
എന്തൊക്കെ വിമർശനങ്ങൾ വന്നാലും തിയറ്ററിൽ പടം ഓടിക്കാൻ അറിയുന്ന സംവിധായകനാണ് വിനീത് ശ്രീനിവാസൻ എന്ന് അജു വർഗീസ്. ഞങ്ങളുടെ ഇടയിൽ പൾസ്മാൻ എന്നാണ് വിനീതിനെ വിളിക്കുന്നത്. വർഷങ്ങൾക്ക് ശേഷം ചെയ്യുമ്പോൾ കുറച്ചുകൂടെ ലൗഡായി അഭിനയിക്കാൻ വിനീത് പറഞ്ഞു. പക്ഷെ ഓവറായി അഭിനയിച്ചാൽ മോശമായി പോകുമോ എന്ന് സംശയമുണ്ടായിരുന്നു. ഓവറായി പെർഫോം ചെയ്യണം എന്ന് കരുതി തന്നെയാണ് സിനിമയിലെ ഹോസ്പിറ്റൽ സീനിൽ അഭിനയിച്ചത്. സിനിമയിൽ തന്റെ കഥാപാത്രത്തിന് കയ്യടി കിട്ടിയ സീനായിരുന്നു അതെന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ അജു വർഗീസ് പറഞ്ഞു.
അജു വർഗീസ് പറഞ്ഞത്:
വർഷങ്ങൾക്ക് ശേഷം സിനിമയിലെ അച്ഛന്റെ ഭാഗങ്ങൾ എല്ലാം വളരെ സേഫായി ഷൂട്ട് ചെയ്തു. പക്ഷെ മകന്റെ ഭാഗങ്ങൾ ഷൂട്ട് ചെയ്തപ്പോൾ വിനീത് ശ്രീനിവാസൻ അപ്സെറ്റായിരുന്നു. കട്ട് വിളിച്ച് ഫ്രീയായി വന്നിരിക്കുമ്പോൾ വളരെ ലൂസായി ഞാൻ ഡയലോഗുകൾ പറഞ്ഞു. 'ഇതൊക്കെ എന്താ ക്യാമറയ്ക്ക് മുന്നിൽ തന്നാലെന്താ' എന്ന് വിനീത് ഒരിക്കൽ പറഞ്ഞു. തിരക്കഥാകൃത്ത് ഒരിടത്ത് ഒരു കഥാപാത്രത്തെ പ്ലെയ്സ് ചെയ്യുന്നത് അവതരണത്തിന്റെ മീറ്റർ കൂടെ മനസ്സിൽ വെച്ചായിരിക്കുമല്ലോ. അവിടെ ലൗഡായി അഭിനയിക്കേണ്ട ഭാഗങ്ങളിൽ ഞാൻ പതിഞ്ഞ അഭിനയം പ്രകടിപ്പിച്ചാൽ കാര്യമുണ്ടാകില്ല. ഒരു പോയിന്റിൽ വിനീത് ഈ കാര്യം എന്നോട് പറഞ്ഞു. അപ്പോൾ ഞാനും ആലോചിക്കാൻ തുടങ്ങി. ഓവറാക്കിയാൽ ശരിയാകില്ലല്ലോ എന്നായിരുന്നു എന്റെ ചിന്ത. അങ്ങനെയാണ് സിനിമയിലെ ഹോസ്പിറ്റൽ സീൻ ഷൂട്ട് ചെയ്യുന്നത്. അപ്പോൾ ഓവറാക്കാമെന്ന് ഞാനും കരുതി.
പൾസ്മാൻ എന്നാണ് ഞങ്ങളുടെ ഇടയിൽ വിനീതിനെ വിളിക്കുന്നത്. എന്തൊക്കെ വിമർശനം വന്നാലും തിയറ്ററിൽ പടം ഓടിക്കാൻ അയാൾക്കറിയാം. തിയറ്ററിൽ എന്റെ ആ ഹോസ്പിറ്റൽ സീനിന് കയ്യടി കിട്ടിയിരുന്നു. ഞാൻ ഞാനായി നിന്ന ഒരു സീനായിരുന്നു അത്. അതിൽ ഞാൻ മനസ്സിലാക്കിയ ഒരു കാര്യമുണ്ട്. എപ്പോഴും ഒരു ആക്ടറായി സീനുകളിൽ നിൽക്കരുത്. ചില സമയത്ത് പെർഫോമൻസ് മാത്രം മതിയാകും. നമ്മളുടേതായ ബോഡി മാനറിസങ്ങൾ കൂടെ ഉപയോഗിച്ചുകൊണ്ടുള്ള ഒരു പെർഫോമൻസായിരിക്കണം അത്. എപ്പോഴും ഭയങ്കര നടനാകാൻ വേണ്ടിയായിരിക്കില്ല നമ്മളെ വിളിക്കുന്നത്.