'ജോജുചേട്ടൻ സിനോപ്സിസ് കേട്ടപ്പോഴേ ചെയ്യാമെന്ന് പറഞ്ഞു' ; ആ കോൺഫിഡൻസിലാണ് മറ്റ് രണ്ട് പേരെയും കാണാൻ പോയതെന്ന് ശരൺ വേണു​ഗോപാൽ

'ജോജുചേട്ടൻ സിനോപ്സിസ് കേട്ടപ്പോഴേ ചെയ്യാമെന്ന് പറഞ്ഞു' ; ആ കോൺഫിഡൻസിലാണ് മറ്റ് രണ്ട് പേരെയും കാണാൻ പോയതെന്ന് ശരൺ വേണു​ഗോപാൽ
Published on

ജോജു ജോർജ് , സുരാജ് വെഞ്ഞാറമൂട് , അലൻസിയർ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാ​ഗതനായ ശരൺ വേണുഗോപാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് നാരായണീന്റെ മൂന്നാണ്മക്കൾ. ഫാമിലി ഡ്രാമ വിഭാഗത്തിലുള്ള ചിത്രം കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനമായ ഒരു കുടുംബത്തിലെ അംഗമായ നാരായണിയമ്മയുടെ മൂന്ന് ആണ്‍മക്കളും അവരുടെ ജീവിതവുമാണ് പറയുന്നത്. ജോജു ജോർജ് സിനിമ നമുക്ക് ചെയ്യാമെന്ന് പറഞ്ഞപ്പോഴുണ്ടായ കോൺഫിഡൻസിൽ നിന്നാണ് ബാക്കി രണ്ടുപേരെയും കാണാൻ പോയതെന്ന് സംവിധായകൻ ശരൺ വേണു​ഗോപാൽ പറയുന്നു. കൊൽക്കത്ത സത്യജിത്ത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സംവിധായക വിദ്യാർഥിയായിരുന്ന ശരൺ വേണു​ഗോപാലിന്റെ ആദ്യ ചിത്രമാണ് നാരായണീന്റെ മൂന്നാണ്മക്കൾ. ശരണിന്റെ ഡിപ്ലോമ ചിത്രമായ ഒരു പാതിരാ സ്വപ്നം പോലെ ​ഗോവൻ ചലച്ചിത്രമേളയിൽ ഹ്രസ്വചിത്ര വിഭാ​ഗത്തിൽ പ്രദർശിപ്പിക്കുകയും ആ വർഷം ദേശീയ പുരസ്കാരം നേടുകയും ചെയ്തിരുന്നു.

ശരൺ വേണുഗോപാൽ പറഞ്ഞത്

സ്ക്രിപ്റ്റ് എഴുതി തുടങ്ങി ഒരു പോയിന്റിൽ എത്തിയപ്പോഴേക്കും ഇവരുടെ മൂന്ന് പേരുടെയും മുഖം മനസ്സിൽ കയറി പറ്റിയിരുന്നു. പക്ഷെ ആ സമയത്ത് അത് അത്ര സീരിയസ് ആയിട്ട് ആലോചിച്ചിരുന്നില്ല. എഴുതാനുള്ള എളുപ്പത്തിന് വേണ്ടി ആയിരുന്നു ആ മുഖങ്ങൾ വിചാരിച്ചിരുന്നത്. പക്ഷേ തിരക്കഥ എഴുതി കഴിഞ്ഞപ്പോൾ സംസാരിച്ച് നോക്കാമെന്ന് തോന്നി. അങ്ങനെ ആദ്യം ജോജു ചേട്ടന്റെ അടുത്താണ് പോയത്,ചേട്ടൻ സിനോപ്സിസ് കേട്ടപ്പോഴേ രസമുണ്ട് നമ്മുക്ക് ചെയ്യാമെന്ന് പറഞ്ഞു. ആ ആത്മവിശ്വാസത്തിലാണ് സൂരാജ് ചേട്ടന്റെ അടുത്ത് പോകുന്നത് പിന്നീട് അലൻ ചേട്ടന്റെ അടുത്തെത്തുന്നതും.

ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറിൽ ജോബി ജോര്‍ജ്ജ് തടത്തിൽ നിർമിക്കുന്ന ചിത്രത്തിൽ തോമസ് മാത്യു, ഗാര്‍ഗി അനന്തന്‍, ഷെല്ലി എന്‍ കുമാര്‍, സജിത മഠത്തില്‍, സരസ ബാലുശ്ശേരി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. സൂരാജിന്റെ കഥാപാത്രം വർഷങ്ങൾക്കു ശേഷം തന്റെ കുടുംബത്തിലേക്ക് എത്തുന്നതോടെ ഉണ്ടാകുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് സിനിമ കാണിക്കുന്നത്. രേഖാചിത്രം, ലെവൽ ക്രോസ്സ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധനേടിയ അപ്പു പ്രഭാകറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് .റഫീഖ് അഹമ്മദ് ,കെഎസ് ഉഷ, ധന്യ സുരേഷ് മേനോന്‍ എന്നിവരുടെ വരികൾക്ക് രാഹുൽ രാജ് ഈണം പകർന്നപ്പോൾ ജ്യോതിസ്വരൂപ് പാന്തായാണ് ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തത്. ചിത്രം ഫെബ്രുവരി ഏഴിന് റിലീസ് ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in