'റെയ്ൻ എന്ന് പറയുമ്പോൾ ആളുകളുടെ മുന്നിൽ മഴ പെയ്യുകയാണ്'; മഞ്ഞുമ്മൽ ബോയ്സിലെ മഴ പെയ്യിച്ച സീനിനെക്കുറിച്ച് അജയൻ ചാലിശ്ശേരി

'റെയ്ൻ എന്ന് പറയുമ്പോൾ ആളുകളുടെ മുന്നിൽ മഴ പെയ്യുകയാണ്'; മഞ്ഞുമ്മൽ ബോയ്സിലെ മഴ പെയ്യിച്ച സീനിനെക്കുറിച്ച് അജയൻ ചാലിശ്ശേരി

ജാൻ- എ മൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. തിയറ്ററുകളിൽ നിറഞ്ഞോടുന്ന ചിത്രത്തിന്റെ പിന്നാമ്പുറ കഥകളെക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ ആർട്ട് ഡയറക്ടറായ അജയൻ ചാലിശ്ശേരി. മഞ്ഞുമ്മൽ ബോയ്സിലെ മഴ കാണിക്കുന്ന രം​ഗത്തിൽ മഴ പെയ്യുന്നത് പരീക്ഷിച്ച് നോക്കാൻ കഴിയില്ലായിരുന്നുവെന്ന് അജയൻ ചാലിശ്ശേരി പറയുന്നു. സെറ്റിൽ മഴ പരീക്ഷിച്ച് നോക്കുകയാണെങ്കിൽ സെറ്റ് ചെയ്തിരിക്കുന്ന പ്രോപ്പർട്ടികൾ എല്ലാം നനയും അതിനാൽ മഴ പെയ്യുന്നത് പരീക്ഷിച്ച് നോക്കാൻ സാധിക്കുമായിരുന്നില്ല. അതുകൊണ്ട് ഞാൻ ചിദംബരത്തിനോട് പറഞ്ഞു നീ മഴ എന്ന് പറയുമ്പോൾ മഴ പെയ്യും മ‍ഞ്ഞും വരും എന്ന് ഷൂട്ടിൽ റെയ്ൻ എന്ന് പറ‍ഞ്ഞപ്പോൾ ആർട്ടിസ്റ്റുകൾക്ക് മുന്നിൽ മഴ പെയ്യുകയായിരുന്നു. ​ഗുണ കേവിലെ മണ്ണ് കറുത്ത നിറമുള്ള മണ്ണാണ്, സിനിമയിലും അത്തരം മണ്ണാണ് ഉപയോ​ഗിച്ചിരിക്കുന്നത് എന്നും യഥാർത്ഥ ​ഗുഹയിലുള്ളത് പോലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും സെറ്റിട്ട ​ഗുഹയ്ക്കുള്ളിൽ ഒരുക്കിയിരുന്നുവെന്ന് അജയൻ ചാലിശ്ശേരി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറ‍ഞ്ഞു.

അജയൻ ചാലിശ്ശേരി പറഞ്ഞത്:

മെല്ലെ മഴ പെയ്ത് തുടങ്ങണം എന്നാണ് ചി​​ദംബരം എന്നോട് പറഞ്ഞത്. ആദ്യം മെല്ലെ തുള്ളികളായി വീണ് പിന്നെ മെല്ലെ ചാറി സ്ട്രോങ്ങായിട്ട് വീഴണം. മഴയ്ക്ക് വേണ്ടിയിട്ടുള്ള എല്ലാം ഞങ്ങൾ മുകളിൽ സെറ്റ് ചെയ്തു. അമ്പത് അടിയാണ് സ്റ്റുഡിയോ ഫ്ലോറിന്റെ ഹെെറ്റ്. നമുക്ക് മഴ ചെക്ക് ചെയ്യണമല്ലോ? പക്ഷേ ഇവിടെ ചെക്ക് ചെയ്യാൻ പറ്റില്ല. കാരണം എല്ലാ സാധനങ്ങളും നനയും അതുകൊണ്ട് പരീഷിച്ച് നോക്കാൻ പറ്റില്ല. ഞാൻ ചിദംബരത്തിനോട് പറഞ്ഞു നീ റെയ്ൻ എന്ന് പറയുമ്പോൾ ഞാനും റെയ്ൻ എന്ന് പറയും. പിന്നെ മഴയായിരിക്കും പെയ്യുക. അതിന് പരീക്ഷണങ്ങൾ ഒന്നുമില്ല, നീ പറയുന്ന പോലെ ഞാനും ഇത് ഓഡർ കൊടുക്കും, റെയ്ൻ എന്നും മിസ്റ്റ് എന്നും പറയും . പിന്നെ വരുന്നത് ഇത് രണ്ടുമായിരിക്കും എന്ന് പറഞ്ഞു. അങ്ങനെ റെയ്ൻ എന്ന് പറയുമ്പോൾ ആളുകളുടെ മുന്നിൽ മഴ പെയ്യുകയാണ്. അത് അത്രയും സിസ്റ്റമാറ്റിക്കായിട്ട് ഞങ്ങൾ ചെയ്തു. മഴ പെയ്തതിന് ശേഷം നിങ്ങൾ ആ സെറ്റി‌ന്റെ ഫ്ലോർ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങൾക്ക് അറിയാൻ പറ്റും പിന്നീട് ചെളിയാണ് കംപ്ലീറ്റ് ആയിട്ട്. അത് ഡാർക്ക് മണ്ണാണ്. ​ഗുണ കേവിലെ മണ്ണ് എന്ന് പറയുന്നത് കരിയുടെ നിറമുള്ള മണ്ണാണ്. അത് ‍ഞങ്ങൾ അതേ പോലെ ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. പിന്നെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ, ​ഗുണ കേവ് സന്ദർശിക്കുന്ന ആളുകൾ ഉപേക്ഷിച്ച് പോയ ചെരുപ്പ് തുടങ്ങിയ സാധനങ്ങളെല്ലാം വെള്ളത്തിലൂടെ ഒലിച്ച് വന്ന് ഈ ​ഗുഹയ്ക്കുള്ളിലാണ് കിടക്കുന്നത്.

ചിത്രത്തിലെ കഥാപാത്രങ്ങൾ തൂങ്ങിനിൽക്കുന്ന മരവും അജയൻ ചാലിശ്ശേരി സെറ്റിട്ടതാണ് എന്ന് മുമ്പ് ക്യുസ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ഛായാഗ്രാഹകൻ ഷൈജു ഖാലിദ് പറഞ്ഞിരുന്നു. ആർട്ടിസ്റ്റിന്റെ പേയ്‌മെൻറ്റിനേക്കാൾ പ്രൊഡക്ഷന് ഏറ്റവും കൂടുതൽ പൈസ ചിലവാക്കിയ സിനിമയായിരിക്കും മഞ്ഞുമ്മൽ ബോയ്സ്. ട്രെയിലറിൽ ഒരു സീനുണ്ട് ഒരു മരത്തിൽ എല്ലാവരും ഇരിക്കുമ്പോൾ ക്രെയിൻ ഡൌൺ ചെയ്യുന്നത്. ആ മരം ശെരിക്കും അജയന്റെ വർക്ക് ആണ്, ഒറിജിനൽ മരം അല്ല. ഞങ്ങൾ വന്ന് കണ്ട് തൊട്ടിട്ട് പോലും മനസ്സിലാവാത്ത തരത്തിൽ അത്രയും ഒറിജിനൽ ആയാണ് അജയൻ അത് ചെയ്തിരുന്നത് എന്നും മഞ്ഞുമ്മൽ ബോയ്സിലെ അൺസങ് ഹീറോ അജയൻ ചാലിശ്ശേരിയാണെന്നും ഷെെജു ഖാലിദ് പറഞ്ഞു.

കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് അഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.പറവ ഫിലിംസിന്റെ ബാനറിൽ ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in