ച് കാലമേ ആകുന്നുള്ളൂ എന്നും പാച്ചുവും അത്ഭുതവിളിക്കിനും പ്രേമലുവിനും ശേഷമാണ് ഫ്ലെക്സിബിളായി തുടങ്ങിയത് എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ അൽത്താഫ് പറഞ്ഞു.

അൽത്താഫ് സലിം പറഞ്ഞത്:

പ്രധാനമായും എനിക്ക് ഇതിൽ കുറച്ച് ​ദിവസം അഭിനയിച്ചാൽ മതിയായിരുന്നു. നമ്മൾ സംവിധാനം ചെയ്യാൻ വേണ്ടി വന്നയാളാണെല്ലോ? അതുകൊണ്ട് തന്നെ ആക്ടിം​ഗ് ഇഷ്ടപ്പെട്ട് വരുന്നതേയുള്ളൂ. ഒരു ആറ് മാസം ആകുന്നതേയുള്ളൂ ഇത് ഇഷ്ടപ്പെട്ട് തുടങ്ങിയിട്ട്. പാച്ചുവും അത്ഭുതവിളിക്കിനും പ്രേമലുവിനും ശേഷമാണ് ഫ്ലെക്സിബിളായി തുടങ്ങിയത്. അതുവരെ വേണോ വേണ്ടയോ എന്ന രീതിയിലായിരുന്നു. ഇപ്പോൾ ഒക്കെയായിട്ട് വന്നിട്ടുണ്ട്. പക്ഷേ അപ്പോഴെക്കും വീണ്ടും ഡയറക്ഷനിലേക്ക് കയറി. മന്ദാകിനിയിൽ ഞാൻ അതിന്റെ കഥ നോക്കി. ഇത് എന്റെ കയ്യിൽ നിൽക്കും കുഴപ്പമില്ല ചെയ്യാൻ പറ്റും എന്ന് തോന്നി, പിന്നെ ടീമും നോക്കി. അങ്ങനെ മൊത്തത്തിൽ എനിക്ക് ചെയ്യാൻ പറ്റും എന്ന് തോന്നിയിട്ട് ഞാൻ കെെ കൊടുത്തതാണ്.

അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവർ അവതരിപ്പിക്കുന്ന ആരോമലിന്റെയും അമ്പിളിയുടെയും വിവാഹവും തുടർന്ന് ആ രാത്രിയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് മന്ദാകിനിയുടെ ഇതിവൃത്തം. ഒരു കോമഡി ഫാമിലി ഡ്രാമയാണ് ചിത്രമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രം മെയ് 24 ന് തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in