'തിരക്കഥ' എന്ന സിനിമയിൽ തനിക്ക് നാഷണൽ അവാർഡ് നഷ്ടപ്പെട്ടത് ഡബ്ബിംഗ് മൂലമാണെന്ന് നടി പ്രിയ മണി. പ്രിയ മണിയെ നായികയാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത് 2008 -ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തിരക്കഥ. ചിത്രത്തിൽ മാളവിക എന്ന അഭിനേത്രിയായാണ് പ്രിയ മണി എത്തിയത്. പ്രണയവും വിരഹവും ഒത്തുചേർത്ത് കഥ പറഞ്ഞ സിനിമയിൽ തനിക്ക് ദേശീയ പുരസ്കാരം ലഭിക്കാതെ പോയത് ഡബ്ബിംഗ് ചെയ്യാതിരുന്നതിനാലാണെന്ന് പറയുകയാണ് ഇപ്പോൾ പ്രിയ മണി. തിരക്കഥ എന്ന സിനിമയ്ക്ക് വേണ്ടി താൻ ഡബ്ബ് ചെയ്തിരുന്നില്ലെന്നും ദേശീയ പുരസ്കാരത്തിലേക്ക് അയക്കുന്നിനായി ഡബ്ബ് ചെയ്ത് അയക്കാനായിരുന്നു തീരുമാനം എന്നും പ്രിയ മണി പറഞ്ഞു. എന്നാൽ എന്തൊക്കെയോ ചില കാരണങ്ങൾ കൊണ്ട് തനിക്ക് ആ സിനിമ ഡബ്ബ് ചെയ്യാൻ സാധിച്ചില്ലെന്നും അതിനാലാണ് ദേശീയ പുരസ്കാരം നഷ്ടപ്പെട്ടതെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രിയ മണി പറഞ്ഞു.
പ്രിയ മണി പറഞ്ഞത്:
'തിരക്കഥ' എന്ന ചിത്രത്തിന് വേണ്ടി ഞാൻ ഡബ്ബിംഗ് ചെയ്തിരുന്നില്ല. അത് കാരണമാണ് എനിക്ക് എന്റെ രണ്ടാമത്തെ ദേശീയ പുരസ്കാരം നഷ്ടപ്പെട്ടത്. എനിക്ക് ഇപ്പോഴും അതോർക്കുമ്പോൾ വിഷമമുണ്ട്. ആ സിനിമയുടെ നിർമാതാവാണ് എന്നോട് ഫോൺ വിളിച്ച് ഈ സിനിമ ദേശീയ പുരസ്കാരത്തിന് അയക്കാൻ പോവുകയാണെന്ന് പറഞ്ഞത്. അപ്പോൾ ഞാൻ പറഞ്ഞിരുന്നു സാർ പുരസ്കാരത്തിനുള്ള ക്രൈറ്റീരിയ ചിലപ്പോൾ വോയിസ് ആയിരിക്കാം, ഞാൻ ഡബ്ബ് ചെയ്തിട്ടില്ലല്ലോ എന്ന്. അത് നമുക്ക് പ്ലാൻ ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഡബ്ബ് ചെയ്ത വേർഷൻ നാഷ്ണൽ അവാർഡിലേക്ക് അയക്കാം എന്നായിരുന്നു തീരുമാനം. പക്ഷേ എന്തൊക്കെയോ കാരണം കൊണ്ട് എനിക്ക് ആ സിനിമയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യാൻ സാധിച്ചില്ല. പിന്നീട് ആ സിനിമയുടെ യഥാർത്ഥ വേർഷൻ ആണ് അവർ മത്സരത്തിലേക്ക് അയച്ചത്. അങ്ങനെ എനിക്ക് ദേശീയ പുരസ്കാരം നഷ്ടമായി.
അഭിനേതാക്കളായ മാളവികയുടെയും അജയചന്ദ്രന്റെയും പ്രണയകഥ പറഞ്ഞ ചിത്രമാണ് തിരക്കഥ. ചിത്രത്തിൽ പ്രിയ മണിയെക്കൂടാതെ അനൂപ് മേനോൻ, പൃഥ്വിരാജ്, സംവൃത സുനിൽ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2008 ലെ മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ചിത്രത്തിന് ലഭിച്ചിരുന്നു.