
മലർവാടി ആർട്ട്സ് ക്ലബ് എന്ന ആദ്യ ചിത്രത്തിൽ നെടുമുടി വേണുവിൽ നിന്ന് കിട്ടിയ സ്നേഹത്തെക്കുറിച്ച് പറഞ്ഞ് അജു വർഗീസ്. സിനിമയിൽ ഞങ്ങൾക്ക് കിട്ടിയ ഗുരുക്കന്മാരായിരുന്നു ജഗതി, നെടുമുടി വേണു, ഇന്നസെന്റ്, ജനാർദ്ദനൻ എന്നിവർ. തുടങ്ങിയ ആദ്യ സിനിമയിൽ തന്നെ ഇവരോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞു എന്നത് ആദ്യമായി അഭിനയിക്കുന്നവർക്ക് അധികം കിട്ടുന്ന ഭാഗ്യമല്ല. സിനിമയിൽ അഭിനയിക്കുന്ന സമയത്ത് വേണു സാറിന്റെ മുഖത്ത് ഒരു ഭാവവ്യത്യസവും ഞങ്ങളോടുണ്ടായിരുന്നില്ല. തങ്ങളെ അഭിനയിക്കാൻ സഹായിക്കേണ്ട ഒരാവശ്യവും വേണു സാറിനുണ്ടായിരുന്നില്ല. ലാൽ സാറിന്റെയും മമ്മൂക്കയുടെയും ഭാരത് ഗോപി സാറിന്റെയും ഒപ്പം എത്രയോ ക്ലാസ്സിക്ക് കോമ്പിനേഷനുകൾ ചെയ്തിട്ടുള്ള വ്യക്തിയാണ്. അപ്പോൾ വന്ന പുതിയ പിള്ളേർക്ക് തന്ന മര്യാദയും സ്നേഹവും സ്‌പേസുമെല്ലാം വിലമതിക്കാനാകാത്തതാണെന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ അജു വർഗീസ് പറഞ്ഞു. നെടുമുടി വേണുവിനൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെയ്ക്കുകയായിരുന്നു അജു വർഗീസ്. 2010 ൽ റിലീസായ മലർവാടി ആർട്ട്സ് ക്ലബ്ബ് എന്ന ചിത്രം സംവിധാനം ചെയ്തത് വിനീത് ശ്രീനിവാസനായിരുന്നു.
അജു വർഗീസ് പറഞ്ഞത്:
ഏതൊരു തൊഴിലിനും നല്ലൊരു മെന്ററിങ് കിട്ടുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. എല്ലാവർക്കും ഒരു മെന്ററാകാൻ പറ്റില്ല. ഗുരുക്കന്മാർ എന്ന് പറയുന്നതിന് എനിക്ക് വലിയ വിലയുണ്ട്. നമ്മൾ കണ്ട ശീലിച്ച വ്യക്തികളാണ് ജഗതി ചേട്ടനും ഇന്നസെന്റ് ചേട്ടനും ജനാർദ്ദനൻ ചേട്ടനും വേണു സാറുമെല്ലാം. ഞങ്ങളുടെ വലിയ സന്തോഷമെന്താണെന്ന് വെച്ചാൽ ഇവരെല്ലാം മലർവാടി ആർട്സ് ക്ലബ്ബിൽ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. തുടങ്ങുന്ന ആളുകൾക്ക് എപ്പോഴും കിട്ടുന്ന ഭാഗ്യമല്ല അത്. അതുകൊണ്ട് സിനിമയിൽ വന്നപ്പോൾ അവരെല്ലാം ഗുരുക്കന്മാരുടെ സ്ഥാനത്താണ്. അന്ന് അഭിനയിക്കാൻ നിന്നപ്പോൾ ഞങ്ങളുടെ കുമാരേട്ടനായ വേണു സാറിന്റെ മുഖത്ത് ഒരു ഭാവവ്യത്യസവും ഞങ്ങളോടുണ്ടായിരുന്നില്ല. ഞങ്ങളെ അഭിനയിക്കാൻ സഹായിക്കേണ്ട ഒരാവശ്യവും വേണു സാറിനില്ല. ലാൽ സാറിന്റെയും മമ്മൂക്കയുടെയും ഭാരത് ഗോപി സാറിന്റെയും ഒപ്പം എത്രയോ ക്ലാസ്സിക്ക് കോമ്പിനേഷനുകൾ ചെയ്തിട്ടുള്ള വ്യക്തിയാണ്. അപ്പൊ വന്ന പിള്ളേർക്ക് തന്ന മര്യാദയും സ്നേഹവും സ്‌പേസുമെല്ലാം വിലമതിക്കാനാകാത്തതാണ്. ഏറ്റവും വലിയ ഒരു സപ്പോർട്ടായിരുന്നു അദ്ദേഹം.